ശബരിമല യുവതീപ്രവേശം: ദേവസ്വം ബോർഡ് നിലപാട് മാറ്റിയതോടെ പന്ത് സർക്കാരിൻ്റെ കോർട്ടിൽ; ഉറ്റുനോക്കി കേരളം
യുവതീപ്രവേശനത്തിൽ ദേവസ്വം ബോർഡ് നിലപാട് മാറ്റിയതോടെ, സർക്കാർ പഴയ സത്യവാങ്മൂലം തിരുത്തുമോ എന്ന് കേരളം ഉറ്റുനോക്കുന്നു. മന്ത്രിസഭാ യോഗത്തിന് ശേഷം സർക്കാർ അന്തിമ തീരുമാനമെടുക്കും

Published : March 2, 2026 at 8:38 PM IST
അരവിന്ദ് ബാബു
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള വിവാദത്തിനിടെ യുവതീ പ്രവേശനത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മലക്കം മറിഞ്ഞതോടെ സര്‍ക്കാര്‍ നിലപാട് ഉറ്റുനോക്കി കേരളം. 2018ല്‍ ഇടത് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലമാണ് യുവതീ പ്രവേശനത്തില്‍ അനുകൂല വിധിയുണ്ടാവാനുള്ള നിര്‍ണായക കാരണമായത്. അതില്‍ നിന്നും സര്‍ക്കാര്‍ പിന്നാക്കം പോകുമോ എന്ന കാര്യമാണ് കണ്ടറിയേണ്ടത്. ബോര്‍ഡിൻ്റെ നിലപാട് മാറ്റം സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമല്ലെന്നാണ് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. വിശ്വാസവും ക്ഷേത്രവും സംരക്ഷിക്കാന്‍ വേണ്ടിയുള്ള ബോര്‍ഡിന്റെ തീരുമാനത്തില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ല. ഒരു തീരുമാനമെടുക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടില്ല. ദേവസ്വം ബോര്‍ഡുകള്‍ക്ക് പരമാധികാരമുണ്ട്. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് മന്ത്രിസഭാ യേര്‍ഗം ചേര്‍ന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. അടുത്ത മന്ത്രിസഭാ യോഗത്തില്‍ ബന്ധപ്പെട്ട നിയമവിദഗ്ധരുമായി ആലോചിച്ച് തീരുമാനമെടുക്കും. മാര്‍ച്ച് 14ന് കേസ് പരിഗണിക്കും മുന്‍പുതന്നെ സര്‍ക്കാര്‍ നിലപാട് തീരുമാനിക്കുമെന്നുമാണ് ദേവസ്വം മന്ത്രി ഇന്ന് അറിയിച്ചത്.
ശബരിമലയില്‍ യുവതീപ്രവേശനത്തിനുള്ള അനുകൂല വിധിയെ ഇടതു സര്‍ക്കാരും സിപിഎമ്മും സ്വാഗതം ചെയ്തിരുന്നു. കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന നിലപാടായിരുന്നു അന്ന് മുഖ്യമന്ത്രി സ്വീകരിച്ചത്. കെപിഎംഎസ്, എസ്എന്‍ഡിപി നേതൃത്വം എന്നിവരും വിധിയെ അനുകൂലിച്ച് രംഗത്ത് വന്നിരുന്നു. എന്നാല്‍ തുടക്കം മുതല്‍ യുവതീപ്രവേശനത്തെ എതിര്‍ത്ത എന്‍എസ്എസ് നേതൃത്വം വിഷയത്തില്‍ വിശ്വാസ സംരക്ഷണ ജാഥ സംഘടിപ്പിച്ചതോടെ ചിത്രം മാറി. കടുത്ത എതിര്‍പ്പാണ് വിശ്വാസ സമൂഹത്തിനുള്ളില്‍ നിന്നും വിധിക്കെതിരെ ഉയര്‍ന്നത്. യുവതീപ്രവേശനത്തില്‍ ആദ്യം അനുകൂല നിലപാടെടുത്ത സംഘപരിവാര്‍ എന്‍എസ്എസ് സംഘടിപ്പിച്ച ജാഥയോടെ മലക്കം മറിഞ്ഞു. എന്നാല്‍ സര്‍ക്കാര്‍ പിന്നാക്കം പോയില്ല. ശബരിമല യുവതീപ്രവേശനത്തെ അനുകൂലിച്ച സര്‍ക്കാര്‍ സുപ്രീം കോടതിവിധിയുടെ പശ്ചാത്തലത്തില്‍ കൈപുസ്തകം അടിച്ചിറക്കുകയും ചെയ്തു.
സര്‍ക്കാരിൻ്റെ കൈപുസ്തകം
58 പേജുള്ള കൈപുസ്തകം മുഖ്യമന്ത്രി പിണറായി വിജയൻ്റെ മുഖവരയോട് കൂടിയുള്ളതായിരുന്നു. ഇതില്‍ സംസ്ഥാന സര്‍ക്കാര്‍ യുവതീപ്രവേശനത്തെ എന്തുകൊണ്ട് അനുകൂലിക്കുന്നുവെന്ന് അക്കമിട്ട് നിരത്തിയിട്ടുണ്ട്. പത്ത് പോയിൻ്റുകളിലായി നിരവധി കാര്യങ്ങളാണ് പിആര്‍ഡി 2018 നവംബറില്‍ അച്ചടിച്ചിറക്കിയ കൈപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സാമൂഹിക നീതി ഉറപ്പ് വരുത്തുക എന്നതാണ് സര്‍ക്കാരിൻ്റെ നിലവിലുള്ള നയമെന്നും അതുകൊണ്ടുതന്നെ യുവതീപ്രവേശനത്തിന് സര്‍ക്കാര്‍ എതിരല്ലെന്നും കാലാകാലങ്ങളില്‍ ശബരിമലയിലെ ആചാരങ്ങളില്‍ മാറ്റമുണ്ടായിട്ടുണ്ടെന്നും കൈപുസ്തകത്തിൻ്റെ 13, 14 പേജുകളില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വനിതാമതിലും നവോത്ഥാന സമിതിയും
വിശ്വാസി സമൂഹത്തില്‍ നിന്നും എതിര്‍പ്പ് കടുത്തതോടെ യുവതീപ്രവേശനത്തെ അനുകൂലിച്ച് സര്‍ക്കാരിൻ്റെയും സിപിഎമ്മിൻ്റെയും ആഭിമുഖ്യത്തില്‍ 2019 ജനുവരി ഒന്നിന് വനിതാ മതില്‍ സംഘടിപ്പിച്ചിരുന്നു. യുവതീപ്രവേശനവുമായി ബന്ധപ്പെട്ടാണ് വനിതാ മതില്‍ സംഘടിപ്പിക്കുന്നതെന്ന് അന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിനു മുമ്പുതന്നെ നവോത്ഥാനസമിതി സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. 166 സമുദായ, സാമൂഹിക സംഘടനകള്‍ രജിസ്റ്ററില്‍ എഴുതി ഒപ്പിട്ടാണ് വെള്ളാപ്പള്ളി നടേശന്‍ ചെയര്‍മാനും പുന്നല ശ്രീകുമാര്‍ ജനറല്‍ കണ്‍വീനറുമായ സമിതി രൂപവത്കരിച്ചത്. പിന്നീട് സമിതിക്ക് സംഘടനാരൂപം നല്‍കിയപ്പോള്‍ വെള്ളാപ്പള്ളി നടേശന്‍ പ്രസിഡൻ്റായി. പുന്നല പിന്‍വാങ്ങിയതിനാല്‍ പി രാമഭദ്രനെ ജനറല്‍ സെക്രട്ടറിയാക്കി. ഈ സമയത്ത് ക്രിസ്ത്യന്‍, മുസ്ലിം സംഘടനകളും നവോത്ഥാനസമിതിയുടെ ഭാഗമായിരുന്നു. വിഴിഞ്ഞം സമരത്തിൻ്റെ മുന്നണിയില്‍ ഉണ്ടായിരുന്ന ഫാ. യൂജിന്‍ പെരേരയായിരുന്നു സമിതിയുടെ വൈസ് പ്രസിഡൻ്റ്. എന്നാല്‍ പിന്നീട് നവോത്ഥാന സമിതിയുമായി ഒട്ടേറെ സമുദായ സംഘടനകള്‍ സഹകരിച്ചിരുന്നില്ല. നിലവില്‍ യുവതീപ്രവേശനത്തില്‍ സിപിഎമ്മും സര്‍ക്കാരും നിലപാട് മയപ്പെടുത്തുന്നതിനോട് കെപിഎംഎസിനും യോജിപ്പില്ല.
യുവതീപ്രവേശനത്തിനുള്ള ശ്രമങ്ങള്‍
2018ലെ തുലാമാസ പൂജയ്ക്കായി ഒക്ടോബര്‍ 17-ന് ആണ് ശബരിമല നട തുറന്നശേഷം ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടറായ സുഹാസിനി രാജ് ഒക്ടോബര്‍ 18-ന് റിപ്പോര്‍ട്ടിങിനായി മലകയറാന്‍ ശ്രമിച്ചെങ്കിലും പമ്പയില്‍ നിന്ന് അധികം ചെല്ലും മുമ്പ് തന്നെ തടയപ്പെട്ടിരുന്നു. മലയാളി ആക്ടിവിസ്റ്റായ രഹന ഫാത്തിമയും തെലങ്കാനയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തക കവിത ജക്കാലയും 2018 ഒക്ടോബര്‍ 19-ന് സന്നിധാനത്തെ നടപ്പന്തല്‍ വരെ എത്തിയെങ്കിലും അവിടെയുണ്ടായ പ്രതിഷേധം മൂലം ക്ഷേത്രത്തിലേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞില്ല. കവിത റിപ്പോര്‍ട്ടിംഗിനായാണ് ക്ഷേത്രത്തില്‍ പോകാന്‍ ശ്രമിച്ചത്. ഇവരുടെ സുരക്ഷയ്ക്കായി പൊലീസ് ഹെല്‍മറ്റും ജാക്കറ്റും നല്‍കിയത് വിവാദമാവുകയുമുണ്ടായി. ക്ഷേത്രം അടച്ചിടും എന്ന് തന്ത്രി പറഞ്ഞതും, സുരക്ഷാപ്രശ്‌നങ്ങളെക്കുറിച്ച് പൊലീസ് ബോധ്യപ്പെടുത്തിയതുകൊണ്ടും ഇരുവരും ക്ഷേത്രത്തില്‍ പ്രവേശിക്കാതെ തിരിച്ചു വന്നു. അന്നു തന്നെ മേരി സ്വീറ്റി എന്നൊരു യുവതി ക്ഷേത്രദര്‍ശനത്തിനായി പമ്പയില്‍ വരെ എത്തിയെങ്കിലും പൊലീസുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം മടങ്ങുകയുണ്ടായി. ക്ഷേത്രദര്‍ശനത്തിനായി എത്തിയ ലിബിയ എന്ന യുവതിയെ പ്രതിഷേധക്കാര്‍ പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ തടഞ്ഞ് വെക്കുകയും പിന്നീടവര്‍ യാത്ര ഉപേക്ഷിക്കുകയും ചെയ്തു. പിന്നീട് ഒക്ടോബര്‍ 21-ന് തെലങ്കാനയില്‍ നിന്നുള്ള യുവതികള്‍ എത്തിയിരുന്നെങ്കിലും പ്രവേശിക്കാന്‍ കഴിഞ്ഞിരുന്നില്ല. തുലാമാസ പൂജയ്ക്കിടെ ബിന്ദു തങ്കം കല്യാണി, കേരളാ ദളിത് മഹിളാ ഫെഡെറേഷന്‍ നേതാവ് എസ് പി മഞ്ജു എന്നീ രണ്ട് യുവതികളും ക്ഷേത്രദര്‍ശനത്തിനായി പമ്പയില്‍ എത്തിയിരുന്നെങ്കിലും അവര്‍ക്കും മുന്നോട്ട് പോകാന്‍ കഴിഞ്ഞിരുന്നില്ല.
തുടര്‍ന്ന് മണ്ഡലകാല ഉത്സവത്തിനായി ശബരിമല നട തുറക്കും മുമ്പ് വിര്‍ച്വല്‍ ക്യൂ സംവിധാനത്തില്‍ ശബരിമല ദര്‍ശനത്തിനായി 550 യുവതികള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. നട തുറന്ന അന്നു തന്നെ തൃപ്തി ദേശായിയും സംഘവും ശബരിമല ദര്‍ശനത്തിനായി മുംബൈയില്‍ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയിരുന്നെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് പുറത്തിറങ്ങാനാകാതെ തിരിച്ചുപോവുകയാണുണ്ടായത്. ശബരിമല ദര്‍ശനത്തിനായി ഒരു സംഘം ട്രാന്‍സ്ജെന്‍ഡറുകള്‍ മണ്ഡലകാലത്ത് എത്തിയിരുന്നു, അവരെയും ആദ്യം തടഞ്ഞിരുന്നെങ്കിലും തന്ത്രിയുടെയും മറ്റും അനുമതി ലഭിച്ചതോടെ അവര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ സാധിച്ചിരുന്നു. തമിഴ്നാട്ടില്‍ നിന്നുള്ള മനിതി സംഘടനയുടെ വളരെയധികം അംഗങ്ങള്‍ വ്യത്യസ്ത സംഘങ്ങളായി മണ്ഡലകാലത്ത് ശബരിമലയില്‍ എത്താന്‍ ശ്രമിച്ചിരുന്നു. ഒരു സംഘത്തെ തമിഴ്നാട് അതിര്‍ത്തിയില്‍ നിന്നും പൊലീസ് അകമ്പടിയോടെ പമ്പവരെ എത്തിച്ചിരുന്നു. എതിര്‍പ്പിനെ തുടര്‍ന്ന് അവര്‍ക്ക് ശബരിമല സന്ദര്‍ശിക്കാനായില്ല. ഒരു ഘട്ടത്തില്‍ പമ്പയില്‍ നിന്നും ശബരിമലയിലേക്കുള്ള വഴിയില്‍ പ്രതിഷേധക്കാരുടെ പിടിയില്‍ നിന്നും അവര്‍ക്ക് ഓടി രക്ഷപെടേണ്ട അവസ്ഥയുണ്ടായി. മനിതിയുടെ മറ്റ് സംഘങ്ങളും സുരക്ഷാകാരണങ്ങളാല്‍ മല ചവിട്ടിയില്ല. ആദിവാസി അവകാശ പ്രവര്‍ത്തക കെ അമ്മിണിയും ശബരിമല പ്രവേശത്തിനു ശ്രമിച്ചെങ്കിലും സുരക്ഷാകാരണങ്ങളാല്‍ തന്നെ എരുമേലിയില്‍ നിന്ന് പമ്പയ്ക്കുള്ള മാര്‍ഗ്ഗമധ്യേ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് ശബരിമലയില്‍ പ്രവേശിച്ച ബിന്ദുവും കനകദുര്‍ഗ്ഗയും ഡിസംബര്‍ 24-നും ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ചന്ദ്രാനന്ദന്‍ റോഡിലെ പ്രതിഷേധത്തെ മറികടക്കാനാകാതെ വന്നതോടെ തിരിച്ചിറങ്ങുകയാണുണ്ടായത്.
എന്നാല്‍ പിന്നീട് മകരവിളക്ക് ഉത്സവത്തിനായി 2018 ഡിസംബര്‍ 30-ന് തുറന്നപ്പോള്‍ കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ ബിന്ദു അമ്മിണി, മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കനക ദുര്‍ഗ്ഗ എന്നിവര്‍ 2019 ജനുവരി 2-ന് പുലര്‍ച്ചെ ശബരിമല ക്ഷേത്രത്തില്‍ പ്രവേശിക്കുകയും ദര്‍ശനം നടത്തുകയും ചെയ്തു. മണ്ഡലകാലത്തും ഇവര്‍ ശബരിമല പ്രവേശത്തിന് ശ്രമിച്ച് പരാജയപ്പെട്ടിരുന്നു. മുമ്പത്തെ തവണ വന്‍പൊലീസ് സന്നാഹത്തോടെയാണ് ദര്‍ശനത്തിന് ശ്രമിച്ചതെങ്കില്‍, വിജയിച്ച പ്രാവശ്യം യുവതികള്‍ക്ക് ശബരിമലയിലേക്കുള്ള പാതയില്‍ സുരക്ഷാപ്രശ്‌നങ്ങളുണ്ടായാല്‍ ഇടപെടാനായി മഫ്തിയിലുള്ള പൊലീസുകാരുടെ അകമ്പടി മാത്രമായിരുന്നു ഉണ്ടായിരുന്നത്. ജനുവരി ഒന്നാം തീയതി ഇടതുപക്ഷം നടത്തിയ വനിതാമതിലില്‍ കേരളത്തിൻ്റെ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതും ശബരിമല പ്രവേശം തടസ്സമില്ലാതെയാക്കാന്‍ കാരണമായി എന്ന് കരുതപ്പെടുന്നു. നവോത്ഥാനകേരളം ശബരിമലയിലേക്ക് എന്നൊരു ഫേസ്ബുക്ക് കൂട്ടായ്മയില്‍ അംഗമായിരുന്നു ഇരുവരും. ക്ഷേത്രപ്രവേശനത്തെ തുടര്‍ന്ന് തന്ത്രിയുടെ നിര്‍ദേശത്താല്‍ മേല്‍ശാന്തി നടയടച്ച് ശുദ്ധി കര്‍മങ്ങള്‍ ചെയ്തിരുന്നു.
Also Read:

