ആറളം ഫാമിൽ വീണ്ടും കാട്ടാന ആക്രമണം; യുവാവിനെ ചവിട്ടിക്കൊന്നു
ആക്രമണത്തിന് പിന്നാലെ അനീഷിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Published : February 27, 2026 at 10:05 AM IST
കണ്ണൂർ: ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് യുവാവിന് ദാരുണാന്ത്യം. നിരവധി ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിച്ച പത്താം ബ്ലോക്കിലാണ് കാട്ടാന ആക്രമണമുണ്ടായത്. ആറളം സ്വദേശി അനീഷാണ് മരിച്ചത്. ഇന്ന് പുലർച്ചെ വീടിന് പുറത്തേക്കിറങ്ങിയ അനീഷിനെ കാട്ടാന ആക്രമിക്കുകയായിരുന്നു.
അനീഷിന്‍റെ നെഞ്ചിലടക്കം മാരകമായി പരിക്കേറ്റിരുന്നു. ആക്രമണത്തിന് പിന്നാലെ അനീഷിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആദ്യം പേരാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്‌ധ ചികിത്സയ്ക്കായി മെഡിക്കൽ കോളജിലേക്ക് മാറ്റാൻ നിർദേശിച്ചു. എന്നാൽ പരിയാരത്തേക്ക് കൊണ്ടുപോകുന്നതിനിടെ അനീഷ് മരണപ്പെടുകയായിരുന്നു. മൃതദേഹം നിലവിൽ പരിയാരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

