'ഒരു കോടിയുമില്ല, മാപ്പുമില്ല'; ജമാഅത്തെ ഇസ്‌ലാമിക്ക് എ.കെ ബാലൻ്റെ മറുപടി, ജയിലിൽ പോകാനും തയ്യാർ
മാപ്പ് പറയില്ല, നഷ്ടപരിഹാരം നൽകില്ലെന്ന് എകെ ബാലൻ. കേസിനെ ഭയമില്ല, ജയിലിൽ പോകാനും തയ്യാർ. പരാതിക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢലക്ഷ്യമുണ്ടെന്നും ആരോപണം.

Published : January 10, 2026 at 11:52 AM IST
പാലക്കാട്: ജമാഅത്തെ ഇസ്‌ലാമിക്ക് എതിരായ പരാമർശത്തിൽ മാപ്പ് പറയില്ലെന്നും വക്കീൽ നോട്ടീസിൽ ആവശ്യപ്പെട്ടതുപോലെ ഒരു കോടി രൂപ നഷ്ടപരിഹാരം നൽകില്ലെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലൻ. ജമാഅത്തെ ഇസ്‌ലാമി നൽകിയ വക്കീൽ നോട്ടീസിന് വാർത്താസമ്മേളനത്തിൽ മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ഈ കേസുമായി ബന്ധപ്പെട്ട് ജയിലിൽ പോകാനാണ് വിധിയെങ്കിൽ അത് സന്തോഷപൂർവം സ്വീകരിക്കും. തൻ്റെ രാഷ്ട്രീയ ജീവിതത്തിനിടയിൽ മിച്ചഭൂമി സമരത്തിലും അധ്യാപക സമരത്തിലും പങ്കെടുത്തതിൻ്റെ പേരിൽ നിരവധി തവണ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ കേസിനെയും കോടതിയെയും ഭയമില്ല. തനിക്കെതിരെ അയച്ചിട്ടുള്ള വക്കീൽ നോട്ടീസിലെ കാര്യങ്ങൾ വസ്തുതാവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. തന്നെയും തൻ്റെ പാർട്ടിയെയും പൊതുസമൂഹത്തിന് മുന്നിൽ അപകീർത്തിപ്പെടുത്താനുള്ള ഗൂഢലക്ഷ്യത്തോടെ കെട്ടിച്ചമച്ചതാണ് ഈ പരാതികൾ. താനൊരു ന്യൂനപക്ഷ വിരുദ്ധനാണെന്ന് വരുത്തിത്തീർക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. എന്നാൽ കഴിഞ്ഞ 60 വർഷത്തിലേറെയായുള്ള തൻ്റെ പൊതുപ്രവർത്തനത്തിനിടയിൽ ഒരിക്കൽ പോലും മതനിരപേക്ഷതയ്ക്ക് എതിരായോ ന്യൂനപക്ഷ വിരുദ്ധമായോ പെരുമാറിയിട്ടില്ല.
നയം വ്യക്തമാക്കണം
തനിക്കെതിരെ നോട്ടീസ് അയച്ച ജമാഅത്തെ ഇസ്‌ലാമി അവരുടെ പ്രസ്ഥാനത്തിൻ്റെ നയവും ലക്ഷ്യവും എന്താണെന്ന് പൊതുസമൂഹത്തിന് മുന്നിൽ വ്യക്തമാക്കണം. ഈ സംഘടന ഇന്ത്യൻ ഭരണഘടനയെയും മതനിരപേക്ഷതയെയും അംഗീകരിക്കുന്നുണ്ടോ അതോ മതരാഷ്ട്രവാദമാണോ അവരുടെ ലക്ഷ്യമെന്ന കാര്യത്തിൽ വ്യക്തത വരുത്തിയതിന് ശേഷം വേണമായിരുന്നു തനിക്ക് നോട്ടീസ് അയക്കാൻ. താൻ ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങളായ മതേതരത്വം, ജനാധിപത്യം, സോഷ്യലിസം എന്നിവ മുറുകെ പിടിക്കുന്ന വ്യക്തിയാണ്. സോഷ്യലിസ്റ്റ് ആശയങ്ങളും തൊഴിലാളിവർഗ രാഷ്ട്രീയവും യാഥാർഥ്യമാക്കാൻ ശ്രമിക്കുന്ന ഒരാളാണ്. ഫാസിസ്റ്റ് വെല്ലുവിളികൾക്കെതിരെയും മതന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയും താൻ എപ്പോഴും ശബ്ദമുയർത്തിയിട്ടുണ്ടെന്നും അത് അവസാന നിമിഷം വരെ തുടരും.
വിദ്യാർഥി-ട്രേഡ് യൂണിയൻ പ്രവർത്തനത്തിലൂടെയാണ് രാഷ്ട്രീയത്തിൽ എത്തിയത്. ആകർഷകമായ ഒരു തൊഴിൽ മേഖല വേണ്ടെന്നു വച്ചാണ് പൊതുപ്രവർത്തനത്തിലേക്ക് എത്തിയത്. അക്കാലത്ത് സാമ്പത്തികമായി അത്ര മെച്ചപ്പെട്ട നിലയിലായിരുന്നില്ല കുടുംബം. എംപി, എംഎൽഎ, മന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ചപ്പോഴൊന്നും ജനങ്ങൾക്കിടയിൽ ഒരു തരത്തിലുള്ള ആക്ഷേപവും ഉണ്ടാക്കിയിട്ടില്ല. അഴിമതിയില്ലാത്ത ഒരു കമ്മ്യൂണിസ്റ്റുകാരനായിട്ടാണ് ഇന്നും ജീവിക്കുന്നത്. വിഎസ് അച്യുതാനന്ദൻ, പിണറായി വിജയൻ എന്നിവരുടെ നേതൃത്വത്തിലുള്ള സർക്കാരുകളിൽ വൈദ്യുതി, പട്ടികജാതി-പട്ടികവർഗക്ഷേമം, സാംസ്കാരികം തുടങ്ങിയ പ്രധാനപ്പെട്ട വകുപ്പുകൾ കൈകാര്യം ചെയ്തപ്പോൾ ജനക്ഷേമകരമായ നിരവധി പദ്ധതികൾ നടപ്പിലാക്കാൻ സാധിച്ചിട്ടുണ്ട്. ഇത് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധ പിടിച്ചുപറ്റി.
വ്യക്തിജീവിതത്തിലും പൊതുപ്രവർത്തനത്തിലും ഔദ്യോഗിക ജീവിതത്തിലും എതിരാളികളോട് പോലും സഭ്യമായ രീതിയിൽ മാത്രമേ പെരുമാറിയിട്ടുള്ളൂ. ഒരിക്കൽ പോലും എതിരാളികളെ അപമാനിക്കാനോ അധിക്ഷേപിക്കാനോ ശ്രമിച്ചിട്ടില്ല. മാതൃകാപരമായ പൊതുപ്രവർത്തനത്തിൻ്റെ ഭാഗമായാണ് കെപി കേശവമേനോൻ അവാർഡ് ഉൾപ്പെടെയുള്ള അംഗീകാരങ്ങൾ തേടിയെത്തിയത്. തൻ്റെ ഭാഗത്തുനിന്ന് മതസൗഹാർദത്തെ ബാധിക്കുന്ന ഒരു വാക്കോ പ്രവൃത്തിയോ ഉണ്ടായിട്ടില്ല. തനിക്കെതിരെ ഉയർന്നിട്ടുള്ള നിയമപരമായ കാര്യങ്ങളിൽ മുഖ്യമന്ത്രിയും പി ജയരാജനെപ്പോലുള്ള സിപിഎം നേതാക്കളും ഇതിനോടകം തന്നെ വ്യക്തത വരുത്തിയിട്ടുള്ളതിനാൽ ആ വിഷയങ്ങളിലേക്ക് കൂടുതൽ കടക്കുന്നില്ല.
താൻ പത്രസമ്മേളനം നടത്തിയിട്ടില്ലെന്നും വീട്ടിലെത്തിയ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുക മാത്രമാണ് ചെയ്തതെന്നും എകെ ബാലൻ വിശദീകരിച്ചു. തൻ്റെ പ്രതികരണങ്ങളെ തെറ്റായ രീതിയിൽ വളച്ചൊടിക്കുകയാണ് ചെയ്തത്. വയനാട് കോൺഗ്രസ് ക്യാമ്പ്, ശബരിമല കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സിപിഎം പ്രതിനിധികൾക്കെതിരെയുള്ള പാർട്ടി നടപടി തുടങ്ങിയ വിഷയങ്ങളിലാണ് അന്ന് പ്രതികരിച്ചത്.
Also Read:- ശബരിമല സ്വർണക്കൊള്ള: 'തന്ത്രി നാട്ടുകാരൻ' എന്ന് സജി ചെറിയാൻ; 'അന്വേഷണം കൃത്യ'മെന്ന് പി. രാജീവ്

