ETV Bharat / state

"കേരളത്തിൽ ബിജെപി മുഖ്യമന്ത്രി വരും; വികസനവും സുരക്ഷയും ലക്ഷ്യം"; ആത്മവിശ്വാസം പ്രകടിപ്പിച്ച് അമിത്ഷാ

ഇന്ന് തിരുവനന്തപുരത്ത് ബിജെപിക്ക് മേയർ ഉണ്ടെങ്കിൽ നാളെ കേരളത്തിൽ ബിജെപിക്ക് മുഖ്യമന്ത്രി ഉണ്ടാകുമെന്നും അമിത്ഷാ

Amit Shah
മിഷന്‍ 2026 (ETV Bharat)
author img

By ETV Bharat Kerala Team

Published : January 11, 2026 at 2:17 PM IST

|

Updated : January 11, 2026 at 2:32 PM IST

3 Min Read
Choose ETV Bharat

തിരുവനന്തപുരം: കേരളത്തിൽ ബിജെപി ഭരണത്തിലേറുന്ന കാലം വിദൂരമല്ലെന്നും സംസ്ഥാനത്തിൻ്റെ സമഗ്ര വികസനവും സുരക്ഷയും ബിജെപിയിലൂടെ മാത്രമേ സാധ്യമാകൂ എന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തിരുവനന്തപുരത്ത് ബിജെപി സംഘടിപ്പിച്ച മിഷന്‍ 2026 നമുക്ക് വേണം വികസിത കേരളം ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി. ഇന്ന് തിരുവനന്തപുരത്ത് ബിജെപിക്ക് മേയർ ഉണ്ടെങ്കിൽ നാളെ കേരളത്തിൽ ബിജെപിക്ക് മുഖ്യമന്ത്രി ഉണ്ടാകുമെന്ന ഉറച്ച വിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. നമ്മുടെ വിശ്വാസങ്ങളെയും ആത്മവീര്യത്തെയും തകർക്കാൻ പലതവണ ശ്രമങ്ങളുണ്ടായെങ്കിലും ബിജെപി പ്രവർത്തകർ ഉറച്ചുനിന്നുവെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഇപ്പോഴത്തെ മുന്നേറ്റം ഒരു തുടക്കം മാത്രമാണെന്നും കേരളത്തിൽ ബിജെപി സർക്കാർ രൂപീകരിക്കുക എന്നതാണ് പാർട്ടിയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

വികസിത കേരളം, സുരക്ഷിത കേരളം

വികസിത ഭാരതം എന്ന ലക്ഷ്യം യാഥാർഥ്യമാകണമെങ്കിൽ വികസിത കേരളം അനിവാര്യമാണെന്ന് അമിത് ഷാ പറഞ്ഞു. നിലവിലെ എൽഡിഎഫ്-യുഡിഎഫ് മുന്നണികൾ അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. വിശ്വാസ സംരക്ഷണമോ വികസനമോ ഈ രണ്ട് മുന്നണികൾക്കും സാധ്യമല്ല. നമ്മുടെ ലക്ഷ്യം കേരളത്തെ സമ്പൂര്‍ണമായി വികസിപ്പിക്കുകയും ദേശദ്രോഹികളില്‍നിന്ന് കേരളത്തെ സംരക്ഷിക്കുകയുമാണ്. കേരളത്തില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന വിശ്വാസത്തെ സംരക്ഷിച്ച് എല്ലാവര്‍ക്കും വിശ്വാസം ഉറപ്പുവരുത്തുക എന്നതാണ്. ഈ മൂന്ന് കാര്യങ്ങളും നേടിത്തരാന്‍ നരേന്ദ്ര മോദി നേതൃത്വം കൊടുക്കുന്ന ബിജെപിക്ക് മാത്രമേ സാധിക്കൂ. 2047 ആകുമ്പോഴേക്കും ഈ നാടിനെ ഒരു വികസിത ഭാരതമാക്കി മാറ്റുക എന്ന ലക്ഷ്യമാണ് നരേന്ദ്ര മോദി നമ്മുടെ മുമ്പാകെ വച്ചിട്ടുള്ളത്. വികസിത ഭാരതം എന്ന ലക്ഷ്യം വികസിത കേരളത്തില്‍ക്കൂടി മാത്രമേ സാധ്യമാകുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു.

അമിത്ഷാ (ETV Bharat)

എല്‍ഡിഎഫിൻ്റെയും യുഡിഎഫിൻ്റെയും തമ്മിലുള്ള മാച്ച് ഫിക്സിങ് കാരണം കേരളത്തിൻ്റെ വികസനം അടക്കമുള്ള കാര്യങ്ങള്‍ സ്തംഭിച്ചു നില്‍ക്കുകയാണ്. കേരളത്തിൻ്റെ ഭാവി അത് വികസനമായിക്കൊള്ളട്ടെ, സുരക്ഷിതത്വമായിക്കോള്ളട്ടെ, വിശ്വാസ സംരക്ഷണമാകട്ടെ ഇത് മൂന്നും നല്‍കാന്‍ എല്‍ഡിഎഫിനും യുഡിഎഫിനും സാധിക്കില്ല. വിശ്വാസം സംരംക്ഷിക്കാനോ കേരളത്തെയോ കേരളത്തിൻ്റെ വികസനത്തെയോ സംരക്ഷിക്കാനോ എല്‍ഡിഎഫിനോ യുഡിഎഫിനോ സാധിക്കുന്നില്ല.

ലോകമെമ്പാടും കമ്മ്യൂണിസ്റ്റ് പാർട്ടികൾ തകരുകയാണെന്നും ഇന്ത്യയിൽ കോൺഗ്രസ് അസ്തമിച്ചുകൊണ്ടിരിക്കുകയാണെന്നും ഷാ പറഞ്ഞു. 1984-ൽ വെറും രണ്ട് സീറ്റുകൾ മാത്രമുണ്ടായിരുന്ന ബിജെപി ഇന്ന് മൂന്നാം തവണയും നരേന്ദ്ര മോദി സർക്കാർ എന്ന നിലയിൽ അധികാരത്തിൽ തുടരുന്നത് അദ്ദേഹം ചൂണ്ടിക്കാട്ടി. ത്രിപുരയിലും ഉത്തർപ്രദേശിലും ബിജെപി നടത്തിയ മുന്നേറ്റങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു. ഇത്തവണ മാറ്റം കേരളത്തിൻ്റേതാണെന്നും നഗരങ്ങളിൽ മാത്രമല്ല ഗ്രാമങ്ങളിലും പാർട്ടിക്ക് വലിയ വളർച്ചയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2014-ല്‍ 11 ശതമാനം വോട്ട് കിട്ടി. 2019-ല്‍ 16 ശതമാനമായി അതുയര്‍ന്നു. 2024-ല്‍ അത് 20 ശതമാനമായിരിക്കുന്നു. 20-ല്‍നിന്ന് 30ലോക്കും 30-ല്‍നിന്ന് 40ലേക്കും ഉള്ള നമ്മുടെ വോട്ടിങ് ശതമാനത്തിൻ്റെ വര്‍ധനവ് അതിവിദൂരമല്ല. അത് 2026-ല്‍ തന്നെ സംഭവിക്കും. കേരളത്തില്‍ അധികാരത്തിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Amit Shah
മിഷന്‍ 2026 (ETV Bharat)

വോട്ട് ബാങ്ക് രാഷ്ട്രീയത്തിനെതിരെ വിമർശനം

വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകളെ സഹായിക്കുന്ന നിലപാടാണ് ഇരുമുന്നണികളും സ്വീകരിക്കുന്നത്. ഇത്തരം പ്രീണന രാഷ്ട്രീയത്തിലൂടെ കേരളത്തെ രക്ഷിക്കാൻ സാധിക്കില്ല. ബിജെപി മുന്നോട്ട് വയ്ക്കുന്ന വികസിത കേരളം എന്ന സങ്കല്‍പ്പത്തില്‍ ഈ സംസ്ഥാനത്തെ ഓരോ ജനങ്ങളുടെയും വികസനമാണ് ഉറപ്പുവരുത്തുന്നത്. എല്‍ഡിഎഫിനോ യുഡിഎഫിനോ അവരുടെ മിത്രങ്ങളായ പോപ്പുലര്‍ ഫ്രണ്ടിനോ ജമാ അത്തെ ഇസ്ലാമിക്കോ ഇപ്പോള്‍ നിരോധിക്കപ്പെട്ട എസ് ഡിപിഐക്കോ കേരളത്തെ സുരക്ഷിതമാക്കാന്‍ സാധ്യമാണോ. അവര്‍ക്കതിന് സാധിക്കില്ല കാരണം പോപ്പുലര്‍ ഫ്രണ്ടിൻ്റെയും എസ് ഡിപിഐയുടെയും ജമാ അത്തെ ഇസ്ലാമിയുടെയും വോട്ട് ബാങ്കിൻ്റെ അടിസ്ഥാനത്തിലാണ് ഈ രണ്ട് മുന്നണികളും പ്രവര്‍ത്തിക്കുന്നത്.

മുത്തലാഖ് നിരോധനത്തെയും വഖഫ് ഭേദഗതിയെയും എതിർക്കുന്നവർ മുസ്ലിം സ്ത്രീകളുടെ അന്തസ്സിന് വിലകൽപ്പിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ശബരിമല വിഷയത്തിൽ വെല്ലുവിളി

ശബരിമലയിലെ സ്വർണ്ണനഷ്ടവുമായി ബന്ധപ്പെട്ട വിവാദത്തിൽ സംസ്ഥാന സർക്കാരിനെതിരെ ഷാ രൂക്ഷവിമർശനം ഉന്നയിച്ചു. ബിജെപിക്ക് പ്രീണന രാഷ്ട്രീയമില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം ശബരമല വിഷയത്തിലും സർക്കാരിനെതിരെ രൂക്ഷവിമർശനം നടത്തി. ശബരമലയിലെ സ്വർണനഷ്ടവുമായി ബന്ധപ്പെട്ട് രണ്ട് മന്ത്രിമാർ വരെ നിഴലിലാണെന്നും നിലവിലെ പ്രത്യേക അന്വേഷണ സംഘത്തിന് (SIT) നിഷ്പക്ഷമായി അന്വേഷിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സ്വർണനഷ്ടക്കേസ് കേന്ദ്ര ഏജൻസിക്ക് കൈമാറാൻ മുഖ്യമന്ത്രി തയ്യാറുണ്ടോ എന്ന് അദ്ദേഹം വെല്ലുവിളിച്ചു. വിശ്വാസങ്ങളെ സംരക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ മുഖ്യമന്ത്രി സ്ഥാനമൊഴിയണം. എറണാകുളത്ത് വീട് നഷ്ടപ്പെട്ടവരുടെ കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിലപാട് എന്താണെന്നും ഷാ ചോദിച്ചു.

Amit Shah
മിഷന്‍ 2026 (ETV Bharat)

വികസന മാതൃകകൾ

പ്രവാസികളിൽ നിന്നുള്ള പണത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന കേരളത്തിലെ കുടുംബങ്ങളുടെ ഭാവിയിൽ സംസ്ഥാന സർക്കാരിന് ആശങ്കയില്ലെന്ന് അദ്ദേഹം വിമർശിച്ചു. പ്രവാസികളിൽ നിന്നുള്ള പണത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന രീതിക്ക് പകരം ഉത്തർപ്രദേശും മധ്യപ്രദേശും ഛത്തീസ്ഗഡും പിന്തുടരുന്ന വികസന മാതൃകകൾ കേരളം സ്വീകരിക്കണം. കേരളത്തിൽ പരസ്പരം പോരടിക്കുകയും ബംഗാളിൽ ഒന്നിച്ചുനിൽക്കുകയും ചെയ്യുന്ന കോൺഗ്രസും സിപിഎമ്മും ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

ഹരിയാനയിലും മഹാരാഷ്ട്രയിലും ഡൽഹിയിലും ബിജെപി നേടിയ വിജയം കേരളത്തിലും ആവർത്തിക്കുമെന്നും, ബിജെപി മുഖ്യമന്ത്രി വരുന്നതോടെ കേരളത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Also Read: അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ റിമാൻഡിൽ; സ്ഥിരം കുറ്റവാളിയെന്ന് കോടതി

Last Updated : January 11, 2026 at 2:32 PM IST