മന്ത്രിയെ ആക്രമിക്കുന്ന ദൃശ്യം നൽകിയാൽ ഒരു ലക്ഷം രൂപ; വീണാ ജോർജിൻ്റേത് പൊറാട്ടുനാടകമെന്ന് യൂത്ത് കോൺഗ്രസ്
രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് ഈ പിആർ നാടകമെന്ന് അബിൻ വർക്കി. കാമറ ദൃശ്യങ്ങളിലൊന്നും മന്ത്രിക്ക് പരിക്കേറ്റതായി വ്യക്തമല്ല. ഇതിൻ്റെ പേരിൽ കോൺഗ്രസിനെ ആക്രമിച്ചാൽ ശക്തമായി തിരിച്ചടിക്കും.

Published : February 26, 2026 at 3:49 PM IST
കണ്ണൂർ: ആരോഗ്യമന്ത്രി വീണ ജോർജിന് നേരെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പറയപ്പെടുന്ന കെഎസ്‌യു ആക്രമണം സർക്കാരിൻ്റെ ഭരണവിരുദ്ധ വികാരവും ആരോഗ്യവകുപ്പിൻ്റെ വീഴ്ചകളും മറച്ചുവയ്ക്കാൻ ലക്ഷ്യമിട്ടുള്ള കേവലമൊരു നാടകം മാത്രമായിരുന്നുവെന്ന് യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി അബിൻ വർക്കി. മന്ത്രിയെ കെഎസ്‌യു പ്രവർത്തകർ ആക്രമിക്കുന്നതിൻ്റെ ഏതെങ്കിലും ഒരു ദൃശ്യം പുറത്തുവിടാൻ സിപിഎമ്മിനെയോ ഡിവൈഎഫ്ഐയെയോ വെല്ലുവിളിക്കുന്നതായും അങ്ങനെ തെളിവ് നൽകുന്നവർക്ക് ഒരു ലക്ഷം രൂപ ഇനാം നൽകുമെന്നും അബിൻ വർക്കി പ്രഖ്യാപിച്ചു. രാഹുൽ ഗാന്ധി കണ്ണൂരിൽ കർഷകരുമായി സംവദിക്കാനും വയനാട്ടിൽ കോൺഗ്രസിൻ്റെ ഭവന പദ്ധതിയുടെ തറക്കല്ലിടൽ കർമം നിർവഹിക്കാനും എത്തുന്ന പശ്ചാത്തലത്തിൽ ഇതിൽ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനായി ചില പിആർ ഏജൻസികളുടെ നിർദേശപ്രകാരം സിപിഎം കരുതിക്കൂട്ടി കളിച്ച പൊറാട്ട് നാടകമാണിതെന്നും അദ്ദേഹം ആരോപിച്ചു.
ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്
സംഭവവികാസങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ കാര്യങ്ങൾ വളരെ വ്യക്തമാണെന്ന് അബിൻ വർക്കി ചൂണ്ടിക്കാട്ടി. മന്ത്രി കാറിൽ നിന്ന് ഇറങ്ങി വരുന്നത് മുതൽ കൃത്യമായ സീനുകളായി ഇതിനെ മനസിലാക്കാം. ഒന്നാമതായി മന്ത്രി കാറിൽ നിന്ന് ഇറങ്ങിവരുന്നു. രണ്ടാമതായി കെഎസ്‌യുവിൻ്റെ നാലോ അഞ്ചോ പ്രവർത്തകർ കരിങ്കൊടി കാണിക്കാൻ മന്ത്രിയുടെ അടുത്തേക്ക് വരുന്നു. മൂന്നാമത്തെ സീനിൽ അവിടെയുണ്ടായിരുന്ന അൻപതോളം പൊലീസുകാർ, അതായത് ഒരു പ്രവർത്തകന് പത്ത് പൊലീസ് എന്ന കണക്കിൽ ഇവരെ തടയുകയും കരിങ്കൊടി പിടിച്ചുവാങ്ങുകയും ചെയ്യുന്നു.
ഈ സമയം പത്തോളം പൊലീസുകാർ മന്ത്രിക്ക് ചുറ്റും വലയം തീർക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. നാലാമത്തെ സീനിൽ അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്ന കെഎസ്‌യു പ്രവർത്തകരെ മന്ത്രി പുറകെ നടന്ന് ചീത്ത വിളിക്കുന്നതും പൊലീസുകാരോട് കയർക്കുന്നതുമാണ് കാണാൻ കഴിയുന്നത്. എസ്ഐ അടക്കമുള്ളവർ മന്ത്രിയെ പിടിച്ചുനിർത്താൻ പെടാപ്പാട് പെടുകയായിരുന്നു. ഈ സമയത്തൊന്നും കെഎസ്‌യു പ്രവർത്തകർ മന്ത്രിയുടെ ഏഴയൽപക്കത്ത് പോലും എത്തിയിട്ടില്ല എന്നത് യാഥാർഥ്യമാണെന്നും അദ്ദേഹം പറഞ്ഞു.
തുടർന്ന് ഒന്നാമത്തെ പ്ലാറ്റ്‌ഫോമിലേക്ക് കടന്നുവരുന്ന മന്ത്രി മാധ്യമങ്ങളാണ് കെഎസ്‌യുക്കാർക്ക് വളം വച്ചുകൊടുക്കുന്നതെന്നും നിങ്ങളില്ലായിരുന്നെങ്കിൽ ഇവർ ഇവിടെ വരില്ലായിരുന്നുവെന്നും പറയുന്നുണ്ടെന്ന് അബിൻ വർക്കി ഓർമിപ്പിച്ചു. തനിക്ക് ഒരു കുഴപ്പവുമില്ലെന്നും നേരെ വന്ദേഭാരതിൽ കയറി പോകുകയാണെന്നും അവർ വ്യക്തമാക്കുന്നു. കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ ഒന്നാമത്തെ പ്ലാറ്റ്‌ഫോമിൽ നിന്ന് പടികൾ സ്വയം കയറി വളരെ സന്തോഷത്തോടെ മൂന്നാമത്തെ പ്ലാറ്റ്‌ഫോമിലേക്ക് എത്തുന്നതിന് ശേഷമാണ് യഥാർഥ ഗൂഢാലോചന നടക്കുന്നത്.
അവിടെവച്ച് എ എൻ ഷംസീറിനെ കാണുകയും ഇത് ഇങ്ങനെ വിട്ടാൽ പറ്റില്ലെന്നും ഉടനെ മുഖ്യമന്ത്രിയെ വിളിക്കണമെന്നും അദ്ദേഹം പറയുകയും ചെയ്യുന്നു. മുഖ്യമന്ത്രിയെ ഫോൺ വിളിക്കാൻ തുടങ്ങിയപ്പോൾ മുതൽ മന്ത്രിയുടെ മുഖഭാവം മാറുകയും വല്ലായ്മ പ്രകടിപ്പിക്കുകയും കഴുത്തിനും കൈക്കും മുറിവുള്ളതായി കാണിക്കുകയുമായിരുന്നു. പെട്ടെന്ന് തന്നെ മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ അഡ്മിറ്റ് ആകാൻ നിർദേശം ലഭിക്കുകയും സഹമന്ത്രി വന്ദേഭാരതിൽ യാത്ര തുടരുമ്പോൾ ആരോഗ്യമന്ത്രി ആംബുലൻസിൽ ആശുപത്രിയിലേക്ക് പോകുന്നതുമാണ് പിന്നീട് കണ്ടത്. ഇതെല്ലാം നാടകമാണെന്ന് ഇതിൽ നിന്നും പകൽപോലെ വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാമറകളിലെ ദൃശ്യങ്ങൾ എവിടെ?
റെയിൽവേ സ്റ്റേഷനിൽ ആർപിഎഫിൻ്റെയും പത്തോളം വാർത്താ ചാനലുകളുടെയും കാമറകൾ ഉണ്ടായിരുന്നു. പാർട്ടി ചാനലിൻ്റെയും ഡിവൈഎഫ്ഐക്കാരുടെയും അടക്കം മന്ത്രിയുടെ സ്വന്തം ടീമിൻ്റെ വരെ റീൽസ് കാമറകൾ ഉൾപ്പെടെ പതിനഞ്ചോളം കാമറകൾ അവിടെയുണ്ടായിരുന്നു. ഇതിൽ ഏതെങ്കിലും ഒന്നിൽ നിന്ന് മന്ത്രിയെ ആക്രമിക്കുന്ന ഒരു ദൃശ്യമെങ്കിലും പുറത്തുവിടാൻ സാധിക്കുമോ എന്നാണ് അബിൻ വർക്കി ചോദിക്കുന്നത്. ഇതിൽ നിന്നും കേരളത്തിന് മുന്നിൽ അപഹാസ്യയായിരിക്കുന്ന മന്ത്രിയെയും ആരോഗ്യവകുപ്പിനെയും രക്ഷിക്കാൻ വേണ്ടി നടത്തിയ നാടകം പാളിപ്പോയിരിക്കുകയാണെന്ന് വ്യക്തമാണെന്നും അദ്ദേഹം ആരോപിച്ചു.
കൈക്ക് പരിക്കേറ്റ് ചികിത്സിക്കാൻ ചെന്നപ്പോൾ നാക്കിന് സർജറി ചെയ്തതും കൈ ഒടിഞ്ഞു എന്ന് പറഞ്ഞപ്പോൾ സർജറി നടത്തി കൈ വളഞ്ഞുപോയതും ചെറിയ രോഗത്തിന് ചെന്നപ്പോൾ കണ്ണിൻ്റെ കാഴ്ച നഷ്ടപ്പെട്ടതുമായ ചരിത്രമുള്ള മെഡിക്കൽ കോളജിലാണ് മന്ത്രി ഇപ്പോൾ ഉള്ളതെന്ന് അദ്ദേഹം പരിഹസിച്ചു. നവീൻ ബാബുവിൻ്റെയും ദിവ്യയുടെയും ഒക്കെ വിഷയം നടന്ന സ്ഥലമായതിനാൽ തെരഞ്ഞെടുപ്പിന് മുൻപ് സിപിഎം എന്ത് വേണമെങ്കിലും കാണിച്ചേക്കാം. അതുകൊണ്ട് ബിപി കൂടുതലാണെന്നോ ഗുരുതരാവസ്ഥയിലാണെന്നോ പറയുമ്പോൾ താൻ തന്നെ ഭരിക്കുന്ന മെഡിക്കൽ കോളജിലാണുള്ളതെന്ന ബോധ്യം മന്ത്രിക്ക് ഉണ്ടാകണമെന്നും പെട്ടെന്ന് തന്നെ ഈ നാടകം അവസാനിപ്പിച്ച് പുറത്തുവരണമെന്നും അദ്ദേഹം അഭ്യർഥിക്കുന്നു.
അക്രമത്തിന് താത്പര്യമില്ല
സർക്കാരിൻ്റെ കെടുകാര്യസ്ഥതയും ഭരണവിരുദ്ധതയും മറച്ചുവയ്ക്കാനും രാഹുൽ ഗാന്ധിയുടെ പരിപാടിയെ മൂടിവയ്ക്കാനും നടത്തിയ ഈ നാടകം മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ഒരു സുവർണാവസരമായി കണ്ട് കണ്ണൂരിലെ കോൺഗ്രസ് ഓഫിസുകൾക്കും പ്രവർത്തകർക്കും നേരെ അക്രമം അഴിച്ചുവിടുകയാണെന്ന് അബിൻ വർക്കി കുറ്റപ്പെടുത്തി. ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ടെന്നും അവർ ഇതിന് തക്ക മറുപടി നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
തീക്കൊള്ളികൊണ്ട് തല ചൊറിയരുതെന്ന് പറയുന്ന ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റിനോട് പറയാനുള്ളത്, നിങ്ങൾ അടിച്ചാലും ഞങ്ങൾ അടിച്ചാലും വരുന്നത് ചോര തന്നെയാണ് എന്നാണ്. അക്രമത്തിന് കോൺഗ്രസിന് താത്പര്യമില്ല, അതിന് ആഹ്വാനം ചെയ്യുന്നുമില്ല. എന്നാൽ ഇല്ലാത്തൊരു സംഭവത്തിൻ്റെ പേരിൽ കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരെ ആക്രമിക്കാൻ തീരുമാനിച്ചാൽ സ്വാഭാവികമായ തിരിച്ചടി നൽകാൻ കോൺഗ്രസ് പ്രസ്ഥാനം നിർബന്ധിതരാകുമെന്ന് സിപിഎം മനസിലാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
കെഎസ്‌യു പ്രവർത്തകരെ തെമ്മാടിക്കൂട്ടം എന്ന് വിളിക്കുന്ന മന്ത്രി പി രാജീവ് അടക്കമുള്ളവർ മുൻപ് ഇതേ റെയിൽവേ സ്റ്റേഷനിൽ വച്ച് കെ വി തോമസിൻ്റെ ദേഹത്ത് കരിയോയിൽ ഒഴിച്ചപ്പോൾ അക്രമികളെ തെമ്മാടിക്കൂട്ടം എന്ന് വിളിച്ചില്ല. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ച് അദ്ദേഹം ചോരയൊലിപ്പിച്ചു വന്നപ്പോൾ അദ്ദേഹത്തിൻ്റെ നെഞ്ചിൽ ഇരുമ്പിൻ്റെ ചട്ടക്കൂടാണോ എന്ന് ചോദിച്ച് പരിഹസിച്ചവരാണ് പിണറായി വിജയനും പി രാജീവും. അല്പമെങ്കിലും അരിയാഹാരം കഴിക്കുന്നവർക്ക് വിശ്വസിക്കാൻ പറ്റുന്ന എന്തെങ്കിലും കഥയുമായി വരണമെന്ന് അന്ന് പിണറായി വിജയൻ പറഞ്ഞത് മാത്രമാണ് ഇപ്പോൾ ഓർമിപ്പിക്കാനുള്ളത്. ഇത്തരം നാടകങ്ങൾ കാണിക്കുമ്പോൾ സിപിഎമ്മുകാർ കുറച്ചെങ്കിലും ഉളുപ്പ് കാണിക്കണമെന്നും അബിൻ വർക്കി കൂട്ടിച്ചേർത്തു.

