ലക്ഷ്യം 40 സീറ്റ്, 15 എങ്കിലും ഉറപ്പിക്കണം; അമിത് ഷാ ഇന്നെത്തും, ബിജെപിയുടെ 'മിഷൻ കേരള'യ്ക്ക് തുടക്കം
സംഘടനാ തർക്കങ്ങൾ പരിഹരിക്കാൻ കോർ കമ്മിറ്റി ചേരും. മുന്നണി വിപുലീകരണം ചർച്ചയാകും.

Published : January 10, 2026 at 3:13 PM IST
തിരുവനന്തപുരം: മാസങ്ങൾക്കുള്ളിൽ നടക്കാനിരിക്കുന്ന നിർണായക നിയമസഭ തെരഞ്ഞെടുപ്പിലേക്ക് ബിജെപി ഔദ്യോഗികമായി ചുവടുവയ്ക്കുന്നതിൻ്റെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിലെത്തുന്നു. 40 സീറ്റെന്ന വമ്പൻ ലക്ഷ്യവുമായി കളത്തിലിറങ്ങുന്ന ബിജെപി 15 സീറ്റെങ്കിലും വിജയിക്കാനുള്ള തന്ത്രങ്ങൾക്ക് നാളത്തെ യോഗത്തിൽ അമിത് ഷാ രൂപം നൽകും. തിരുവനന്തപുരത്തെ മൂന്ന് എ ക്ലാസ് മണ്ഡലങ്ങളിലും വിജയിക്കാനും പാലക്കാട് പിടിച്ചെടുക്കാനും ഉൾപ്പെടെയുള്ള കർമപദ്ധതികൾ അദ്ദേഹം ആവിഷ്കരിക്കും.
ഒരു ദിവസത്തെ ഹ്രസ്വ സന്ദർശനത്തിനെത്തുന്ന അമിത് ഷാ ഇന്ന് രാത്രി 10ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. നാളെ രാവിലെ 10.30ന് പത്മനാഭ സ്വാമി ക്ഷേത്ര ദർശനത്തിന് ശേഷം 11ന് ഉദയ് പാലസ് കൺവെൻഷൻ സെൻ്ററിൽ നടക്കുന്ന ബിജെപി സംസ്ഥാന ജനപ്രതിനിധി സമ്മേളനം ഷാ ഉദ്ഘാടനം ചെയ്യും. വൈകിട്ട് മൂന്നിന് കേരളകൗമുദി ദിനപ്പത്രത്തിൻ്റെ കോൺക്ലേവിൻ്റെ ഉദ്ഘാടനം നിർവഹിച്ച ശേഷം നാലിന് ചേരുന്ന എൻഡിഎ നേതൃയോഗത്തിൽ പങ്കെടുക്കും. തുടർന്ന് അഞ്ചിന് ബിജെപി കോർകമ്മിറ്റി യോഗത്തിലും പങ്കെടുത്ത ശേഷം രാത്രി ഏഴിന് അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങും.
ലക്ഷ്യം എ ക്ലാസ് മണ്ഡലങ്ങൾ
അമിത് ഷായുടെ സന്ദർശനം കേരളത്തിലെ ബിജെപി പ്രവർത്തകർക്കിടയിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. ദേശീയ രാഷ്ട്രീയത്തിലെ ചാണക്യൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന അമിത് ഷാ നേരിട്ട് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിക്കാൻ എത്തുന്നത് പാർട്ടിക്ക് ഗുണകരമാകുമെന്നാണ് സംസ്ഥാന നേതൃത്വത്തിൻ്റെ വിലയിരുത്തൽ. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ലഭിച്ച വോട്ടുകളുടെ കണക്കുകൾ കൂടി അടിസ്ഥാനമാക്കിയാണ് എ ക്ലാസ് മണ്ഡലങ്ങളെ തരംതിരിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് നേമം നിലനിർത്തുന്നതോടൊപ്പം വട്ടിയൂർക്കാവ്, കഴക്കൂട്ടം, തിരുവനന്തപുരം സെൻട്രൽ എന്നീ മണ്ഡലങ്ങളിൽ വിജയം ഉറപ്പാക്കാനുള്ള കർശന നിർദേശങ്ങൾ അദ്ദേഹം നൽകും. തിരുവനന്തപുരത്തിന് പുറമെ തൃശൂർ, പാലക്കാട്, കാസർകോട് ജില്ലകളിലെ നിർണായക മണ്ഡലങ്ങളിലും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കും. മഞ്ചേശ്വരം, മലമ്പുഴ, തൃശൂർ തുടങ്ങിയ മണ്ഡലങ്ങളിൽ ജയസാധ്യതയുണ്ടെന്നാണ് പാർട്ടിയുടെ ആഭ്യന്തര സർവേകൾ സൂചിപ്പിക്കുന്നത്.
കേരളത്തിൽ പാർട്ടി നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന് സംഘടനാപരമായ പോരായ്മകളും ഗ്രൂപ്പ് വഴക്കുകളുമാണ്. തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ, എല്ലാ തർക്കങ്ങളും മാറ്റിവച്ച് ഒറ്റക്കെട്ടായി പ്രവർത്തിക്കാനുള്ള കർശനമായ താക്കീത് കോർ കമ്മിറ്റി യോഗത്തിൽ അമിത് ഷാ നൽകാൻ സാധ്യതയുണ്ട്. ബൂത്ത് തലത്തിലുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായുള്ള ശക്തികേന്ദ്രങ്ങളുടെ പ്രവർത്തനങ്ങളും അദ്ദേഹം വിലയിരുത്തുന്നുണ്ട്. കേവലം വോട്ട് ശതമാനം വർധിപ്പിക്കുക എന്നതിലുപരി സീറ്റുകൾ പിടിച്ചെടുക്കുക എന്ന വിന്നബിലിറ്റി ഘടകത്തിനാണ് ഇത്തവണ കേന്ദ്ര നേതൃത്വം മുൻഗണന നൽകുന്നത്. ഇതിനായി പൊതുസമ്മതരായ വ്യക്തികളെയും സിനിമാ സാംസ്കാരിക മേഖലകളിലെ പ്രമുഖരെയും സ്ഥാനാർഥികളായി കൊണ്ടുവരാനുള്ള നീക്കങ്ങളും അണിയറയിൽ സജീവമാണ്.
മുന്നണി വിപുലീകരണവും വികസനവും
എൻഡിഎ മുന്നണി വിപുലീകരണവും യോഗത്തിലെ പ്രധാന ചർച്ചാവിഷയമാകും. ബിഡിജെഎസ് ഉൾപ്പെടെയുള്ള ഘടകകക്ഷികളുമായുള്ള ബന്ധം സുദൃഢമാക്കാനും സീറ്റ് വിഭജനം സംബന്ധിച്ച പ്രാഥമിക ധാരണകൾക്കും ഈ സന്ദർശനം വഴിതുറക്കും. സാമുദായിക സമവാക്യങ്ങൾ കൃത്യമായി പാലിച്ചുകൊണ്ടുള്ള സ്ഥാനാർഥി നിർണയത്തിനാകും മുൻഗണന നൽകുക. ന്യൂനപക്ഷ വിഭാഗങ്ങളെ, പ്രത്യേകിച്ച് ക്രിസ്ത്യൻ സമുദായത്തെ പാർട്ടിയോട് അടുപ്പിക്കാനുള്ള തന്ത്രങ്ങളും യോഗത്തിൽ ചർച്ചയാകും. കേന്ദ്ര സർക്കാർ നടപ്പിലാക്കിയ വികസന പദ്ധതികൾ വോട്ടർമാർക്കിടയിൽ എത്തിക്കുന്നതിലെ പോരായ്മകളും അമിത് ഷാ പരിശോധിക്കും. സംസ്ഥാന സർക്കാരിനെതിരായ അഴിമതി ആരോപണങ്ങൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രധാന ആയുധമാക്കാനും നിർദേശമുണ്ടാകും.
അമിത് ഷായുടെ വരവോടുകൂടി തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഔദ്യോഗിക തുടക്കമാവുകയാണ്. വരും ദിവസങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ജെപി നദ്ദ ഉൾപ്പെടെയുള്ള ദേശീയ നേതാക്കളുടെ നീണ്ട നിര തന്നെ കേരളത്തിലേക്ക് പ്രചാരണത്തിനായി എത്തും. കേരളം പിടിക്കാൻ ബിജെപി നടത്തുന്ന എക്കാലത്തെയും വലിയ നീക്കത്തിനാണ് ഈ സന്ദർശനം സാക്ഷ്യം വഹിക്കുന്നത്.
Also Read:- ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ ബിജെപിയിലേക്കെന്ന് സൂചന; രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്‌ച നടത്തി

