ആന്ധ്രാപ്രദേശ് സിവിൽ സപ്ലൈസ് പ്രതിനിധി സംഘം സപ്ലൈകോ സന്ദർശിച്ചു; കേരളത്തിൻ്റെ പൊതുവിതരണ മാതൃകയ്ക്ക് പ്രശംസ
കേരളത്തിൻ്റെ പൊതുവിതരണ രംഗത്തെ മാറ്റങ്ങൾ നേരിട്ട് കണ്ടറിയാൻ ആന്ധ്രാപ്രദേശിൽ നിന്നുള്ള സിവിൽ സപ്ലൈസ് വകുപ്പിൻ്റെ ഉന്നതതല പ്രതിനിധി സംഘം സപ്ലൈകോ സന്ദർശിച്ചിരുന്നു.

Published : June 3, 2026 at 8:15 PM IST
എറണാകുളം: ആന്ധ്രാപ്രദേശ് സിവിൽ സപ്ലൈസ് പ്രതിനിധി സംഘം സപ്ലൈകോ സന്ദർശിച്ചു. കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ്റെ (സപ്ലൈകോ) പ്രവർത്തനരീതികളും ബിസിനസ് മാതൃകയും നേരിട്ട് കണ്ടറിയാൻ വേണ്ടിയാണ് ആന്ധ്രാപ്രദേശിൽ നിന്നുള്ള സിവിൽ സപ്ലൈസ് വകുപ്പിൻ്റെ ഉന്നതതല പ്രതിനിധി സംഘം സന്ദർശനം നടത്തിയത്. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിൻ്റെ ഭാഗമായാണ് നാലംഗ സംഘം കൊച്ചിയിലെ സപ്ലൈകോ ആസ്ഥാനത്ത് എത്തിയത്.
ഡെപ്യൂട്ടി ഡയറക്‌ടർ ശേശഗിരി റാവു, ജില്ലാ സിവിൽ സപ്ലൈസ് ഓഫീസർ പത്മ, കൺസൾട്ടൻ്റുമാരായ ഹേമന്ത് കുമാർ കവലി, ശ്രാവണി ജമ്മുല എന്നിവരടങ്ങുന്നതായിരുന്നു ആന്ധ്രാപ്രദേശ് പ്രതിനിധി സംഘം. സപ്ലൈകോ വിജയകരമായി നടപ്പിലാക്കിവരുന്ന വിവിധ ജനക്ഷേമ പദ്ധതികളെക്കുറിച്ചും വിപണി ഇടപെടലുകളെക്കുറിച്ചും വിശദമായി പഠിക്കുക എന്നതാണ് ഈ സന്ദർശനത്തിൻ്റെ പ്രധാന ലക്ഷ്യം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പ്രവർത്തന രീതികളും വിപണി ഇടപെടലുകളും വിലയിരുത്തി
രണ്ട് ദിവസത്തെ സന്ദർശനത്തിനിടയിൽ സപ്ലൈകോയുടെ വിപുലമായ റീട്ടെയിൽ പ്രവർത്തനങ്ങൾ, സുതാര്യമായ പൊതുവിതരണ സംവിധാനങ്ങൾ, അത്യാധുനിക വിതരണ ശൃംഖല എന്നിവയെക്കുറിച്ച് സംഘം വിശദമായി മനസിലാക്കി. കൂടാതെ, ഉപഭോക്തൃ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സപ്ലൈകോ നടത്തുന്ന വിവിധ പ്രചാരണ പ്രവർത്തനങ്ങളെയും സ്ഥാപനത്തിൻ്റെ സുസ്ഥിര ബിസിനസ് മാതൃകകളെയും അവർ സൂക്ഷ്‌മമായി വിലയിരുത്തി.

കേരളത്തിലെ സാധാരണക്കാരായ ഉപഭോക്താക്കളുടെ ക്ഷേമം ഉറപ്പാക്കുന്നതിലും പൊതുവിപണിയിൽ വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി നടത്തുന്ന സമയബന്ധിതമായ വിപണി ഇടപെടലുകളിലും സപ്ലൈകോ വഹിക്കുന്ന പങ്ക് സമാനതകളില്ലാത്തതാണെന്ന് പ്രതിനിധി സംഘം അഭിപ്രായപ്പെട്ടു. അവശ്യസാധനങ്ങളുടെ കാര്യക്ഷമവും തടസമില്ലാത്തതുമായ വിതരണം ഉറപ്പാക്കാൻ സപ്ലൈകോ സ്വീകരിക്കുന്ന നടപടികൾ മറ്റ് സംസ്ഥാനങ്ങൾക്ക് വലിയൊരു പ്രചോദനമാണെന്നും സംഘം കൂട്ടിച്ചേർത്തു.
ഉന്നതതല യോഗവും ചർച്ചകളും
സന്ദർശനത്തിൻ്റെ ഭാഗമായി സപ്ലൈകോയുടെ റീട്ടെയിൽ ശൃംഖലകൾ, സംഭരണ-വിതരണ കേന്ദ്രങ്ങൾ, വിലനിർണയ നയങ്ങൾ എന്നിവ പ്രതിനിധി സംഘം നേരിട്ട് സന്ദർശിച്ച് വിലയിരുത്തലുകൾ നടത്തി. വിപണിയിൽ കൃത്രിമ വിലക്കയറ്റം തടയാൻ സപ്ലൈകോയുടെ സബ്‌സിഡി നിരക്കിലുള്ള വിതരണ സംവിധാനം എങ്ങനെ സഹായിക്കുന്നു എന്നതിനെക്കുറിച്ചും ഉദ്യോഗസ്ഥർ ചോദിച്ചറിഞ്ഞു.
സന്ദർശന വേളയിൽ സപ്ലൈകോ മാനേജിങ് ഡയറക്ടർ ജയകൃഷ്ണൻ വി എം, ജനറൽ മാനേജർ എം. യു. ബിജു, മാർക്കറ്റിങ് അഡിഷണൽ ജനറൽ മാനേജർ ദീപു എം ആർ എന്നിവരുമായി ആന്ധ്രാപ്രദേശ് പ്രതിനിധി സംഘം ഉന്നതതല കൂടിക്കാഴ്‌ച നടത്തി. ഭാവിയിൽ ഇരു സംസ്ഥാനങ്ങളും തമ്മിൽ സിവിൽ സപ്ലൈസ് രംഗത്ത് കൂടുതൽ സഹകരണത്തിനുള്ള സാധ്യതകളും യോഗത്തിൽ ചർച്ചയായി. സപ്ലൈകോയുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ഒരു ലഘുവിവരണവും ഉദ്യോഗസ്ഥർ അതിഥികൾക്കായി പങ്കുവെച്ചു. സപ്ലൈകോയുടെ മികച്ച പ്രവർത്തന മാതൃകകൾ തങ്ങളുടെ സംസ്ഥാനത്തും പ്രായോഗികമാക്കാൻ ശ്രമിക്കുമെന്ന് ഉറപ്പുനൽകിയാണ് സംഘം മടങ്ങിയത്.
ALSO READ: കോൺഗ്രസിന് 'ജാക്ക്പോട്ട്'; രാജ്യസഭാ സീറ്റ് അനുവദിച്ച് മുഖ്യമന്ത്രി വിജയ്

