ETV Bharat / state

ഭരണകൂട ഭീകരതയുടെ ആഴക്കടൽ; രാജൻ എന്ന അണയാത്ത നീതിയുടെ കനൽച്ചിരിക്ക് അമ്പതാണ്ട്

പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം മരണപ്പെട്ടുവെന്ന് വ്യക്തമായ രാജന്‍റെ മൃതദേഹം എന്ത് ചെയ്തുവെന്ന് ഇതുവരെ പുറത്തുവന്നിട്ടുമില്ല. വിഷയത്തിൽ നാളെ അമ്പതാണ്ട് ആയിട്ടും ആ രഹസ്യം അങ്ങനെതന്നെ തുടരുകയാണ്.

രാജന്‍  രാജന്‍ കേസ്  ഈച്ചരവാര്യര്‍  കെ കരുണാകരന്‍
രാജനും ഈച്ചരവാര്യരും (ETV Bharat)
author img

By ETV Bharat Kerala Team

Published : February 27, 2026 at 6:57 PM IST

5 Min Read
Choose ETV Bharat

അരവിന്ദ് ബാബു


തിരുവനന്തപുരം: ''എന്‍റെ വഴി അവസാനിക്കുകയാണ്. കർക്കിടകത്തിൽ ഇരമ്പിപ്പെയ്ത് വീണ ഒരു മഴയുടെ തോർച്ച വളരെ അടുത്താണ്. ഈ മഴ എനിക്ക് വേണ്ടി പലരും കൂടെ നനഞ്ഞു എന്നതാണ് എന്‍റെ ജന്മസാഫല്യം. പകയുണ്ടോ എന്ന ചോദ്യത്തിന് ഇപ്പോഴും എനിക്ക് ഉത്തരമില്ല''. (രാജന്‍റെ പിതാവ് ടി.വി. ഈച്ചരവാരിയരുടെ ആത്മകഥയായ 'ഒരച്ഛന്‍റെ ഓർമ്മക്കുറിപ്പുകളിൽ' നിന്ന്).

കേരളത്തിൽ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ രാജൻ കേസിന് മാര്‍ച്ച് ഒന്നിന് അമ്പത് വർഷം തികഞ്ഞിട്ടും കൃത്യമായ വസ്തുതകളിൽ ചിലതിന് ഇനിയും വ്യക്തതയില്ല. പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം മരണപ്പെട്ടുവെന്ന് വ്യക്തമായ രാജന്‍റെ മൃതദേഹം എന്ത് ചെയ്തുവെന്ന് ഇതുവരെ പുറത്തുവന്നിട്ടുമില്ല. വിഷയത്തിൽ നാളെ അമ്പതാണ്ട് ആയിട്ടും ആ രഹസ്യം അങ്ങനെതന്നെ തുടരുകയാണ്.

കമ്മ്യൂണിസ്റ്റ് ഭരണം നിലനിന്നിരുന്ന പല രാജ്യങ്ങളിലും ഭരണകൂടത്തിനെതിരെ പ്രതികരിക്കുന്ന പൗരന്മാരുടെ തിരോധാനം അക്കാലത്ത് നിത്യസംഭവമായിരുന്നു. എന്നാൽ കേരളത്തിൽ ഇത്തരത്തിൽ നടക്കുന്ന ആദ്യ സംഭവമായി ഇത് മാറി. ഭരണകൂട ഭീകരതയുടെ ശബ്ദിക്കുന്ന ഉദാഹരണമായി ഇന്നും രാജൻ കേസ് നിലനിൽക്കുന്നു.

രാജന്‍  രാജന്‍ കേസ്  ഈച്ചരവാര്യര്‍  കെ കരുണാകരന്‍
രാജന്‍റെ പഴയകാല ചിത്രങ്ങളില്‍ നിന്ന് (ETV Bharat)

അടിയന്തരാവസ്ഥയ്ക്കിടെ ഉണ്ടായ രാജന്‍റെ തിരോധാനവുമായി ബന്ധപ്പെട്ട യഥാർത്ഥ വസ്തുതകളിൽ പലതും കഴിഞ്ഞ അമ്പത് വർഷമായിട്ടും പുറത്തുവന്നിട്ടില്ല. പുലിക്കോടൻ നാരായണൻ, കേസിൽ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്ത അഡ്വ. രാംകുമാർ, സംഭവം ആദ്യമായി റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകൻ അപ്പുക്കുട്ടൻ വള്ളിക്കുന്ന്, രാജനൊപ്പം അറസ്റ്റ് ചെയ്ത ജോസഫ് ചാലി എന്നിവരാണ് കേസുമായി ബന്ധപ്പെട്ട് ഇന്നും ജീവിച്ചിരിക്കുന്നവരിൽ ചിലർ. പ്രായാധിക്യം കൊണ്ടും പഴയ ഓർമ്മകളിലേക്ക് മടങ്ങിപ്പോകാനുള്ള വിമുഖത മൂലവും ഇവരിൽ പലരും പ്രതികരണങ്ങൾക്ക് വിമുഖരാണ്. എങ്കിലും ഇവരിൽ ചിലർ ഇ ടിവി ഭാരതിനോട് പ്രതികരിക്കുകയുണ്ടായി.

രാജൻ കേസ് തുടങ്ങുന്നത് ഇങ്ങനെ

രാജ്യത്ത് അടിയന്തരാവസ്ഥ നിലനിൽക്കുന്നതിനിടെ 1976 ഫെബ്രുവരി 29-ന് പുലർച്ചെയാണ് കോഴിക്കോട് ചാത്തമംഗലം റീജണൽ എൻജിനീയറിംഗ് കോളജ് വിദ്യാർത്ഥി പി. രാജൻ വാര്യർ എന്ന രാജനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. ഫാറൂഖ് കോളജിൽ നടന്ന യുവജനോത്സവത്തിൽ പങ്കെടുത്ത് പുലർച്ചെ ഹോസ്റ്റലിന് മുന്നിൽ ബസിൽ വന്നിറങ്ങുമ്പോഴാണ് അറസ്റ്റ് ചെയ്തതെന്ന് രാജന്‍റെ പിതാവ് ഈച്ചരവാര്യർ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിൽ നിന്നും മനസ്സിലാക്കാം.

രാജന്‍  രാജന്‍ കേസ്  ഈച്ചരവാര്യര്‍  കെ കരുണാകരന്‍
രാജന്‍റെ പഴയകാല ചിത്രങ്ങളില്‍ നിന്ന് (ETV Bharat)

ഗായകൻ കൂടിയായ രാജൻ ആർ.ഇ.സിയിലെ എസ്.എഫ്.ഐ പാനലിൽ നിന്നും മത്സരിച്ച് ആർട്‌സ് ക്ലബ്ബ് സെക്രട്ടറിയായി വിജയിച്ചിരുന്നു. ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇൻസ്‌പെക്ടർ ശ്രീധരനും പേരാമ്പ്ര സി.ഐ മോഹനനും ചേർന്നാണ് രാജനെയും ജോസഫ് ചാലിയെയും അറസ്റ്റ് ചെയ്തതെന്ന് പറയപ്പെടുന്നു. രാജനെ അറസ്റ്റ് ചെയ്യും മുൻപ് കോളേജിൽ കയറിയ പൊലീസ്, ജനൽവഴി തോക്ക് ചൂണ്ടി കുട്ടികളോട് കതകടച്ച് കുറ്റിയിടാൻ ആജ്ഞാപിച്ചുവെന്നും വാദമുണ്ട് (നക്‌സൽ ദിനങ്ങൾ - ആർ.കെ. ബിജുരാജ്, പേജ് 235). പിറ്റേദിവസം (1976 മാർച്ച് 1, തിങ്കളാഴ്ച) കോളജിലെത്തിയപ്പോഴാണ് ഈച്ചരവാര്യർ സംഭവമറിയുന്നത്.

രാജന്‍  രാജന്‍ കേസ്  ഈച്ചരവാര്യര്‍  കെ കരുണാകരന്‍
രാജന്‍റെ പഴയകാല ചിത്രങ്ങളില്‍ നിന്ന് (ETV Bharat)

തുടർന്ന് അദ്ദേഹം രാജനെ അന്വേഷിച്ച് കക്കയം ക്യാമ്പിലേക്ക് പോയെങ്കിലും അദ്ദേഹത്തെ അവിടെ പ്രവേശിപ്പിച്ചില്ല. അന്ന് അദ്ദേഹം തുടങ്ങിയ അന്വേഷണം രാജന്‍റെ മരണം സ്ഥിരീകരിച്ചെങ്കിലും, രാജന്‍റെ ഭൗതികദേഹം എന്ത് ചെയ്തുവെന്ന ഔദ്യോഗിക വിശദീകരണം സർക്കാരോ പൊലീസോ ഇതുവരെ നൽകിയിട്ടില്ല.

രാജനെ അറസ്റ്റ് ചെയ്യാനുള്ള കാരണങ്ങളായി പറയപ്പെടുന്നവ

1976 ഫെബ്രുവരി 28-ന് കായണ്ണയിലെ പൊലീസ് സ്റ്റേഷൻ ആക്രമിച്ച് തോക്കുകൾ എടുത്തു കൊണ്ടുപോയി. ഇത് മാവോയിസ്റ്റ്-നക്‌സലൈറ്റ് നടപടിയാണെന്നാണ് അധികാരികൾ മനസ്സിലാക്കിയത്. സ്റ്റേഷൻ ആക്രമണത്തിന്‍റെ പിറ്റേദിവസമാണ് രാജനെ തേടി പൊലീസ് എത്തുന്നതെന്നാണ് ഒരു വാദം.

ഫെബ്രുവരി 28-ന് ഫാറൂഖ് കോളേജിൽ നടന്ന സർവ്വകലാശാല ഡി-സോണൽ മത്സരത്തിൽ രാജന് മികച്ച ഗായകനുള്ള സമ്മാനം ലഭിച്ചിരുന്നു. യുവജനോത്സവത്തിന്‍റെ സമാപന വേദിയിൽ ഒന്നാം സ്ഥാനം നേടിയവരുടെ പ്രകടനം വീണ്ടും അവതരിപ്പിക്കുന്ന രീതിയുണ്ട്. അവിടെ 'കനക സിംഹാസനത്തിൽ കയറിയിരിക്കുന്നവൻ ശുനകനോ വെറും ശുംഭനോ' എന്ന ഗാനമാണ് രാജൻ ആലപിച്ചത്. അതേസമയം വേദിയിലിരുന്ന മന്ത്രിയെ രാജൻ പരിഹസിക്കുകയായിരുന്നു എന്ന സംശയമുയർന്നതോടെ ഇതും കസ്റ്റഡിയിലെടുക്കുന്നതിന് പൊലീസിന് പ്രകോപനമായെന്ന് ചില പുസ്തകങ്ങളിൽ പറയുന്നു.

രാജന്‍  രാജന്‍ കേസ്  ഈച്ചരവാര്യര്‍  കെ കരുണാകരന്‍
രാജനും സഹോദരിമാരും (ETV Bharat)

കായണ്ണ പൊലീസ് സ്‌റ്റേഷൻ അക്രമിച്ചത് നക്‌സലൈറ്റുകളാണെന്ന് പ്രമുഖ നക്‌സൽ പ്രവർത്തകൻ കെ. വേണു പല മാധ്യമ അഭിമുഖങ്ങളിലും പിന്നീട് വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ വാക്കുകളിൽ നിന്ന്: ''രാത്രി കായണ്ണ സ്റ്റേഷനിൽ അധികം പോലീസുകാരൊന്നും ഉണ്ടാകില്ല. കറന്റില്ല, പെട്രോമാക്‌സാണ് കത്തിച്ചുവെക്കുക. പറ്റിയ പോലീസ് സ്റ്റേഷനാണെന്ന് അന്വേഷണത്തിൽ മനസ്സിലായി. പതിമൂന്ന് പേരാണ് ആക്ഷനിൽ പങ്കെടുത്തത്.''

രാജനെ തേടി ഈച്ചരവാര്യർ

തന്‍റെ മകനെ തേടി ഈച്ചരവാര്യർ നടത്തിയ അന്വേഷണങ്ങൾക്കൊടുവിലാണ് രാജൻ മരണപ്പെട്ടുവെന്ന് കേരളത്തിന് ബോധ്യമായത്. രാജന്‍റെ തിരോധാന കാലത്ത് മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോനെയും അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന കെ. കരുണാകരനെയും അദ്ദേഹം നേരിൽക്കണ്ടെങ്കിലും രാജന് എന്ത് സംഭവിച്ചുവെന്നത് അറിയാൻ കഴിഞ്ഞില്ലെന്നാണ് ഈച്ചരവാര്യരുടെ ആത്മകഥയിൽ പറയുന്നത്.

സംഭവബഹുലമായ ഹേബിയസ് കോർപ്പസും കരുണാകരന്‍റെ രാജിയും

രാജനെ കാണാതായി ഒരു വർഷം തികയുന്നതിനിടെ, 1977 ഫെബ്രുവരി 25-നാണ് ഹേബിയസ് കോർപ്പസ് റിട്ട് ഹൈക്കോടതിയിൽ എത്തിയത്. ജസ്റ്റിസ് സുബ്രഹ്മണ്യം പോറ്റിയും ജസ്റ്റിസ് കെ.കെ. നരേന്ദ്രനും അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കേസിൽ സീനിയർ അഭിഭാഷകൻ എസ്. ഈശ്വരയ്യരാണ് ഹാജരായത്. അന്ന് കോടതി സർക്കാരിന് നോട്ടീസയച്ചു. ആഭ്യന്തരവകുപ്പ് സെക്രട്ടറി എസ്. നാരായണസ്വാമി, ഡി.ഐ.ജി ജയറാം പടിക്കൽ, ഐ.ജി വി.എൻ. രാജൻ എന്നിവരായിരുന്നു പ്രതിചേർക്കപ്പെട്ടത്.

രാജന്‍  രാജന്‍ കേസ്  ഈച്ചരവാര്യര്‍  കെ കരുണാകരന്‍
രാജന്‍റെ പഴയകാല ചിത്രങ്ങളില്‍ നിന്ന് (ETV Bharat)

എന്നാൽ രാജനെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് കെ. കരുണാകരൻ നിയമസഭയെ അറിയിച്ചത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഹർജി പുതുക്കി നൽകി. കെ. കരുണാകരൻ, ഡി.വൈ.എസ്.പി ലക്ഷ്മണ, പുലിക്കോടൻ നാരായണൻ എന്നിവരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി. വിചാരണയ്ക്കിടെ രാജനെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്ന് കരുണാകരൻ സത്യവാങ്മൂലം നൽകിയെങ്കിലും ഏപ്രിൽ 21-ന് രാജനെ കോടതിയിൽ ഹാജരാക്കണമെന്നായിരുന്നു വിധി. ഇതോടെ സർക്കാർ വെട്ടിലായി. തുടർന്ന്, അറസ്റ്റ് ചെയ്തു എന്നത് സത്യമാണെന്നും എന്നാൽ അയാൾ കസ്റ്റഡിയിൽ മരിച്ചുവെന്നും സർക്കാർ സത്യവാങ്മൂലം ഫയൽ ചെയ്തു. ഈ നുണപ്രചാരണങ്ങളും കോടതിവിധിയും പ്രതിപക്ഷ പ്രതിഷേധവും ശക്തമായതോടെ ഏപ്രിൽ 25-ന് കരുണാകരൻ രാജിവെച്ചു.

രാജൻ മരിച്ചത് പൊലീസ് മർദ്ദനത്തിലെന്ന് കണ്ടെത്തൽ

രാജന്‍റെ തിരോധാനം അന്വേഷിക്കാൻ അന്നത്തെ സർക്കാർ ജി. രാജഗോപാൽ നാരായണനെ ചുമതലപ്പെടുത്തി. മർദ്ദനംമൂലം രാജൻ മരിച്ചുവെന്നായിരുന്നു അദ്ദേഹത്തിന്‍റെ റിപ്പോർട്ട്. തുടർന്ന് ഹേബിയസ് കോർപ്പസ് ഹർജിയുടെ അന്തിമ വിധിയിൽ രാജൻ പൊലീസ് കസ്റ്റഡിയിൽ മരിച്ചതായി തെളിവുണ്ടെന്നും കരുണാകരനെതിരെ പ്രോസിക്യൂഷൻ നടപടി ആരംഭിക്കണമെന്നും കോടതി ഉത്തരവിട്ടു.

തുടർന്ന് ഈച്ചരവാര്യർ ഫയൽ ചെയ്ത കേസിൽ ജയറാം പടിക്കൽ, ലക്ഷ്മണ, പുലിക്കോടൻ നാരായണൻ തുടങ്ങിയവർ പ്രതികളായി. വിചാരണ കോയമ്പത്തൂർ സെഷൻസ് കോടതിയിലേക്ക് മാറ്റി. 1978-ൽ രാജന്‍റെ മരണത്തിൽ ജയറാം പടിക്കൽ അടക്കമുള്ളവർക്ക് പങ്കുണ്ടെന്ന് കോടതി കണ്ടെത്തിയെങ്കിലും, കൊലക്കുറ്റത്തിൽ നിന്ന് അവരെ ഒഴിവാക്കി. മദ്രാസ് ഹൈക്കോടതി ഈ വിധി ശരിവെച്ചു.

രാജന്‍റെ ഭൗതികദേഹം ഇനിയും കണ്ടെത്തിയിട്ടില്ല

രാജൻ കൊല്ലപ്പെട്ടെന്ന് തെളിഞ്ഞെങ്കിലും ഭൗതികദേഹം എവിടെയെന്ന ചോദ്യത്തിന് ഇനിയും ഉത്തരമില്ല. മൃതദേഹം ചാക്കിൽകെട്ടി കക്കയം ഡാമിന് സമീപം കുഴിച്ചിട്ടുവെന്നും പിന്നീട് തെളിവ് നശിപ്പിക്കാൻ അത് മാറ്റി ഇല്ലാതാക്കിയെന്നുമാണ് ഒരു വാദം. മൃതദേഹം കുഴിച്ചിട്ടിടത്തുനിന്ന് എടുത്ത് കത്തിച്ചുകളഞ്ഞുവെന്ന് അപ്പുക്കുട്ടൻ വള്ളിക്കുന്ന് വിശദീകരിക്കുന്നു. മൃതദേഹം കോരപ്പുഴയിൽ എറിഞ്ഞുവെന്ന് ക്യാമ്പിൽ രാജനൊപ്പം ഉണ്ടായിരുന്ന ബെൻഹർ പറയുന്നു. എന്നാൽ മീനങ്ങാടിക്ക് സമീപം താഴത്തുവയൽ അണക്കെട്ടിൽ ചാക്കിൽകെട്ടിയ നിലയിൽ മൃതദേഹം കണ്ടുവെന്നും അത് രാജന്‍റേതാകാമെന്നുമാണ് വർഗീസ് വട്ടേക്കാട്ടിൽ അഭിപ്രായപ്പെടുന്നത്.

ഇന്നും രാജന്‍റെ മൃതദേഹം എവിടെയാണെന്ന് ആർക്കുമറിയില്ല. അന്ന് കേസിൽപ്പെട്ട ഉദ്യോഗസ്ഥരിൽ ഇന്ന് ജീവിച്ചിരിക്കുന്നത് പുലിക്കോടൻ നാരായണൻ മാത്രമാണ്. അദ്ദേഹം ഇതേപ്പറ്റി മൗനം തുടരുകയാണ്.

''പെരുമഴ ശ്രീവിഹാറിന് മുകളിൽ പെയ്ത് വീഴുമ്പോഴൊക്കെ ഞാൻ മോനെ ഓർക്കുന്നു. പടിവാതിൽ അടച്ചുപൂട്ടിയാലും ആരോ വന്ന് അത് തുറന്ന് പൂമുഖപ്പടിയിൽ മുട്ടുന്നത് പോലെ... പുറത്ത് മഴ നനഞ്ഞ് എന്‍റെ മകൻ നിൽക്കുന്നു. ലോകത്തോട് ഒരു ചോദ്യം ഇപ്പോഴും ബാക്കിയാക്കുന്നു: എന്‍റെ നിഷ്കളങ്കനായ കുഞ്ഞിനെ മരിച്ചിട്ടും നിങ്ങൾ എന്തിനാണ് മഴയത്ത് നിർത്തിയിരിക്കുന്നത്?'' (അച്ഛന്‍റെ ഓർമ്മക്കുറിപ്പുകൾ).

Also Read: നയിക്കുന്നത് പിണറായി വിജയൻ തന്നെ: ആദ്യഘട്ട സിപിഎം സ്ഥാനാർഥി പട്ടിക മാർച്ച് ഏഴിനകം