ചായക്കൂട്ടുകളിൽ വിരിയുന്ന വിസ്‌മയം; കാൻവാസിൽ വസന്തം തീർത്ത് വിദ്യാര്‍ഥിനി
കഠിനപ്രയത്നത്തിലൂടെ ചിത്രകല സ്വായത്തമാക്കി അൻസീറ എന്ന ജേണലിസം വിദ്യാർഥിനി. തൻ്റെ വർണവിസ്മയങ്ങളെ സോഷ്യൽ മീഡിയയിലൂടെ ഒരു വിജയകരമായ സംരംഭമാക്കി മാറ്റുകയാണ് ഈ കണ്ണൂർ സ്വദേശിനി

Published : February 25, 2026 at 7:57 PM IST
കണ്ണൂർ: കൂവേരി തൂക്കുപാലത്തിൻ്റെ തണലിൽ, പ്രകൃതിയുടെ വശ്യതയെ വർണങ്ങളിലേക്ക് പകർത്തുന്ന ഒരു പെൺകുട്ടി. നിമിഷ നേരം കൊണ്ട് നിറങ്ങളെ പല വർണങ്ങൾ ആക്കുന്ന കാഴ്ച കണ്ടാണ് ഇ ടിവി സംഘം അവളെ പരിചയപ്പെട്ടത്. ഒറ്റക്കാഴ്ചയിൽ തന്നെ ഈ പെണ്‍കുട്ടിയുടെ മനസ്സിൽ നിറയെ വർണങ്ങളാണെന്ന് ബോധ്യമായി. ചപ്പാരപ്പടവ് സ്വദേശിനിയും ശ്രീകണ്ഠാപുരം എസ്ഇഎസ് കോളജിലെ ജേണലിസം വിദ്യാർഥിനിയുമായ അൻസീറയാണ് വേറിട്ട ചിത്രകലകൊണ്ട് ശ്രദ്ധേയയായിരിക്കുന്നത്.
കഠിനപ്രയത്നവും കലയോടുള്ള അടങ്ങാത്ത അഭിനിവേശവും കൊണ്ട് ചായക്കൂട്ടുകളുടെ ലോകത്ത് തൻ്റേതായ ഇടം കണ്ടെത്തുകയാണ് അന്‍സീറ. പ്രകൃതിയെയും ജീവിതങ്ങളെയും പാലെറ്റും ബ്രഷും നിറങ്ങളും കൊണ്ട് സുന്ദരമാക്കുകയാണവൾ. ഇതിനകം അൻസീറ ക്യാൻവാസിൽ വിരിയിച്ചൊരുക്കുക്കിയിരിക്കുന്നത് ആരെയും അമ്പരപ്പിക്കുന്ന നയന മനോഹര ചിത്രങ്ങളാണ്.
കഠിനപ്രയത്നത്തിലൂടെ നേടിയെടുത്ത കല
മറ്റു പല കലാകാരന്‍മാരെയും പോലെ ജന്മനാ ലഭിച്ച കഴിവല്ല തൻ്റേതെന്ന് അൻസീറ വിശ്വസിക്കുന്നു. ഹൈസ്കൂൾ കാലത്ത് തുടങ്ങിയ ചെറിയ ഇഷ്ടം, ഡിഗ്രി അവസാന വർഷമായതോടെ ഗൗരവമായ പരിശീലനമായി മാറി. രണ്ടു വർഷത്തെ കഠിനമായ പ്രയത്നത്തിലൂടെയാണ് ഈ പെൺകുട്ടി ചിത്രരചനയിൽ ആത്മവിശ്വാസം നേടിയെടുത്തത്. ഇന്ന് ഔട്ട്‌ലൈനുകൾ പോലുമില്ലാതെ കാൻവാസിൽ നേരിട്ട് വർണങ്ങൾ ചാലിക്കുന്ന വേറിട്ട ശൈലിയാണ് അൻസീറയുടേത്.

"ഏതൊരു മനുഷ്യനും ജന്മനാ ഒരു കഴിവുണ്ടാകുമെന്നതിനോടൊന്നും എനിക്ക് യോജിപ്പില്ല. ഇഷ്ടമുള്ള കാര്യത്തിനായി കഠിനാധ്വാനം ചെയ്താൽ ആർക്കും വിജയിക്കാം. യൂട്യൂബിലൂടെ പഠിച്ചെടുത്ത പാഠങ്ങളാണ് ഇന്നെന്നെ ഇവിടെ എത്തിച്ചത്" - അൻസീറ ഇ ടിവി ഭാരതിനോട് പറഞ്ഞു.
അക്രിലിക്കിൽ തീർത്ത വർണവസന്തം
വാട്ടർ കളറിനേക്കാൾ ഈട് നിൽക്കുന്ന അക്രിലിക് പെയിൻ്റുകളാണ് അൻസീറ തൻ്റെ ചിത്രങ്ങൾക്കായി തിരഞ്ഞെടുക്കുന്നത്. ആമസോൺ വഴിയും സമീപത്തെ കടകളിൽ നിന്നുമാണ് പ്രധാനമായും ചിത്രം വരയ്ക്കാൻ ആവശ്യമായ സാധനങ്ങൾ അൻസീറ വാങ്ങി കൂട്ടുന്നത്. ഇതിനകം ഇരുന്നൂറിലധികം ചിത്രങ്ങൾ പൂർത്തിയാക്കി. തൻ്റെ ചിത്രങ്ങൾക്കായി ആറു മാസം മുൻപ് ആരംഭിച്ച ഇൻസ്റ്റഗ്രാം പേജിലൂടെ ഇന്ന് ആവശ്യക്കാർ തേടിയെത്തുന്നു. വിദേശത്തുനിന്നും സ്വദേശത്തുനിന്നുമായി അറുപതോളം ചിത്രങ്ങൾ ഇതിനകം തന്നെ ഈ യുവചിത്രകാരി വിറ്റഴിക്കപ്പെട്ടു കഴിഞ്ഞു. ചിത്രങ്ങളോടൊക്കെയും വളരെ ഇഷ്ടമായിരുന്നു. താൻ തന്നെ വരച്ചൊരുക്കുന്ന ചിത്രങ്ങളുടെ പൂർണത കണ്ടുള്ള സന്തോഷം ആണ് ഏറ്റവും സുന്ദരമായ നിമിഷമെന്നും അൻസീറ പറയുന്നു.

ചപ്പാരപ്പടവിലെ ഹംസ- ഫാത്തിമ ദമ്പതികളുടെ മകളായ അൻസീറയ്ക്ക് കുടുംബത്തിൽ മുൻതലമുറക്കാർ ആരും തന്നെ ചിത്രകലയിൽ ഉണ്ടായിരുന്നില്ല. സഹോദരങ്ങളായ ഷഹനാസിനും അഭിനാഷിനുമൊപ്പം തൻ്റെ സ്വപ്നങ്ങൾക്ക് നിറം പകരുകയാണ് ഈ മിടുക്കി. നിലവിൽ പഠനത്തിരക്കുകൾക്കിടയിലും സമയം കണ്ടെത്തിയാണ് വര തുടരുന്നത്. പഠനം പൂർത്തിയാക്കിയ ശേഷം ചിത്രരചനയെ ഒരു വലിയ ഓൺലൈൻ ബിസിനസ്സ് സംരംഭമായി വളർത്താനാണ് അൻസീറ ലക്ഷ്യമിടുന്നത്.


