പശ്ചിമേഷ്യന്‍ സംഘര്‍ഷം; 'ആശങ്കപ്പെടേണ്ട സാഹചര്യമില്ല'; ദുബായ്‌യില്‍ കുടുങ്ങിയ നടി സ്വാസിക മടങ്ങിയെത്തി
ദുബായ്‌യില്‍ നിന്നും സ്വാസികയും ഭര്‍ത്താവും തിരികെയെത്തി. ഫെബ്രുവരി 28ന് തിരിച്ചെത്തേണ്ടതായിരുന്നു. ബോളിവുഡ് താരം ഇഷ ഗുപ്‌തയും നാട്ടിലെത്തി.

Published : March 4, 2026 at 9:29 AM IST
എറണാകുളം: പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരവേ ദുബായ്‌യില്‍ കുടുങ്ങിയതിന് പിന്നാലെ നാട്ടില്‍ തിരിച്ചെത്തി മലയാളി സിനിമാ നടി സ്വാസിക. ഇന്ന് രാവിലെയാണ് ഭര്‍ത്താവിനൊപ്പം സ്വാസിക കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തിയത്. 'നിലവില്‍ കൂടുതല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന്' നടി പറഞ്ഞു. 'എന്നാല്‍ ഇത്തരമൊരു സാഹചര്യത്തില്‍ മറ്റൊരു രാജ്യത്ത് ആയിരിക്കുകയെന്നത് ആരെയും ഉത്‌കണ്ഠാകുലരാക്കും'. നമ്മള്‍ മറ്റൊരു രാജ്യത്ത് നിന്നുള്ളവരാകുമ്പോള്‍ ശരിക്കും ഭയമുണ്ടായിരുന്നു. ഫെബ്രുവരി 28ന് താന്‍ നാട്ടില്‍ എത്തേണ്ടതായിരുന്നു. അതിനിനിടെയാണ് വിമാന സര്‍വീസുകളെല്ലാം മുടങ്ങിയത്. തുടര്‍ന്ന് അവിടെ തന്നെ നില്‍ക്കേണ്ടതായി വന്നൂവെന്നും' സ്വാസ്വിക പറഞ്ഞു.
ഇഷ ഗുപ്‌തയും മടങ്ങി: സംഘര്‍ഷങ്ങളെ തുടര്‍ന്ന് യുഎഇയില്‍ കുടുങ്ങിയ ബോളിവുഡ് നടി ഇഷഗുപ്‌തയും നാട്ടിലേക്ക് മടങ്ങി. സുരക്ഷിതയായി നാട്ടില്‍ തിരിച്ചെത്തിയെന്ന് താരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. 'എല്ലാവരുടെയും പ്രാര്‍ഥനകള്‍ക്ക് വളരെയധികം നന്ദിയെന്ന്' താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.'കഴിച്ച് കൂട്ടിയ നിമിഷങ്ങള്‍ ഏറെ പ്രയാസകരമായിരുന്നു. എല്ലാവരും സുരക്ഷിതരായിക്കാന്‍ ദൈവത്തിന്‍റെ അനുഗ്രഹം ഉണ്ടാകട്ടെ. 28ന് താന്‍ വിമാനത്താവളത്തിലെത്തിയപ്പോഴാണ് വിമാന സര്‍വീസുകള്‍ റദ്ദാക്കിയത്. ഉച്ചയ്‌ക്ക് 1 മണിയോടെ വിമാനത്താവളങ്ങള്‍ അടച്ചു. എന്താണ് സംഭവിക്കുന്നത് അറിയാനാകുന്നില്ലായിരുന്നു. പിന്നീടാണ് മിസൈല്‍ ആക്രമണങ്ങളെ കുറിച്ച് വിവരം ലഭിക്കുന്നത്. അപരിചിതരാണെങ്കിലും യാത്രക്കാര്‍ പരസ്‌പരം സമാധാനിപ്പിച്ച് കൊണ്ടിരുന്നുവെന്നും' നടി ഗുപ്‌ത സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇറാന്‍ ഇസ്രയേല്‍ സംഘര്‍ഷം നാലാം ദിനത്തിലേക്ക് കടന്നു. ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാമനേയി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ആക്രമണം കൂടുതല്‍ കടുത്തത്. നേതാവ് കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാന്‍ ഗള്‍ഫ് രാജ്യങ്ങളിലെ അടക്കം യുഎസ് സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്ത് തുടങ്ങി. ഇതോടെ ആക്രമണവും പ്രത്യാക്രമണവും രൂക്ഷമായി പശ്ചിമേഷ്യ കലാപ കലുഷിതമായി. ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണത്തില്‍ ഇറാനില്‍ മരണ സംഖ്യ ഉയര്‍ന്നു. മരിച്ചവരുടെ എണ്ണം 1000 മറികടന്നുവെന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം പരമോന്നത നേതാവ് ആയത്തുള്ള അലി ഖാമനേയിയുടെ മരണത്തിന് പിന്നാലെ പിന്‍ഗാമിയായി മകന്‍ മൊജ്‌തബ ഖാമനേയിയെ തെരഞ്ഞെടുത്തതായി സൂചനകള്‍ പുറത്ത് വരുന്നുണ്ട്. എന്നാല്‍ നിലവില്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഇറാനില്‍ അടുത്ത പരമോന്നത നേതാവിനെ തെരഞ്ഞെടുക്കും വരെ മൂന്നംഗ സമിതിക്കാണ് ഭരണ ചുമതല.

