ഭൂമി ലഭിച്ച് 15 വർഷം; കാണിച്ചുകൊടുത്തത് ആനത്താരയിലെ പാറക്കെട്ടുകൾ, നീതിക്കായുള്ള ആദിവാസി വയോധികൻ്റെ പരാതിയിൽ നടപടി
1999ലെ പട്ടികവർഗ ഭൂമി നിയമപ്രകാരം 2011 സെപ്റ്റംബർ 15നാണ് ഒണ്ടൻ പണിയൻ്റെ പത്നി കുറുമ്പിക്ക് കോട്ടപ്പടി വില്ലേജിൽ ഒരേക്കർ ഭൂമിയുടെ കൈവശാവകാശ രേഖ ലഭിച്ചത്

Published : September 1, 2026 at 6:40 PM IST
ജിൻസ് ടിജെ
വയനാട്: ഭൂമി ലഭിച്ച് വർഷങ്ങൾ പിന്നിട്ടിട്ടും കൈവശം ലഭിച്ചത് കൃഷിയോഗ്യമല്ലാത്ത പാറക്കെട്ടുകൾ മാത്രമാണെന്ന 91 കാരനായ ആദിവാസി വയോധികൻ്റെ പരാതിയിൽ നടപടി. ബത്തേരി താലൂക്കിലെ കുളിപ്പുര ഉന്നതി ഊരിലെ ഒണ്ടൻ പണിയൻ നൽകിയ പരാതി ജില്ലാ ഭരണകൂടത്തിൻ്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് അഡീഷണൽ ഡിസ്ട്രിക്‌ട് മജിസ്ട്രേറ്റ് കെ അജീഷ് ഇടിവി ഭാരതിനോട് പറഞ്ഞു. പരാതിയിൽ ഉന്നയിച്ചിരിക്കുന്ന കാര്യങ്ങൾ ഗൗരവമായി പരിശോധിക്കുമെന്നും ഭൂമിയുമായി ബന്ധപ്പെട്ട റവന്യൂ രേഖകൾ വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
2011ൽ കൈവശാവകാശ രേഖ ലഭിച്ച ഭൂമിയുടെ വിവരങ്ങളും റവന്യൂ രേഖകളിലുള്ള ഭൂമിയും നിലവിൽ കാണിച്ചുകൊടുത്ത ഭൂമിയും ഒന്നുതന്നെയാണോ എന്നും പരിശോധിക്കും. ഇതിനായി ബന്ധപ്പെട്ട വില്ലേജ് ഓഫീസിൽ നിന്നും റിപ്പോർട്ട് തേടും. ആവശ്യമായാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തുമെന്നും എഡിഎം പറഞ്ഞു. ഭൂമിയുടെ സ്ഥിതിയും കൃഷിയോഗ്യതയും മറ്റ് സാഹചര്യങ്ങളും പരിശോധിക്കും. കൂടാതെ ആദിവാസി കുടുംബങ്ങൾക്ക് ലഭിച്ചിട്ടുള്ള അവകാശരേഖകളുമായി ബന്ധപ്പെട്ട പരാതികളും പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പരിശോധനയിൽ വീഴ്‌ചയോ ക്രമക്കേടോ കണ്ടെത്തിയാൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
2011ൽ കൈവശാവകാശ രേഖ ലഭിച്ച ഭൂമി ആനക്കാട്ടിലെ ആനത്താരയിലാണെന്നും കൃഷി ചെയ്യാനോ വീട് നിർമിച്ച് താമസിക്കാനോ കഴിയാത്ത ഭൂമിയാണ് തങ്ങൾക്ക് നൽകിയതെന്നതായിരുന്നു പരാതി. 1999ലെ പട്ടികവർഗ ഭൂമി നിയമപ്രകാരം 2011 സെപ്റ്റംബർ 15നാണ് ഒണ്ടൻ പണിയൻ്റെ പത്നി കുറുമ്പിക്ക് കോട്ടപ്പടി വില്ലേജിൽ ഒരേക്കർ ഭൂമിയുടെ കൈവശാവകാശ രേഖ ലഭിച്ചത്. എന്നാൽ രേഖ ലഭിച്ച് ഏകദേശം 13 വർഷത്തിന് ശേഷമാണ് റവന്യൂ അധികൃതർ ഭൂമി നേരിട്ട് കാണിക്കാൻ എത്തിയത്. 2024 ജൂൺ 10ന് അധികൃതർ കാണിച്ചുകൊടുത്ത സ്ഥലത്തെത്തിയപ്പോഴാണ് ഭൂമിയുടെ യഥാർഥ അവസ്ഥ ബോധ്യപ്പെട്ടതെന്ന് ഒണ്ടൻ പറയുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വന്യമൃഗങ്ങൾ സഞ്ചരിക്കുന്ന ആനത്താരയിലാണ് അധികൃതർ ഭൂമി കാണിച്ചുകൊടുത്തതെന്നാണ് പരാതി. വലിയ പാറക്കെട്ടുകൾ നിറഞ്ഞ പ്രദേശമായതിനാൽ ഇവിടെ കൃഷി ചെയ്യുന്നതിനോ വീട് നിർമിച്ച് താമസിക്കുന്നതിനോ സാധിക്കില്ലെന്നും ഒണ്ടൻ ചൂണ്ടിക്കാട്ടുന്നു. ഭൂമിയുടെ രേഖ കൈമാറിയതിന് ശേഷം വർഷങ്ങളോളം സ്ഥലത്തിൻ്റെ യഥാർഥ അവസ്ഥ അറിയിക്കാതിരുന്നത് അധികൃതരുടെ ഭാഗത്തുനിന്നുള്ള അനീതിയാണെന്നും അദ്ദേഹം ആരോപിക്കുന്നു.
അവകാശഭൂമിക്കായി സമര മുന്നറിയിപ്പ്
2011ൽ വയനാട് ജില്ലയിൽ 722 ആദിവാസി കുടുംബങ്ങൾക്ക് നൽകിയ ഭൂരേഖകളുമായി ബന്ധപ്പെട്ടും സമാനമായ പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ടെന്നാണ് ആദിവാസി ജനതയുടെ ആരോപണം. തങ്ങളുടെ സ്വന്തം വില്ലേജായ നെന്മേനിയിലെ തോവരിമലയിൽ ഹാരിസൺസ് മലയാളം കമ്പനി കൈവശം വെച്ചിരിക്കുന്ന ഭൂമി തിരിച്ചുപിടിച്ച് ആദിവാസി കുടുംബങ്ങൾക്ക് പതിച്ചുനൽകണമെന്നാണ് ഒണ്ടൻ പണിയൻ്റെ ആവശ്യം.
ജില്ലാ ഭരണകൂടവും സർക്കാരും തോട്ടം കമ്പനികൾക്ക് ഒത്താശ ചെയ്ത് ആദിവാസി ജനതയെ വഞ്ചിക്കുന്നത് തുടർന്നാൽ തോവരിമലയിലെ ഭൂമിയിൽ അവകാശം സ്ഥാപിച്ച് ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്ന് ഗോത്രജനത മുന്നറിയിപ്പ് നൽകി. എ.ഡി.എമ്മിനെ നേരിൽകണ്ട് വിഷയത്തിൻ്റെ വിശദാംശങ്ങൾ ധരിപ്പിച്ച ഒണ്ടൻ, ജില്ലാ കളക്‌ടർക്കും ഔദ്യോഗികമായി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
Also Read :വയനാടൻ തണുപ്പിൽ കശ്‌മീരിൻ്റെ മാധുര്യം; വീട്ടുമുറ്റത്ത് ആപ്പിൾ വിളയിച്ച് മീനങ്ങാടിയിലെ കർഷകൻ


