Bihar Election Results 2025

ETV Bharat / state

സ്വര്‍ണം മോഷ്‌ടിക്കാൻ പൊലീസുകാരൻ്റെ ഭാര്യ തീകൊളുത്തിയ ആശാ വർക്കർ മരിച്ചു

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ലതാകുമാരിയാണ് മരിച്ചത്. പ്രതി നിലവിൽ റിമാൻ്റിലാണ്.

GOLD ROBBERY  PATHANAMTHITTA  PATHANAMTHITTA ROBBERY CASE  സ്വർണം മോഷ്‌ടിച്ചു
Accused Under Police Custody (ETV Bharat)
author img

By ETV Bharat Kerala Team

Published : October 18, 2025 at 2:27 PM IST

2 Min Read
Choose ETV Bharat

പത്തനംതിട്ട: സ്വര്‍ണം മോഷ്‌ടിക്കാൻ വേണ്ടി പൊലീസുകാരൻ്റെ ഭാര്യ തീകൊളുത്തിയ അയൽവാസിയായ ആശാവർക്കർ മരിച്ചു. കീഴ് വായ്‌പൂര് സ്വദേശിനി ലതാകുമാരി (61) ആണ് ചികിത്സയിൽ കഴിയുന്നതിനിടെ മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു ലതാകുമാരി.

സ്വര്‍ണം മോഷണം നടത്താൻ വേണ്ടിയാണ് പൊലീസ് ഉദ്യോഗസ്ഥൻ്റെ ഭാര്യ ലതാകുമാരിയെ തീകൊളുത്തിയത്. മോഷണശ്രമം തടുക്കുന്നതിനിടെയാണ് തനിക്ക് പൊള്ളലേറ്റതെന്ന് ചികിത്സയിലിരിക്കെ ലതാകുമാരി പൊലീസിന് മൊഴി നല്‍കിയിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

സമീപത്തെ ക്വാട്ടേഴ്‌സിൽ താമസിക്കുന്ന പൊലീസുകാരൻ്റെ ഭാര്യ സുമയ്യ വീട്ടില്‍ അതിക്രമിച്ചു കയറുകയായിരുന്നുവെന്നും ചികിത്സയിലിരിക്കെ ലതാകുമാരി പൊലീസിന് മൊഴി നല്‍കി. കെട്ടിയിട്ട ശേഷം സുമയ്യ മാലയും വളയും ഉള്‍പ്പെടെയുള്ള സ്വർണാഭരണങ്ങള്‍ മോഷ്‌ടിക്കുകയായിരുന്നു. ഒക്ടോബര്‍ ഒമ്പതിനായിരുന്നു സംഭവം. സംഭവത്തിൽ പ്രതി സുമയ്യയെ നേരത്തെ അറസ്‌റ്റ് ചെയ്‌തിരുന്നു.

സംഭവം ഇങ്ങനെ

സുമയ്യ നേരത്തെ ലതയോട് ഒരു ലക്ഷം രൂപ കടം ചോദിച്ചിരുന്നു. എന്നാൽ അത്രയും പണം നൽകാൻ കഴിയില്ലെന്ന് അറിയിച്ചതിന് പിന്നാലെ സുമയ്യ സ്വർണം ആവശ്യപ്പെട്ടു. എന്നാൽ സ്വർണം നൽകാൻ ലത തയ്യാറായില്ല. തുടർന്നാണ് വീട്ടിൽ അതിക്രമിച്ചു കയറുകയും മോഷണം നടത്തുകയും ചെയ്‌തത്.

സ്വർണം തരാൻ വിസമ്മതിച്ചതിനെ തുടർന്ന് സുമയ്യ ലതാകുമാരിയുടെ കഴുത്തില്‍ തുണിചുറ്റി കൊല്ലാൻ ശ്രമിക്കുകയും മുഖത്ത് കത്തികൊണ്ട് കുത്തി മുറിവേല്‍പ്പിക്കുകയും ചെയ്‌തു. പിന്നാലെ തീക്കൊളുത്തുകയായിരുന്നു. ഓഹരി ട്രേഡിങ്ങിൽ ഉണ്ടായ നഷ്‌ടം നികത്താന്‍ ആയിരുന്നു മോഷണമെന്ന് സുമയ്യ പൊലീസിന് മൊഴി നല്‍കി.

ജില്ലയിലെ ഒരു പൊലീസ് സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥനായ ഭര്‍ത്താവറിയാതെ നടത്തിയ ഓഹരി ട്രേഡിങ്ങിലൂടെ ലക്ഷങ്ങൾ ബാധ്യത വന്നതായാണ് സൂചന. ആദ്യം തീപ്പിടിത്തമാണെന്നു കരുതിയെങ്കിലും അന്വേഷണത്തിലാണ് കവര്‍ച്ചക്കായി തീകൊളുത്തിയതാണെന്നു കണ്ടെത്തിയത്. നിലവിൽ സുമയ്യ റിമൻഡിലാണ്.

സമാന സംഭവങ്ങൾ

കടബാധ്യത തീർക്കാൻ മോഷണത്തിനിറങ്ങിയ കോഴിക്കോട് സ്വദേശി അഖിലിനെ കഴിഞ്ഞ മാസമാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. മല്ലിശ്ശേരി താഴം മധു എന്നയാളുടെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ച ഇരുപത്തഞ്ച് പവൻ സ്വർണം കവർച്ച ചെയ്‌ത കേസിലാണ് ഇയാൾ പിടിയിലാവുന്നത്. സ്പെഷ്യൽ സ്ക്വാഡും ചേവായൂർ പൊലീസും ചേർന്ന് നടത്തിയ ഊർജ്ജിത അന്വേഷണത്തിനിടയിലാണ് അഖിൽ പിടിയിലായത്.

കാസർകോട് ചന്തേര മാണിയാട്ട് നടന്ന മോഷണവും ചർച്ചാവിഷയമായിരുന്നു. വീടിൻ്റെ വാതിൽ തകർത്ത് അകത്തുകയറിയ കള്ളന്‍ 22 പവൻ സ്വർണാഭരണങ്ങൾ കവർന്നു. എന്നാൽ ആഭരണങ്ങൾക്കിടയിൽ ഉണ്ടായ മുക്കു പണ്ടം മാറ്റിവയ്‌ക്കുകയും ബാക്കി സ്വർണം മോഷ്‌ടിച്ച് കള്ളൻ കടന്നു കളയുകയും ചെയ്‌തു.

Also Read: കഴക്കൂട്ടത്തെ ബലാത്സംഗം: അന്വേഷണം സിസിടിവി കേന്ദ്രീകരിച്ച്, പ്രശ്‌നക്കാർ പുറത്തുനിന്ന്‌ വരുന്നവരെന്ന് മുൻ കൗൺസിലർ