ETV Bharat / state

കേരളത്തില്‍ മികച്ച ഒരു ഭരണ മാറ്റത്തിനായി പ്രാർഥന; കന്നിപ്പൊങ്കാല അർപ്പിച്ച് എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി

ആറ്റുകാലമ്മയ്ക്ക് കന്നിപ്പൊങ്കാല അർപ്പിച്ച് എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി. പൊങ്കാല മതേതരത്വത്തിൻ്റെയും സ്ത്രീശാക്തീകരണത്തിൻ്റെയും ഉത്തമ ഉദാഹരണമാണെന്നും ദീപാദാസ് മുൻഷി

Deepa Das Munsi
ദീപാദാസ് മുൻഷി (ETV Bharat)
author img

By ETV Bharat Kerala Team

Published : March 3, 2026 at 6:00 PM IST

|

Updated : March 3, 2026 at 6:07 PM IST

2 Min Read
Choose ETV Bharat

തിരുവനന്തപുരം: ആറ്റുകാലമ്മയ്ക്ക് പൊങ്കാല സമര്‍പ്പിച്ച പ്രമുഖരില്‍ കേരളത്തിൻ്റെ ചുമതലുള്ള എഐസിസി ജനറല്‍ സെക്രട്ടറിയും മുന്‍ എംപിയുമായ ദീപാദാസ് മുന്‍ഷിയും. കെപിസിസി ജനറല്‍ സെക്രട്ടറി മണക്കാട് സുരേഷിൻ്റെ മണക്കാട്ടെ വസതിയിലാണ് കെപിസിസിയുടെ മറ്റൊരു ജനറല്‍ സെക്രട്ടറികൂടിയായ ദീപ്തി മേരി വര്‍ഗീസിനൊപ്പം അവര്‍ പൊങ്കാലയിട്ടത്. പൊങ്കാലയിട്ടത് വല്ലാത്ത അനുഭവമെന്ന് ഇ ടിവി ഭാരതിനോടു വിശേഷിപ്പിച്ച ദാസ് മുന്‍ഷി ഇത് ജീവിതത്തിലെ ആദ്യത്തെ സംഭവമാണെന്നും വ്യക്തമാക്കി.

പായസത്തിന് തീ കൊളുത്തുമ്പോള്‍ നമ്മുടെ മനസിനെ സ്വാംശീകരിക്കുന്ന അനുഭവമാണെന്ന് അവര്‍ പറഞ്ഞു. അപ്പോള്‍ കണ്ണുകള്‍ നിറയുന്നതും മറ്റും ഒരനുഭവമാണ്. ആറ്റുകാല്‍ പൊങ്കാല എന്നത് ഒരു തരം സ്ത്രീ ശാക്തീകരണമാണ്. ജാതി, മത, വര്‍ഗീയ ചിന്തകള്‍ക്കതീതമായ ഒരു മതേതര ആഘോഷമാണിത്. ഇവിടെ ചുറ്റുമിരിക്കുന്നവരെ നമുക്ക് പരിചയമില്ലെങ്കിലും എല്ലാവരും ചെയ്യുന്നത് ഒരേ കാര്യമാണ്. ഇന്ന് ഉത്തരേന്ത്യ ഹോളി ആഘോഷിക്കുകയാണ്. അതേ സമയത്താണ് ഇവിടെ മതേരമായ ഒരാഘോഷം എല്ലാവരും ചേര്‍ന്ന് നടത്തുന്നത്.

ദീപാദാസ് മുൻഷി (ETV Bharat)

ഇത് എന്നെ സംബന്ധിച്ച് വല്ലാത്തൊരനുഭവമാണ്. കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ പൊങ്കാലയുടെ ഭാഗമായി സ്വാഭാവികമായും ഞാന്‍ പ്രാര്‍ഥിച്ചത് കേരളത്തിനു വേണ്ടിയാണ്. കഴിഞ്ഞ രണ്ടു വര്‍ഷത്തെ എൻ്റെ അനുഭവത്തില്‍ കേരളത്തിലെ ജനങ്ങള്‍ ഒരു മാറ്റം ആഗ്രഹിക്കുന്നു. കേരളത്തിലെ ജനങ്ങള്‍ അവരുടെ കുട്ടികള്‍ക്ക് മെച്ചപ്പെട്ട ഒരു ജോലി ആഗ്രഹിക്കുന്നു. കേരളത്തിലെ തൊഴിലില്ലായ്മ അതി രൂക്ഷമാണ്. അതേ സമയം മാതാപിതാക്കള്‍ അവരുടെ മക്കള്‍ ജോലി തേടി മറ്റു സംസ്ഥാനങ്ങളിലേക്കോ മറ്റു രാജ്യങ്ങളിലേക്കോ പോകുന്നത് ആഗ്രഹിക്കുന്നില്ല. എന്തു കൊണ്ട് ഈ സംസ്ഥാനത്തെ യുവാക്കള്‍ അസ്വസ്ഥരാകുന്നു. എന്തു കൊണ്ട് ഇവിടെ മയക്കു മരുന്ന് കടന്നു വരുന്നു. ഇന്നത്തെ അസ്വസ്ഥമായ കേരളത്തെ പുനരുജ്ജീവിപ്പിക്കാന്‍ കേരളം ആഗ്രഹിക്കുന്നു. അതു കൊണ്ട് യുഡിഎഫ് അധികാരത്തിലെത്തണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.

ഇത് വെറും രാഷ്ട്രീയമല്ല, കേരളം ആവശ്യപ്പെടുന്നതാണ്. അമ്മയ്ക്ക് ഞാന്‍ സമര്‍പ്പിച്ചത് പായസമാണ്. പായസം എനിക്കറിയാം എന്നു മാത്രമല്ല, ഞാന്‍ നല്ലൊരു പാചകക്കാരി കൂടിയാണ്. കേരളത്തിലെ അപ്പവും സ്റ്റൂവും എനിക്കേറെ ഇഷ്ടമാണ്. പിന്നെ മുട്ടക്കറി കേരളത്തില്‍ തയ്യാറാക്കുന്നത് എനിക്ക് ഏറെ ഇഷ്ടമാണ്. അതുപോലെ കൊച്ചിയിലെ ഉണ്ണിയപ്പം വളരെ ഇഷ്ടമാണ്. പൊങ്കാല തയ്യാറാക്കുമ്പോഴുള്ള ചൂടും പുകയുമൊന്നും എനിക്ക് പ്രശ്‌നമല്ല. ഞങ്ങള്‍ ബംഗാളികള്‍ വീട്ടില്‍ ദുര്‍ഗാപൂജ നടത്താറുണ്ട്. ദൂര്‍ഗാ പൂജ വീട്ടില്‍ നടത്തിയാലും ക്ഷേത്രങ്ങളില്‍ നടത്തിയാലും ഇത്തരത്തില്‍ പുകയും ചൂടുമുയരാറുണ്ട്. അതുകൊണ്ട് ഇതൊന്നും എനിക്കൊരു പ്രശ്‌നമല്ല. കഴിഞ്ഞ വര്‍ഷം പൊങ്കാല അര്‍പ്പിക്കണമെന്നുണ്ടായിരുന്നെങ്കിലും ഞാന്‍ സ്ഥലത്തുണ്ടായിരുന്നില്ല. ഇതെൻ്റെ ആദ്യ അനുഭവം, പക്ഷേ ഒരിക്കലും മറക്കാനാകാത്ത അനുഭവമെന്നും ദീപാദാസ് മുന്‍ഷി പറഞ്ഞു.

Last Updated : March 3, 2026 at 6:07 PM IST