ETV Bharat / state

'മാറ്റത്തിൻ്റെ ശബ്‌ദമാകൂ ഭാവി രൂപപ്പെടുത്തൂ'; കേരളത്തിൽ ടാലൻ്റ് ഹണ്ടുമായി എഐസിസി

കോൺഗ്രസിൻ്റെ ശബ്ദമാകാൻ വക്താക്കളെയും ഗവേഷകരെയും തേടി എഐസിസി കേരളത്തിൽ ടാലൻ്റ് ഹണ്ട് സംഘടിപ്പിക്കുന്നു. താല്‍പര്യമുള്ളവർക്ക് ക്യൂആർ കോഡ് വഴി ഫെബ്രുവരി 28 വരെ അപേക്ഷിക്കാം

AICC Launches Talent Hunt in Kerala
കേരളത്തിൽ ടാലൻ്റ് ഹണ്ടുമായി എഐസിസി (ETV Bharat)
author img

By ETV Bharat Kerala Team

Published : February 25, 2026 at 1:06 PM IST

3 Min Read
Choose ETV Bharat

അരവിന്ദ് ബാബു

തിരുവനന്തപുരം: ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ രാഷ്ട്രീയ നിലപാടുകൾ പൊതുസമൂഹത്തിൽ കൃത്യമായി അവതരിപ്പിക്കാനും വ്യാജപ്രചരണങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാനും ലക്ഷ്യമിട്ട് എഐസിസി മീഡിയ വിഭാഗം കേരളത്തിൽ ടാലൻ്റ് ഹണ്ട് സംഘടിപ്പിക്കുന്നു. വക്താക്കൾ, ഗവേഷകർ, സോഷ്യൽ മീഡിയ വിദഗ്ധർ എന്നിവരടങ്ങിയ ശക്തമായ ഒരു മാധ്യമ പാനലിനെ വാർത്തെടുക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

കഴിഞ്ഞ രണ്ടുവർഷമായി വിവിധ സംസ്ഥാനങ്ങളിൽ ദേശീയ വക്താക്കളെയും മാധ്യമ പാനലിസ്റ്റുകളുടെ ടീമിനെയും കണ്ടെത്തി പരിശീലനം നൽകുന്ന പരിപാടിയുടെ ഭാഗമായാണ് കേരളത്തിലും ടാലൻ്റ് ഹണ്ട് സംഘടിപ്പിക്കുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ശബ്ദം പൊതുസമൂഹത്തിൽ ഉയർത്തുന്നവർക്ക് ആവശ്യമായ വിവരശേഖരണം നടത്തി ശാക്തീകരിക്കുന്നതോടൊപ്പം കോൺഗ്രസിനെതിരായ വ്യാജപ്രചരണങ്ങളെ ചെറുക്കുന്നതിന് വക്താക്കളെയും മാധ്യമ പാനലിസ്റ്റുകളെയും സജ്ജരാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. വക്താവ്, റിസർച്ച് കോർഡിനേറ്റർ, പബ്ലിസിറ്റി കോർഡിനേറ്റർ എന്നിങ്ങനെയുള്ള പദവികളിലേക്കാണ് ടാലൻ്റ് ഹണ്ടിലൂടെ പ്രതിനിധികളെ കണ്ടെത്തുന്നത്. ഓരോ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കുന്നവർക്ക് പരിഗണിക്കുന്ന വിവിധ യോഗ്യതകളാണ് നിഷ്‌കർഷിച്ചിട്ടുള്ളത്.

പദവിയും യോഗ്യതകളും

1. വക്താവ് / മീഡിയ പാനലിസ്റ്റ്:

വിഷയങ്ങൾ വ്യക്തമായി അവതരിപ്പിക്കാനും മാധ്യമങ്ങളിൽ ആത്മവിശ്വാസത്തോടെയും ശാസ്ത്രീയമായ രീതിയിലും വസ്തുതകൾ അവതരിപ്പിക്കാനും കഴിയുന്ന വ്യക്തികൾ.

2. റിസർച്ച് കോർഡിനേറ്റർ:

വിവിധ വിഷങ്ങളിൽ ഗവേഷണവും പരിശോധനയും നടത്തി ഡാറ്റകൾ അപഗ്രഥനം നടത്തി അവ ശേഖരിക്കാൻ കഴിയുന്ന വ്യക്തികൾ. പിഎച്ച്ഡി / എംഫിൽ നേടിയവർ, പുസ്തക രചയിതാക്കൾ, എഴുത്തുകാർ, ഡാറ്റ സയൻ്റിസ്റ്റുകൾ, മുൻ മാധ്യമപ്രവർത്തകർ എന്നിവർ അനുയോജ്യരാണ്.

3. പബ്ലിസിറ്റി കോർഡിനേറ്റർ:

സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർമാർ, ഇൻ്റർനെറ്റിലൂടെ ആശയവിനിമയം നടത്താൻ കഴിവുള്ളവർ, വാട്‌സ്ആപ്പ് നെറ്റ് വർക്കുകൾ സൃഷ്ടിക്കുന്നതിലും, ഡിജിറ്റൽ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ കഴിവുള്ളവരും, താഴെത്തട്ടിൽ ജനങ്ങളെ സജ്ജീകരിക്കാൻ കഴിവുള്ള വ്യക്തികൾ, സന്ദേശങ്ങൾ വ്യാപകമായി പ്രചരിപ്പിക്കാൻ കഴിവുള്ളവർ എന്നിവർക്കും ടാലൻ്റ് ഹണ്ടിന്റെ ഭാഗമാകാം. കെപിസിസി മാധ്യമ വിഭാഗത്തിൻ്റെ ഭാഗമായി ചാനൽ ചർച്ചകളിൽ വക്താക്കളായി പങ്കെടുക്കുന്നവർക്കും പുതിയതായി കടന്നു വരാൻ ആഗ്രഹിക്കുന്നവർക്കും പങ്കെടുക്കാവുന്നതാണ്.

അപേക്ഷിക്കേണ്ട വിധം

ടാലൻ്റ് ഹണ്ടിൽ പങ്കെടുക്കാൻ പ്രത്യേകമായി ഓൺലൈൻ രജിസ്ട്രേഷൻ പാർട്ടിക്കുള്ളിൽ ആരംഭിച്ചിട്ടുണ്ട്. കോൺഗ്രസ് പുറത്ത് വിട്ടിട്ടുള്ള ടാലൻ്റ് ഹണ്ടിൻ്റെ പോസ്റ്ററിലെ ക്യൂആർ കോഡ് സ്‌കാൻ ചെയ്താണ് അപേക്ഷ പൂരിപ്പിച്ച് സമർപ്പിക്കേണ്ടത്. ക്യൂആർ കോഡ് സ്‌കാൻ ചെയ്യുമ്പോൾ എത്തിച്ചേരുന്ന ഗൂഗിൾ ഫോമിലാണ് വ്യക്തിവിവരങ്ങൾ അടക്കമുള്ള നൽകേണ്ടത്. വ്യക്തിവിവരങ്ങൾക്ക് പുറമേ വിദ്യാഭ്യാസ യോഗ്യത, സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നതിലുള്ള കഴിവ്, ഭാഷകളിലുള്ള അറിവ്, രാഷ്ട്രീയ പാർട്ടികളുമായുള്ള ബന്ധം എന്നിവ സംബന്ധിച്ചും ചോദ്യങ്ങളുണ്ട്. ഇതിന് പുറമേ മേൽപ്പറഞ്ഞിട്ടുള്ള പദവികളിലേക്ക് പാർട്ടിയെ പ്രതിനിധീകരിക്കാൻ എന്തു കൊണ്ട് ആഗ്രഹിക്കുന്നുവെന്ന് പരമാവധി 200 വാക്കുകളിൽ വിശദീകരിച്ച് എഴുതണം.

ഏതെങ്കിലും മൂന്ന് പ്രധാന വിഷയങ്ങൾ സംരക്ഷിക്കാൻ കോൺഗ്രസ് നിലകൊള്ളേണ്ടതിൻ്റെ ആവശ്യകതയും വിശദീകരിക്കണം. ഇതിന് പുറമേ വോട്ട്‌ചോരി, സ്ത്രീ സുരക്ഷ, മുസ്ലീം പ്രാതിനിധ്യം, ഇന്ത്യയുടെ വിദേശനയം അല്ലെങ്കിൽ ആർട്ടിക്കിൾ 370 റദ്ദാക്കൽ സംബന്ധിച്ച് പെട്ടുന്നുണ്ടായ വിവാദത്തിനോ മാധ്യമ ആക്രമണത്തിനോ മറുപടി നൽകുന്ന മൂന്ന് മിനിറ്റ് ദൈറഘ്യമുള്ള വീഡിയോ കൂടി ഇതിനൊപ്പം തയാറാക്കി നൽകണം. ഇതിനെല്ലാം പുറമേ രണ്ട് പേജിൽ തയാറാക്കിയിട്ടുള്ള ബയോഡേറ്റയും അപേക്ഷയ്‌ക്കൊപ്പം സമർപ്പിക്കണം. ഫെബുവരി 28 വരെയാണ് അപേക്ഷ സ്വീകരിക്കുന്നത്. ഇതിന് ശേഷം അപേക്ഷകൾ പരിശോധിച്ച് അവയിൽ നിന്നു തിരഞ്ഞെടുക്കപ്പെടുന്നവരുമായി ഫെബ്രുവരി അഞ്ചിന് എറണാകുളത്തും ആറിന് തിരുവനന്തപുരത്തും കൂടിക്കാഴ്ച നടത്തി മറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കും.

ടാലൻ്റ് ഹണ്ടിൽ പ്രത്യേകത ഇല്ല

എല്ലാക്കാലത്തും എഐസിസി ഇത്തരത്തിൽ വിവിധ സംസ്ഥാനങ്ങളിൽ ടാലൻ്റ് ഹണ്ടുകൾ സംഘടിപ്പിക്കാറുണ്ടെന്നും അതിൽ പ്രത്യേകത കാണേണ്ടതില്ലെന്നും സംസ്ഥാനത്തെ മീഡിയ സെല്ലിൻ്റെ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് ഇ ടിവി ഭാരതിനോട് പറഞ്ഞു.

ടാലൻ്റ് ഹണ്ട് ഇത് ആദ്യമല്ല

2012-ല്‍ രാഹുൽ ഗാന്ധി യൂത്ത് കോൺഗ്രസിൽ ടാലൻ്റ് ഹണ്ട് സംഘടിപ്പിച്ചിരുന്നു. 40 പേരെ തിരഞ്ഞെടുത്ത് കോൺഗ്രസിൻ്റ് 'തിങ്ക്-ടാങ്കുകൾ' ആക്കുകയായിരുന്നു പ്രധാനലക്ഷ്യം. അതിനുശേഷം 2025ൽ വീണ്ടും സംഘടിപ്പിച്ചിരുന്നു. അന്ന് കേരളത്തിൽ നിന്നുള്ള അഡ്വ. വസന്ത് സിറിയക് തെങ്ങുംപള്ളി രണ്ടാം സ്ഥാനം നേടി. കോൺഗ്രസ് മീഡിയ പാനലിസ്റ്റും യൂത്ത് കോൺഗ്രസ് സംസ്ഥാന വക്താവും കേരള ഹൈക്കോടതി അഭിഭാഷകനുമാണ് ഇദ്ദേഹം.

വിവിധ സംസ്ഥാനങ്ങളിലെ മത്സരത്തിനുശേഷം ദക്ഷിണേന്ത്യൻ മത്സരവും സ്‌ക്രീനിങ്ങും വിജയിച്ചാണ് രണ്ടാം സ്ഥാനത്തെത്തിയത്. അസം സ്വദേശിക്കായിരുന്നു അന്ന് ഒന്നാം സ്ഥാനം. ജയറാം രമേശ്, പവൻ രേഖ, സുപ്രിയ ഷിൻഡേ എന്നിവരടങ്ങിയ പാനലാണ് വിജയികളെ തിരഞ്ഞെടുത്തത്.

നിലവിൽ ബീഹാറിലും കേരളത്തിലും നാഗാലാന്‍ഡിലും

നിലവിൽ ഇവിടെയും ബീഹാറിലും നാഗാലാന്‍ഡിലും കോൺഗ്രസ് ടാലൻ്റ് ഹണ്ട് സംഘടിപ്പിക്കുകയാണ്. 'ബീഹാർ കി ആവാസ്' എന്നാണ് ബീഹാറിൽ ഇതിന് പേരിട്ടിരിക്കുന്നത്.

'മാറ്റത്തിൻ്റെ ശബ്ദമാകൂ ഭാവി രൂപപ്പെടുത്തൂ' എന്നതാണ് കേരളത്തിലെ ടാലൻ്റ് ഹണ്ടിൻ്റെ പ്രചാരണവാക്യം. 'ഉണരൂ, സംസാരിക്കൂ, പ്രതിനിധീകരിക്കൂ' (RISE,SPEAK,REPRESENT) എന്ന ടാഗ് ലൈനോടെയാണ് നാഗാലാന്‍ഡിലെ ടാലൻ്റ് ഹണ്ട്.

Also Read: ഡാറ്റ ചോർത്തിയത് മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ ആവശ്യപ്രകാരം; നിർണായക കത്ത് പുറത്തുവിട്ട് രമേശ് ചെന്നിത്തല