പൂരത്തിൻ്റെ നാട്ടിൽനിന്ന് "മിനി ഇന്ത്യയിലേക്ക്"; കാസർകോടിൻ്റെ സാരഥിയായി അർജുൻ പാണ്ഡ്യൻ
മികച്ച ജില്ലാ കലക്ടർക്കുള്ള പുരസ്കാരം നേടി. അർജുൻ പാണ്ഡ്യൻ ഐഎഎസ് കാസർകോട് ജില്ലയുടെ ഇരുപത്തിയാറാമത് കലക്ടറായി ചുമതലയേറ്റു. തൃശൂരിലെ മികച്ച സേവനത്തിന് ശേഷമാണ് അദ്ദേഹം വികസന പ്രതീക്ഷകളുമായി വടക്കൻ കേരളത്തിലെത്തുന്നത്

Published : March 3, 2026 at 2:53 PM IST
കാസർകോട്: വൈവിധ്യമാർന്ന ഭാഷകളും സംസ്കാരങ്ങളും ഒത്തുചേരുന്ന ‘മിനി ഇന്ത്യ’യായ കാസർകോട് ജില്ലയുടെ ഇരുപത്തിയാറാമത് കലക്ടറായി അർജുൻ പാണ്ഡ്യൻ ഐഎഎസ് ചുമതലയേറ്റു. രാവിലെ 10 മണിക്ക് സിവിൽ സ്റ്റേഷനിലെത്തിയ അദ്ദേഹം മുൻ കലക്ടർ കെ ഇമ്പശേഖറിൽ നിന്നാണ് ഔദ്യോഗികമായി ചുമതല സ്വീകരിച്ചത്.
തൃശൂർ ജില്ലാ കലക്ടറെന്ന നിലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച്, സംസ്ഥാനത്തെ മികച്ച കലക്ടർക്കുള്ള പുരസ്കാരവും സ്വന്തമാക്കിയ ശേഷമാണ് അദ്ദേഹം വടക്കൻ കേരളത്തിൻ്റെ വികസന ചുമതലകളിലേക്ക് എത്തുന്നത്.
വളരെ സന്തോഷത്തോടെയും ഒരുപാട് പ്രതീക്ഷകളുടെയുമാണ് കാസർകോട് ജില്ലാ കലക്ടറായി ചുമതലയേൽക്കുന്നതെന്ന് അർജുൻ പാണ്ഡ്യൻ പറഞ്ഞു. പ്രവർത്തനത്തിന് ഒരുപാട് സാധ്യതകളുള്ള ജില്ലയാണ് കാസർകോട്. ഇലക്ഷൻ മികച്ച രീതിയിൽ നടത്താനുള്ള പരിശ്രമം ആരംഭിക്കും. ജില്ലയിലെ എല്ലാ ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും ജനങ്ങളെയും കേട്ടുകൊണ്ടും കാര്യങ്ങൾ മനസ്സിലാക്കിക്കൊണ്ടും വികസന പ്രവർത്തനങ്ങൾക്ക് എല്ലാവരെയും ചേർത്തുകൊണ്ടും മുന്നോട്ടുപോകുമെന്ന് കലക്ടർ പറഞ്ഞു. തൃശൂരിലെ ജനങ്ങളുടെ സ്നേഹവും സഹകരണവും കൂടുതൽ ആത്മവിശ്വാസം പകർന്നിട്ടുണ്ട്. തൃശൂരിലെ അനുഭവം കൂടുതൽ ഊർജം പകരുന്നതാണെന്നും കലക്ടർ പറഞ്ഞു.
വിവിധ തസ്തികകളിലായി എട്ടാമത്തെ ജില്ലയിലാണ് പ്രവൃത്തിക്കുന്നത്. ഏതു ജില്ലയിൽ പ്രവർത്തിക്കുമ്പോഴും അത് സ്വന്തം ജില്ലയായി കണ്ടുകൊണ്ട് പ്രവർത്തിക്കാൻ ആത്മാർഥമായി പരിശ്രമിച്ചിട്ടുണ്ട്. കാസർകോട് ജില്ലയിലെ എല്ലാവരുടേയും സഹകരണം ജില്ലാ കലക്ടർ അഭ്യർഥിച്ചു.

ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസർ, ലേബര്‍ കമ്മിഷണർ പദവികൾ അർജുൻ പാണ്ഡ്യൻ വഹിച്ചിട്ടുണ്ട്. 2017 ബാച്ച് കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ അര്‍ജുന്‍ കണ്ണൂര്‍ അസി. കലക്ടര്‍, ഒറ്റപ്പാലം, മാനന്തവാടി സബ് കലക്ടര്‍, അട്ടപ്പാടി നോഡല്‍ ഓഫീസര്‍, ഇടുക്കി ഡവലപ്‌മെൻ്റ് കമ്മീഷണര്‍, അഡിഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ശബരിമല, റവന്യൂ വകുപ്പ് ജോയിൻ്റ് കമ്മിഷണര്‍, സംസ്ഥാന ലാന്‍ഡ്ബോര്‍ഡ് സെക്രട്ടറി, സാമൂഹിക സന്നദ്ധ സേന ഡയറക്ടര്‍, ഹൗസിങ് ബോര്‍ഡ് സെക്രട്ടറി, പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.
2024 ജൂലൈയിൽ തൃശൂരിൻ്റെ ചുമതലയേറ്റെടുത്ത അദ്ദേഹം മികച്ച കലക്ടർക്കുള്ള സംസ്ഥാന വനിതാ–ശിശു വികസന വകുപ്പിൻ്റെയും റവന്യു വകുപ്പിൻ്റെയും പുരസ്കാരങ്ങൾ നേടിയാണ് കാസർകോട്ടേക്കു സ്ഥലം മാറുന്നത്. കഴിഞ്ഞ വർഷം സംസ്ഥാനത്തെ മികച്ച കലക്ടറേറ്റിനുള്ള പുരസ്കാരവും തൃശൂർ നേടിയിരുന്നു. ഈ നേട്ടങ്ങൾക്കെല്ലാം പിന്നിൽ അദ്ദേഹത്തിന്റെ ആത്മസമർപ്പണത്തിൻ്റെ പുഞ്ചിരിയുണ്ട്.
നല്ലൊരു ദീർഘദൂര ഓട്ടക്കാരൻ കൂടിയാണ് അർജുൻ പാണ്ഡ്യൻ. തൃശൂരിൽ നടന്ന വിവിധ മാരത്തണുകളിൽ മികച്ച സമയത്തോടെയാണ് അദ്ദേഹം ഫിനിഷ് ചെയ്തത്. പാലപ്പിള്ളിയിൽ നടന്ന 12 കിലോമീറ്റർ മാരത്തണിൽ ഏഴാം ക്ലാസ് വിദ്യാർഥി സൽമാനോടൊപ്പം ഓടിയത് കായികക്ഷമതയെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കാൻകൂടി വേണ്ടിയായിരുന്നു. പർവതാരോഹകൻ കൂടിയായ അദ്ദേഹം സൈക്കിൾ റേസുകളിലും പങ്കാളിയായി. കലക്ടറുടെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടം നടപ്പാക്കിയ വിവിധ പദ്ധതികളായ കൂടെ, മീറ്റ് ദ് കലക്ടർ, കനവ്, ഐ ആം യുവർ സാൻ്റാ, ഗെറ്റ് സെറ്റ് തൃശൂർ, ഗെറ്റ് സെറ്റ് സിവിൽ സ്റ്റേഷൻ, എക്സ്പ്ലോർ തൃശൂർ, സ്വിം ഫോർ ലൈഫ്, സ്മാർട്ട് അങ്കണവാടി, വാ വായിക്കാം, പേരൻ്റ് അപ്പ്, തിരികെ തുടങ്ങിയവ ശ്രദ്ധേയമായി.
കിളിമഞ്ജാരോ കീഴടക്കി
കിളിമഞ്ജാരോ എന്ന ഒറ്റയാന്‍ പര്‍വതത്തിൻ്റെ നെറുകയില്‍നിന്ന് ഇന്ത്യന്‍ പതാക നെഞ്ചോടുചേര്‍ത്തുപിടിച്ചത് അര്‍ജുന്‍ പാണ്ഡ്യന്‍ എന്ന കേരള കേഡര്‍ ഉദ്യോഗസ്ഥനാണ്. ഹിമാലയന്‍ പര്‍വതാരോഹണ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നുള്ള അടിസ്ഥാന പര്‍വതാരോഹണ കോഴ്‌സും ഉത്തരകാശിയിലെ നെഹ്റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനിയറിങ്ങില്‍നിന്ന് അഡ്വാന്‍സ്ഡ് കോഴ്‌സും അര്‍ജുന്‍ പാണ്ഡ്യന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
കൊല്ലം ടികെഎം എഞ്ചിനീയറിങ് കോളജില്‍ നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീയറിങില്‍ ബിടെക് ബിരുദം കരസ്ഥമാക്കിയ ഇദ്ദേഹം ഇടുക്കി ഏലപ്പാറ സ്വദേശിയാണ്. പാണ്ഡ്യന്‍, ഉഷാകുമാരി ദമ്പതികളുടെ മകനാണ്. ഡോ. അനുവാണ് ഭാര്യ.
Also Read: ധനകാര്യ സ്ഥാപനത്തിൽനിന്ന് പണം കൈപ്പറ്റിയതായുള്ള ആരോപണം: ഉദയഭാനുവിനെതിരെ നിയമനടപടിക്ക് ആൻ്റോ ആൻ്റണി

