പാരമ്പര്യത്തിൻ്റെയും ഭക്തിയുടെയും പ്രതീകമായി ആറന്മുള ജലോത്സവം: ഉദ്ഘാടനം ചെയ്‌ത് ഉപരാഷ്ട്രപതി
സത്രക്കടവിൽ വള്ളംകളി ഉദ്ഘാടനം ചെയ്‌ത് സംസാരിക്കവേ, പാരമ്പര്യവും ആധുനികതയും പരസ്‌പരവിരുദ്ധമല്ലെന്നും സംസ്‌കാരം നമ്മെ എപ്പോഴും ഒന്നിപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Published : August 30, 2026 at 8:34 PM IST
പത്തനംതിട്ട: ആറന്മുള ഉത്രട്ടാതി ജലോത്സവം കേരളത്തിൻ്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിൻ്റെയും ഭക്തിയുടെയും കാലാതീതമായ പാരമ്പര്യത്തിൻ്റെയും പ്രതീകമാണെന്ന് ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ. ആറന്മുള സത്രക്കടവിൽ വന്ദേമാതരം ആലപിച്ചുകൊണ്ട് ജലോത്സവത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്, ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ, ആൻ്റോ ആൻ്റണി എം.പി, അബിൻ വർക്കി എം.എൽ.എ തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. രാവിലെ ജില്ലാ കളക്ടർ എ. നിസാമുദ്ദീൻ പതാക ഉയർത്തിയതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്.

കേരളത്തിൻ്റെ നാമം ഔദ്യോഗികമായി 'കേരളം' എന്നാക്കി മാറ്റുന്നതിനുള്ള ബിൽ രാജ്യസഭയിൽ പാസാക്കിയ ചരിത്രപ്രധാനമായ സെഷനിൽ അധ്യക്ഷനാകാൻ കഴിഞ്ഞതിലുള്ള സന്തോഷവും ഉപരാഷ്ട്രപതി തൻ്റെ പ്രസംഗത്തിൽ പങ്കുവെച്ചു.
പാരമ്പര്യവും ആധുനികതയും കൈകോർക്കണം

ഭൗമസൂചികാ പദവി ലഭിച്ച പ്രശസ്‌തമായ ആറന്മുള കണ്ണാടിയുടെയും 1,800 വർഷത്തോളം പഴക്കമുള്ള പാർത്ഥസാരഥി ക്ഷേത്രത്തിൻ്റെയും പ്രാധാന്യം ഉപരാഷ്ട്രപതി എടുത്തുപറഞ്ഞു. നൂറിലധികം തുഴച്ചിലുകാർ ഒരേ താളത്തിൽ തുഴയുന്ന അലങ്കരിച്ച പള്ളിയോടങ്ങൾ കായികക്ഷമതയുടെയും കരകൗശല മികവിൻ്റെയും പാരമ്യമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ആവർത്തിച്ച് പറയുന്ന 'വികാസ് ഭി, വിരാസത് ഭി' (വികസനവും പാരമ്പര്യവും) എന്ന സന്ദേശം ഓർമ്മിപ്പിച്ചുകൊണ്ട്, പാരമ്പര്യവും ആധുനികതയും പരസ്‌പരവിരുദ്ധമല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രവാസി മലയാളികൾ പോലും ഈ പാരമ്പര്യം കാത്തുസൂക്ഷിക്കാൻ നാടണയുന്നത് നമ്മുടെ സംസ്‌കാരത്തിൻ്റെ മഹിമയാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്‌കാരം മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃക
കേരളത്തിൻ്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം മറ്റ് സംസ്ഥാനങ്ങൾ മാതൃകയാക്കേണ്ടതാണെന്ന് ചടങ്ങിൽ സംസാരിച്ച ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ വ്യക്തമാക്കി. ആറന്മുള വള്ളംകളിയെ വിനോദസഞ്ചാര മേഖലയിൽ ഉൾപ്പെടുത്തി ആഗോളതലത്തിൽ കൂടുതൽ വിപുലീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആറന്മുള ജലോത്സവത്തിൻ്റെ വിജയകരമായ നടത്തിപ്പിനായി പൊലീസും ഫയർഫോഴ്‌സും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കി സർക്കാർ പരിപൂർണ പിന്തുണ നൽകിയതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. 52 കരകളിൽ നിന്നുള്ള പള്ളിയോടങ്ങളിൽ ഏറ്റവും ദൂരത്തുള്ള ചെന്നിത്തല പള്ളിയോടം ഉൾപ്പെടെ ഭഗവാന് മുന്നിലെത്തുന്നത് ആഘോഷത്തിൻ്റെ മാറ്റ് കൂട്ടുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പമ്പാനദിയിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങളും ചെളിയും നീക്കം ചെയ്‌തും ജലനിരപ്പ് കൃത്യമായി നിലനിർത്തിയും പള്ളിയോടങ്ങൾക്ക് സുഗമമായി സഞ്ചരിക്കാൻ എല്ലാ ക്രമീകരണങ്ങളും സമയബന്ധിതമായി ഒരുക്കിയതായി ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് വ്യക്തമാക്കി. പള്ളിയോട സേവാസംഘം പ്രസിഡൻ്റ് കെ. വി. സാംബദേവൻ ചടങ്ങിൽ സ്വാഗതം ആശംസിച്ചു.
51 പള്ളിയോടങ്ങളുടെ വാശിയേറിയ മത്സരം
പാർഥസാരഥി ക്ഷേത്രത്തിലെ പ്രതിഷ്‌ഠാദിനം കൂടിയായ ഇന്ന് പമ്പയുടെ ഇരുകരകളിലും ആയിരക്കണക്കിന് ജനങ്ങളാണ് ആർപ്പുവിളികളുമായി ഒഴുകിയെത്തിയത്. 51 പള്ളിയോടങ്ങളാണ് ഇത്തവണ മത്സരത്തിൽ പങ്കെടുത്തത്. എ ബാച്ചിൽ 35 പള്ളിയോടങ്ങളും ബി ബാച്ചിൽ 16 പള്ളിയോടങ്ങളുമാണുള്ളത്. ആദ്യം ബി ബാച്ച് മത്സരങ്ങളാണ് നടന്നത്.
നെഹ്‌റു ട്രോഫി വള്ളംകളിയുടെ മാതൃകയിൽ ക്രമീകരിച്ച മത്സരത്തിൽ, ഹീറ്റ്സിൽ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ഫിനിഷ് ചെയ്യുന്ന നാല് ടീമുകളാണ് ഫൈനലിൽ മാറ്റുരയ്ക്കുന്നത്. എ, ബി ബാച്ചുകളിലെ വിജയികൾക്ക് മന്നം ട്രോഫിയും, മികച്ച രീതിയിൽ പാടിത്തുഴയുന്ന ടീമിന് ആർ. ശങ്കർ മെമ്മോറിയൽ ട്രോഫിയും സമ്മാനിക്കും. ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം ഉപരാഷ്ട്രപതിക്ക് കോന്നി പ്രമാടം ഹെലിപാഡിൽ വെച്ച് യാത്രയയപ്പ് നൽകി.
പമ്പാനദിയുടെ ഓളപ്പരപ്പിൽ ഭക്തിയും കായികക്ഷമതയും ഒത്തുചേർന്ന 2026-ലെ ആറന്മുള ഉത്രട്ടാതി ജലോത്സവം വിളംബരം ചെയ്‌തത് മലയാളികളുടെ കൂട്ടായ്‌മയുടെയും പാരമ്പര്യ മഹിമയുടെയും സന്ദേശമാണ്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള കലാരൂപങ്ങളെയും ആചാരങ്ങളെയും വരുംതലമുറയ്ക്കായി കാത്തുസൂക്ഷിക്കേണ്ടതിൻ്റെ ആവശ്യകത എടുത്തുപറഞ്ഞ ഈ ജലമേള, വിനോദസഞ്ചാര സാംസ്‌കാരിക മേഖലകളിൽ കേരളത്തിൻ്റെ പെരുമ ലോകമെമ്പാടും വാനോളമുയർത്താൻ വീണ്ടും വഴിതെളിച്ചു.

