ആൻ്റണി രാജു കുറ്റക്കാരൻ: 3 വർഷം തടവ്, ഉടൻ ജാമ്യം; എംഎൽഎ സ്ഥാനം തെറിക്കും
കോടതി രണ്ട് വർഷത്തിൽ കൂടുതൽ തടവുശിക്ഷ വിധിച്ച സാഹചര്യത്തിൽ ആൻ്റണി രാജുവിന് എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാകേണ്ടി വരും.

Published : January 3, 2026 at 5:10 PM IST
തിരുവനന്തപുരം: തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയെന്ന കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ ആൻ്റണി രാജുവിനും കൂട്ടുപ്രതി കെഎസ് ജോസിനും മൂന്ന് വർഷം തടവുശിക്ഷ വിധിച്ച് നെടുമങ്ങാട് കോടതി. ഗൂഢാലോചന, തെളിവു നശിപ്പിക്കൽ തുടങ്ങി ആറു വകുപ്പുകളിൽ പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയാണ് നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി (ഒന്ന്) നിർണായക വിധി പ്രസ്താവിച്ചത്. കേസെടുത്ത് മൂന്നു പതിറ്റാണ്ടിനു ശേഷമാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്.
നാലു വകുപ്പുകൾ പ്രകാരമാണ് രണ്ടാം പ്രതിയായ ആൻ്റണി രാജുവിന് ശിക്ഷ വിധിച്ചത്. ഐപിസി 201 പ്രകാരം മൂന്ന് വർഷവും ഗൂഢാലോചനയ്ക്ക് ആറ് മാസവും ഐപിസി 465 പ്രകാരം രണ്ടു വർഷവും ഐപിസി 409 പ്രകാരം ഒരു വർഷവുമാണ് ശിക്ഷ. ശിക്ഷാ കാലാവധി ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ ഏറ്റവും കൂടിയ കാലയളവായ മൂന്നു വർഷം തടവ് അനുഭവിച്ചാൽ മതിയാകും.
വിധി വന്നതിന് പിന്നാലെ പ്രതികൾ കോടതിയിൽ ജാമ്യാപേക്ഷ നൽകുകയും കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. മൂന്നു വർഷം വരെയുള്ള ശിക്ഷയായതിനാൽ വിചാരണ കോടതിക്ക് തന്നെ ജാമ്യം നൽകാൻ സാധിക്കും എന്നതിനാലാണിത്. ഇതോടെ ആൻ്റണി രാജുവിന് നിലവിൽ ജയിലിൽ പോകേണ്ടി വരില്ല.
കോടതി രണ്ട് വർഷത്തിൽ കൂടുതൽ തടവുശിക്ഷ വിധിച്ച സാഹചര്യത്തിൽ ആൻ്റണി രാജുവിന് എംഎൽഎ സ്ഥാനം നഷ്ടമാവുകയും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് അയോഗ്യനാകേണ്ടി വരികയും ചെയ്യും. കേസിൽ ഒന്നാം പ്രതിയായ കെഎസ് ജോസും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.
ശിക്ഷാവിധി തിരുവനന്തപുരം സിജെഎം കോടതിയിലേക്ക് കൈമാറണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടെങ്കിലും കോടതി അത് പരിഗണിച്ചില്ല. മജിസ്ട്രേറ്റ് കോടതിക്ക് നൽകാവുന്ന പരമാവധി ശിക്ഷ മൂന്ന് വർഷം വരെ മാത്രമായതിനാലും 409-ാം വകുപ്പ് പ്രകാരം പത്ത് വർഷം വരെ ശിക്ഷ ലഭിക്കാവുന്നതിനാലുമാണ് പ്രോസിക്യൂഷൻ ഈ ആവശ്യം ഉന്നയിച്ചത്. എന്നാൽ മജിസ്ട്രേറ്റ് കോടതി തന്നെ ശിക്ഷ വിധിക്കുകയായിരുന്നു.
തെളിയിക്കപ്പെട്ട കുറ്റങ്ങളും വകുപ്പുകളും
ആൻ്റണി രാജുവിനും കൂട്ടുപ്രതിക്കുമെതിരെ ഗുരുതരമായ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് കോടതിയിൽ തെളിഞ്ഞത്. ഐപിസി 409, 34 എന്നീ വകുപ്പുകളാണ് ഇതിൽ പ്രധാനം. അടിവസ്ത്രം വെട്ടിത്തയ്ച്ച് തൊണ്ടിമുതലിൽ മാറ്റം വരുത്തിയെന്ന അതീവ ഗുരുതരമായ കുറ്റകൃത്യത്തിൽ ഐപിസി 217, 193, 420, 120 ബി, 201, 409, 34 തുടങ്ങിയ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ തെളിഞ്ഞിട്ടുണ്ട്. എന്നാൽ ഐപിസി 420, 317, 468 വകുപ്പുകൾ കോടതി ഒഴിവാക്കിയിരുന്നു.
ലഹരിമരുന്ന് കേസിലെ പ്രതിയെ രക്ഷിക്കാൻ ആൻ്റണി രാജുവും കോടതി ജീവനക്കാരനായ കൂട്ടുപ്രതി കെഎസ് ജോസും ചേർന്ന് ഗൂഢാലോചന നടത്തിയെന്ന കുറ്റത്തിന് ഐപിസി 120 (ബി) പ്രകാരവും, കുറ്റകൃത്യം നടന്നുവെന്ന് അറിഞ്ഞുകൊണ്ട് പ്രതിയെ രക്ഷിക്കാനായി തൊണ്ടിമുതലായ അടിവസ്ത്രം വെട്ടിചുരുക്കി രൂപമാറ്റം വരുത്തി തെളിവ് നശിപ്പിച്ചതിന് ഐപിസി 201 പ്രകാരവും കുറ്റം തെളിഞ്ഞു. കോടതിയുടെ കസ്റ്റഡിയിലിരുന്ന തൊണ്ടിമുതലിൽ കൃത്രിമം കാണിച്ച് വ്യാജ തെളിവായി അവതരിപ്പിക്കാൻ ശ്രമിച്ചതിന് ഐപിസി 193 പ്രകാരമുള്ള കുറ്റവും സ്ഥിരീകരിച്ചു.
ഒരാളെ ശിക്ഷയിൽ നിന്ന് രക്ഷിക്കാനായി പൊതു ഉദ്യോഗസ്ഥൻ അറിഞ്ഞുകൊണ്ട് നിയമം ലംഘിച്ചു എന്ന കുറ്റമാണ് ഐപിസി 217. അന്ന് കോടതി ക്ലാർക്ക് ആയിരുന്ന കൂട്ടുപ്രതി, ആൻ്റണി രാജുവിൻ്റെ നിർദേശപ്രകാരം തൊണ്ടിമുതൽ പുറത്തു നൽകുകയും കൃത്രിമം കാണിക്കാൻ സഹായിക്കുകയും ചെയ്തു എന്നതാണ് കേസ്. കോടതിയെയും നീതിന്യായ വ്യവസ്ഥയെയും തെറ്റിദ്ധരിപ്പിച്ച് പ്രതിയെ രക്ഷപ്പെടുത്തിയതിലൂടെ പ്രതികൾ വഞ്ചന നടത്തിയെന്ന് വ്യക്തമായതിനാൽ ഐപിസി 420 പ്രകാരമുള്ള കുറ്റവും നിലനിൽക്കും.
പൊതു ഉദ്യോഗസ്ഥൻ ഔദ്യോഗിക കൃത്യനിർവഹണത്തിൻ്റെ ഭാഗമായി ഏൽപ്പിച്ച വസ്തുക്കളിലോ അധികാരത്തിലോ കൃത്രിമം കാണിക്കുന്ന അതീവ ഗൗരവമുള്ള കുറ്റമാണ് ഐപിസി 409. കോടതിയിലെ തൊണ്ടിമുതൽ സൂക്ഷിക്കാൻ ഉത്തരവാദിത്തപ്പെട്ട ക്ലാർക്ക് അത് ദുരുപയോഗം ചെയ്തതിനാലാണ് ഈ വകുപ്പ് ചുമത്തിയത്. മാധ്യമ പ്രവർത്തകൻ അനിൽ ഇമ്മാനുവൽ കോടതിയിൽ ഹർജി നൽകിയതിനെ തുടർന്നാണ് ഈ വകുപ്പ് ചേർത്തത്. ഒരു കുറ്റകൃത്യം ചെയ്യാൻ ഒന്നിലധികം ആളുകൾക്ക് ഒരേ ഉദ്ദേശ്യമുണ്ടെങ്കിൽ പങ്കെടുത്ത എല്ലാവരും ഒരുപോലെ ഉത്തരവാദികളാണെന്ന ഐപിസി 34 വകുപ്പും പ്രതികൾക്ക് ബാധകമാണ്.
കേസിൻ്റെ നാൾവഴികൾ
1990 ഏപ്രിൽ നാലിന് തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് ലഹരിമരുന്നുമായി പിടിയിലായ വിദേശിയെ രക്ഷിക്കാൻ തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയെന്നതാണ് കേസിന് ആസ്പദമായ സംഭവം. അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ 61 ഗ്രാം ഹാഷിഷ് ഓയിലുമായി ഓസ്ട്രേലിയൻ പൗരനായ ആൻഡ്രൂ സാൽവദൂർ സർവലി ആണ് അന്ന് പിടിയിലായത്. ഈ കേസിൽ തിരുവനന്തപുരം സെഷൻസ് കോടതി പ്രതിയെ പത്ത് വർഷം കഠിനതടവിന് ശിക്ഷിച്ചിരുന്നു. അന്ന് പ്രതിഭാഗം അഭിഭാഷകയായിരുന്ന സെലിൻ വിൽഫ്രഡിൻ്റെ ജൂനിയർ അഭിഭാഷകനായിരുന്നു ആൻ്റണി രാജു.
പ്രതി ജയിലിലായി നാല് മാസം പിന്നിട്ടപ്പോൾ പോൾ എന്ന പേരിൽ ഒരു ബന്ധു കോടതിയിലെത്തി കേസിന് ആവശ്യമില്ലാത്ത സ്വകാര്യവസ്തുക്കൾ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകി. തുടർന്ന് കോടതി ജീവനക്കാരനായ ജോസിൻ്റെ സഹായത്തോടെ തൊണ്ടിമുതലായ അടിവസ്ത്രം പുറത്തെത്തിച്ചു. ഇത് വെട്ടിത്തയ്ച്ച് ചെറുതാക്കി പ്രതിക്ക് പാകമാകാത്ത രീതിയിലാക്കി മാറ്റിയ ശേഷം തിരികെ വയ്ക്കുകയായിരുന്നു. തുടർന്ന് ഹൈക്കോടതിയിൽ അപ്പീൽ നൽകിയ പ്രതി, തൊണ്ടിമുതലായ അടിവസ്ത്രം തൻ്റേതല്ലെന്ന വാദം ഉയർത്തി. ഇത് പ്രതിക്ക് പാകമാകില്ലെന്ന് ബോധ്യപ്പെട്ടതോടെ കോടതി ഇയാളെ വെറുതെവിട്ടു.
കുറ്റവിമുക്തനായ സർവലി ഓസ്ട്രേലിയയിലേക്ക് മടങ്ങുകയും ചെയ്തു. എന്നാൽ പിന്നീട് മറ്റൊരു കേസിൽ സർവലി പിടിയിലായതോടെയാണ് സത്യം പുറത്തുവന്നത്. കോടതി ജീവനക്കാരന് പണം നൽകി അടിവസ്ത്രം വെട്ടി ചെറുതാക്കിയാണ് താൻ രക്ഷപ്പെട്ടതെന്ന് ഇയാൾ സഹതടവുകാരനോട് വെളിപ്പെടുത്തി. ഈ വിവരം ഇൻ്റർപോൾ വഴി സിബിഐയെയും തുടർന്ന് കേരള പൊലീസിനെയും അറിയിക്കുകയായിരുന്നു. 1994ലാണ് വഞ്ചിയൂർ പൊലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തത്.
നീണ്ട നിയമപോരാട്ടം
2005ൽ ഉത്തരമേഖലാ ഐജിയായിരുന്ന ടിപി സെൻകുമാറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. 2006 ഫെബ്രുവരി 13ന് ജോസ് ഒന്നാംപ്രതിയും ആൻ്റണി രാജു രണ്ടാം പ്രതിയുമായി കുറ്റപത്രം നൽകി. കുറ്റപത്രം നൽകിയ ശേഷം 16 വർഷത്തോളം കേസ് വിചാരണയില്ലാതെ നീണ്ടുപോയി. പ്രതികൾ ഹാജരാകാതെ ഒളിച്ചുകളിച്ചതാണ് ഇതിന് കാരണമെന്ന് 2022ൽ വാർത്തകൾ പുറത്തുവന്നതോടെയാണ് കേസിന് വീണ്ടും ജീവൻ വച്ചത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആൻ്റണി രാജു സുപ്രീംകോടതി വരെ സമീപിച്ചിരുന്നെങ്കിലും ഒരു വർഷത്തിനകം വിചാരണ പൂർത്തിയാക്കാൻ കോടതി നിർദേശം നൽകുകയായിരുന്നു.
തൊണ്ടി രജിസ്റ്ററിൽ ആൻ്റണി രാജു എഴുതി ഒപ്പിട്ട രേഖയാണ് കേസിലെ നിർണായക തെളിവായി മാറിയത്. ഫോറൻസിക് പരിശോധനയിൽ ഈ ഒപ്പ് ആൻ്റണി രാജുവിൻ്റേതാണെന്ന് തെളിഞ്ഞിരുന്നു. കൂടാതെ അടിവസ്ത്രത്തിൽ തുന്നിച്ചേർത്ത നൂലുകളുടെ നിറവ്യത്യാസവും ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തി. കേസിൽ ആകെയുണ്ടായിരുന്ന 29 സാക്ഷികളിൽ 19 പേരെ വിസ്തരിച്ചു. സാക്ഷിപട്ടികയിലുണ്ടായിരുന്ന എട്ടുപേരെ മരണവും രോഗവും മൂലവും രണ്ട് പേരെ പ്രോസിക്യൂഷനും ഒഴിവാക്കിയിരുന്നു.
നിരപരാധിയെന്ന് ആൻ്റണി രാജു
അതേസമയം, കോടതിയിൽ വിധി പ്രസ്താവം കേൾക്കാൻ ഹാജരായപ്പോൾ മാധ്യമങ്ങളോട് പ്രതികരിക്കവേ താൻ നിരപരാധിയാണെന്ന വാദമാണ് ആൻ്റണി രാജു ഉയർത്തിയത്. 2002ൽ എകെ ആൻ്റണി മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിൽ മൂന്ന് ഡിവൈഎസ്പിമാർ, രണ്ട് സർക്കിൾ ഇൻസ്പെക്ടർമാർ, രണ്ട് സബ് ഇൻസ്പെക്ടർമാർ എന്നിവരടങ്ങുന്ന പ്രത്യേക സംഘം കേസ് അന്വേഷിച്ചിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ആ അന്വേഷണത്തിനൊടുവിൽ താൻ പൂർണമായും നിരപരാധിയാണെന്ന് കാണിച്ച് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നതായും അദ്ദേഹം അവകാശപ്പെട്ടു.
2006ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2005ൽ യാതൊരുവിധ പുതിയ തെളിവുകളുമില്ലാതെ കേസിൽ പുനരന്വേഷണം പ്രഖ്യാപിക്കുകയായിരുന്നുവെന്നും വെറും മൂന്ന് മാസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. നിയമപരമായ എല്ലാ നടപടികളോടും സഹകരിച്ചിട്ടുണ്ടെന്നും കോടതിയിൽ തൻ്റെ ഭാഗം വ്യക്തമായി ബോധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കോടതിയുടെ ഏത് തീരുമാനവും അംഗീകരിക്കാൻ തയാറാണെന്ന് അറിയിച്ച അദ്ദേഹം, നിരപരാധികൾ പോലും ചില സാഹചര്യങ്ങളിൽ ശിക്ഷിക്കപ്പെടാറുണ്ടെന്നും അതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇതെന്നും പ്രതികരിച്ചു. കേസിലെ വിധി നേരിടാൻ തയാറാണെന്നും അദ്ദേഹം അറിയിച്ചു.
Also Read:- കള്ളന്മാർക്കും വേണ്ടാത്ത അവസ്ഥ! ഒരു കിലോയ്ക്ക് 16 രൂപ; നേന്ത്രവാഴ കർഷകർ കടുത്ത പ്രതിസന്ധിയിൽ

