ETV Bharat / state

ആന്‍റണി രാജുവിന് എംഎല്‍എ സ്ഥാനം നഷ്‌ടമായി; ഇനി മടങ്ങിയെത്താന്‍ വിധി സ്‌റ്റേ ചെയ്യണം, വിധി ആയുധമാക്കി പ്രതിപക്ഷം

ജില്ലാ കോടതി ശിക്ഷ സ്‌റ്റേ ചെയ്‌താല്‍ ആന്‍റണി രാജുവിന് എംഎല്‍എ ആയി തിരികെയെത്താം.

MLA ANTONY RAJU  EVIDENCE TAMPERING CASE  ANTONY RAJU COURT VERDICT  ANTONY RAJU EVIDENCE TAMPERING CASE
Antony Raju (ETV Bharat)
author img

By ETV Bharat Kerala Team

Published : January 3, 2026 at 8:04 PM IST

2 Min Read
Choose ETV Bharat

തിരുവനന്തപുരം: മൂന്നാം തുടര്‍ സര്‍ക്കാരിന് വേണ്ടി അണിയറയില്‍ ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുന്നതിനിടെ കോടതിയില്‍ നിന്ന് ആന്‍റണി രാജുവിനേറ്റ തിരിച്ചടി എല്‍ഡിഎഫിന് വലിയ നാണക്കേടായി. അതിലുപരി വിധി പുറത്ത് വന്നത് മുതല്‍ ആന്‍റണി രാജുവിന്‍റെ എംഎല്‍എ സ്ഥാനവും നഷ്‌ടമായി. 1951ലെ ജനപ്രാതിനിധ്യ നിയമ പ്രകാരമാണ് ആന്‍റണി രാജുവിന് എംഎല്‍എ സ്ഥാനം നഷ്‌ടമാകുന്നത്.

ജനപ്രാതിനിധ്യ നിയമം 8(3) പ്രകാരം രണ്ട് വര്‍ഷമോ അതിലധികമോ വര്‍ഷത്തേക്ക് ഏതെങ്കിലും കേസില്‍ കോടതി ശിക്ഷിച്ചാല്‍ ശിക്ഷിച്ച ദിവസം മുതല്‍ ശിക്ഷിക്കപ്പെട്ട വ്യക്തി അയോഗ്യനാകും. അത്തരം വ്യക്തികള്‍ക്ക് അന്ന് മുതല്‍ ആറ് വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും വിലക്കുണ്ട്. ഇനി കോടതി അനുവദിച്ച ഒരു മാസത്തെ അപ്പീല്‍ കാലാവധിക്കുള്ളില്‍ മേല്‍കോടതിയെ സമീപിച്ച് ശിക്ഷയില്‍ സ്റ്റേ സമ്പാദിച്ചാല്‍ മാത്രമെ ആന്‍റണി രാജുവിന് എംഎല്‍എ ആയി മടങ്ങിയെത്താന്‍ കഴിയൂ എന്നാണ് ജന പ്രാതിനിധ്യ നിയമം വ്യക്തമാക്കുന്നത്.

നിലവില്‍ നെടുമങ്ങാട് ചീഫ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ശിക്ഷയ്‌ക്കെതിരെ ആന്‍റണി രാജുവിന് ശിക്ഷ സ്‌റ്റേ ചെയ്യുന്നതിനായി ജില്ലാ കോടതിയെ സമീപിക്കാം. ജില്ലാ കോടതി ശിക്ഷ സ്‌റ്റേ ചെയ്‌താല്‍ ആന്‍റണി രാജുവിന് എംഎല്‍എ ആയി തിരികെയെത്താം. ഇന്നത്തെ കോടതി വിധി ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് കൈമാറുന്നതോടെ ആന്‍റണി രാജുവിനെ ആയോഗ്യനാക്കിയുള്ള വിജ്ഞാപനം തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറപ്പെടുവിക്കും.

സമീപകാലത്ത് ഇന്ത്യ കണ്ട ഏറ്റവും വിവാദമായ ഇത്തരം സംഭവങ്ങളിലൊന്ന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയായിരുന്നു. 2023 മാര്‍ച്ച് മാസത്തില്‍ ഗുജറാത്തിലെ സൂറത്ത് കോടതി രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. കര്‍ണാടകയിലെ കോലാറില്‍ 2019 ഏപ്രില്‍ 13ന് രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തില്‍ എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോദിയുണ്ടെന്ന പരാമര്‍ശമാണ് രാഹുലിനെ ശിക്ഷിക്കുന്നതിനിടയാക്കിയത്. ഈ പരാമര്‍ശത്തിനെതിരെ ബിജെപിയുടെ സൂറത്ത് വെസ്റ്റ് എംഎല്‍എ പൂര്‍ണേഷ് മോദി നല്‍കിയ പരാതിയില്‍ സൂറത്ത് സിജെഎം കോടതി രാഹുലിനെതിരെ കേസെടുത്തു. ഈ ആരോപണം നിലനില്‍ക്കുന്നതാണെന്ന് കണ്ടെത്തിയ മജിസ്ര്‌ടേറ്റ് എച്ച്എച്ച് വര്‍മ്മയാണ് രാഹുലിന് 2 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്.

വാക്കാലോ രേഖാമൂലമോ ക്രിമില്‍ കുറ്റമാകുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്‍റെ 499, 500 വകുപ്പുകള്‍ പ്രകാരമാണ് രാഹുല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പ്രസംഗത്തിലൂടെ രാഹുല്‍ ഗാന്ധി മോദി സമുദായത്തെ അധിക്ഷേപിച്ചെന്നായിരുന്നു പരാതി. രാഹുല്‍ ഗാന്ധിക്കെതിരായ ശിക്ഷ വിധി വന്ന അന്ന് തന്നെ ലോക്‌സഭാ സെക്രട്ടേറിയറ്റ് രാഹുലിനെ അയോഗ്യനാക്കി ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

മോദി എന്ന പേരില്‍ സമുദായമില്ലെന്നും പ്രസംഗത്തില്‍ വിമര്‍ശിച്ചത് നരേന്ദ്ര മോദിയെ ആയതിനാല്‍ അദ്ദേഹത്തിനെ പരാതി നല്‍കാന്‍ കഴിയൂവെന്നും രാഹുലിന്‍റെ അഭിഭാഷകര്‍ വാദിച്ചു. പരാതിക്കാരനായ പൂര്‍ണേഷ്‌ മോദിയുടെ ആദ്യ ജാതിപ്പേര് ഭൂദ്ദ്വാല എന്നാണെന്നും രാഹുല്‍ കോടതിയില്‍ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. പിന്നീട് സുപ്രീംകോടതിയെ സമീപിച്ച് വിധി സ്റ്റേ ചെയ്‌ത ശേഷമാണ് രാഹുലിന്‍റെ ലോക്‌സഭാംഗത്വം പുനസ്ഥാപിച്ചത്.

ലോക്‌സഭാംഗത്വം റദ്ദാക്കപ്പെടുമ്പോള്‍ രാഹുല്‍ വയനാട് മണ്ഡലത്തില്‍ നിന്നുള്ള പാര്‍ലമെന്‍റ് അംഗമായിരുന്നു. ആന്‍റണി രാജുവിനെതിരായ കോടതി വിധി പ്രതിപക്ഷ ശക്തമായ ആയുധമാക്കിയിട്ടുണ്ട്. ആന്‍റണി രാജുവിനെ ശിക്ഷിക്കും എന്നുറപ്പുണ്ടായിട്ടും അദ്ദേഹത്തിന് രണ്ടാം പിണറായി മന്ത്രിസഭയില്‍ അംഗത്വം നല്‍കിയെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഇതിന് സിപിഎം മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Also Read: ആൻ്റണി രാജു കുറ്റക്കാരൻ: 3 വർഷം തടവ്, ഉടൻ ജാമ്യം; എംഎൽഎ സ്ഥാനം തെറിക്കും