ETV Bharat / state

പരിമിതികളെ തോൽപ്പിച്ച നിശ്ചയദാർഢ്യം; സിവില്‍ സര്‍വീസ് 109-ാം റാങ്ക്; റെയിൽവേയിൽനിന്ന് ഐഎഎസിലേക്ക് അജയ് രാജ്

2024-ല്‍ 730-ാം റാങ്ക് നേടിയാണ് കാഴ്ചപരിമിതിയുള്ള അജയ് ഇന്ത്യന്‍ റെയില്‍വേ സര്‍വീസില്‍ പ്രവേശിച്ചത്. നിലവിലെ ജോലിയില്‍നിന്നു അവധിയെടുത്താണ് ഇത്തവണ അജയ് പരീക്ഷ എഴുതിയത്.

അജയ് രാജ്  ഐഎഎസ്  സിവില്‍ സര്‍വീസ്  IAS
Ajay Raj (ETV Bharat)
author img

By ETV Bharat Kerala Team

Published : March 6, 2026 at 8:05 PM IST

2 Min Read
Choose ETV Bharat

തിരുവനന്തപുരം: "സിവില്‍ സര്‍വീസ് പരിശീലനകാലത്തെ ഉയര്‍ച്ചതാഴ്ചകളായിരുന്നു തയാറെടുപ്പിലെ പ്രധാന വെല്ലുവിളി. പലപ്പോഴും സ്‌കോര്‍ കുറഞ്ഞു, ഉത്തരങ്ങൾ എഴുതാന്‍ സാധിച്ചില്ല. പഠനത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് പലപ്പോഴും മനസിലായിരുന്നില്ല.

ആ സമയത്ത് മാനസികമായി തളർന്നു. അതില്‍നിന്നുള്ള തിരിച്ചുവരവ് വലിയ വെല്ലുവിളിയായിരുന്നു" - സിവില്‍ സര്‍വീസിൽ 109-ാം റാങ്ക് നേടിയ അജയ് രാജ് തന്‍റെ പഠനകാലത്തെക്കുറിച്ച് പറഞ്ഞു. 2024-ല്‍ 730-ാം റാങ്ക് നേടിയാണ് കാഴ്ചപരിമിതിയുള്ള അജയ് ഇന്ത്യന്‍ റെയില്‍വേ സര്‍വീസില്‍ പ്രവേശിച്ചത്. നിലവിലെ ജോലിയില്‍നിന്നു അവധിയെടുത്താണ് ഇത്തവണ അജയ് പരീക്ഷ എഴുതിയത്.

എന്തുകൊണ്ട് സിവില്‍ സര്‍വീസ്?

സമൂഹത്തിനുവേണ്ടി ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്ന ഒരിടമാണ് സിവില്‍ സര്‍വീസ്. ആളുകളെ സഹായിക്കാന്‍ സാധിക്കുമെന്നതാണ് സിവില്‍ സര്‍വീസ് തിരഞ്ഞെടുക്കാന്‍ കാരണം. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന കാഴ്ചപ്പാടാണ് സമൂഹത്തിന് വേണ്ടത്.

Ajay Raj (ETV Bharat)

അടിസ്ഥാന സൗകര്യ വികസനം (Infrastructure Designing) മുതല്‍ എല്ലാ വിഭാഗങ്ങളെയും പരിഗണിക്കുന്ന തരത്തിലാവണം മാറ്റങ്ങൾ. കാഴ്ചപരിമിതിയുള്ള ഒരാൾ എന്ന നിലയില്‍ ഈ പദവിയിലേക്ക് വരുമ്പോള്‍ ഇത്തരം പ്രശ്‌നങ്ങളില്‍ കൃത്യമായി ഇടപെടാന്‍ എനിക്ക് കഴിയും.

അഞ്ചാം ശ്രമം

2020-ലാണ് സിവില്‍ സര്‍വീസിനായുള്ള തയ്യാറെടുപ്പ് തുടങ്ങിയത്. 2022 മുതല്‍ ഗൗരവത്തോടെ പഠിച്ചു തുടങ്ങി. ഓരോ വിഷയത്തിനും ദിവസേന എത്ര സമയം വീതം നല്‍കണമെന്ന് കൃത്യമായി പ്ലാന്‍ ചെയ്തിരുന്നു. ഈ ടൈംടേബിൾ കൃത്യമായി പാലിക്കാന്‍ ശ്രമിച്ചു. എല്ലാ ദിവസവും 10 മുതല്‍ 12 മണിക്കൂര്‍ വരെ പഠിച്ചിരുന്നു. സോഷ്യോളജിയായിരുന്നു ഓപ്ഷണല്‍ വിഷയം. ലീഡ്‌സ് ഐഎഎസ് അക്കാഡമിയില്‍ ആയിരുന്നു പരിശീലനം.

വിദ്യാഭ്യാസം

2017-ല്‍ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ഓൾ ഇന്ത്യ തലത്തിൽ കേരളത്തിൽ നിന്നുള്ള ടോപ്പറായിരുന്നു അജയ്. ഡല്‍ഹി സെയിന്റ് സ്റ്റീഫന്‍സ് കോളജില്‍നിന്ന് ഇംഗ്ലീഷില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തുടര്‍ന്ന് ജെആർഎഫ് (JRF) ലഭിച്ചു. 2021 മുതല്‍ 2025 വരെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ അധ്യാപകനായി ജോലി ചെയ്തു.

കുടുംബം

കോഴിക്കോട് തൊട്ടില്‍പ്പാലമാണ് സ്വദേശം. പിതാവ് രാജന്‍ വിദേശത്തായിരുന്നു. മാതാവ് രാധ. സഹോദരൻ റിനോജ് കേരള സര്‍വകലാശാല പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറാണ്. തന്‍റെ വിജയത്തിൽ സഹോദരൻ വലിയ പിന്തുണ നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു.

ഇത്തവണ 958 പേരെയാണ് യുപിഎസ്‌സി ഷോര്‍ട്ട് ലിസ്റ്റ് ചെയ്‌തത്. പരീക്ഷാർഥികൾക്ക് കമ്മിഷൻ്റെ ഔദ്യോഗിക വെബ്സൈറ്റുകളായ upsc.gov.in, upsconline.nic.in എന്നിവയിലൂടെ ഫലം പരിശോധിക്കാം. 2025 മെയ് 25-ന് നടന്ന പ്രിലിംസ് പരീക്ഷയോടെയാണ് തെരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചത്.

പ്രധാന പരീക്ഷ (മെയിൻസ്) 2025 ഓഗസ്റ്റ് 22 മുതൽ ഓഗസ്റ്റ് 31 വരെ നടന്നു. അവസാന ഘട്ടമായ ഇൻ്റര്‍വ്യൂ വഴിയുള്ള പേഴ്‌സണാലിറ്റി ടെസ്റ്റ് 2026 ഫെബ്രുവരി 27-ന് അവസാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫലം പ്രസിദ്ധീകരിച്ചത്.

Also Read: കഷ്‌ടപ്പാടിൻ്റെ പടവുകൾ താണ്ടി സിവിൽ സർവീസിലേക്ക്; ആദ്യശ്രമത്തിൽ 57-ാം റാങ്കുമായി ശ്രീജ