മാവൂർ ഗ്രാസിം കമ്പനിക്ക് താഴ് വീണിട്ട് കാൽ നൂറ്റാണ്ട്; പുതിയ പദ്ധതിക്കായി ഇനിയും എത്ര നാൾ?
2001 ജൂലായ് ഏഴിനാണ് മാവൂർ ഗ്രാസിം ഇൻ്റസ്ട്രീസ് ലിമിറ്റഡിന് താഴ് വീണത്. കാട്ടുപന്നികൾ ഉൾപ്പെടെയുള്ള മൃഗങ്ങളുടെയും മറ്റ് ക്ഷുദ്ര ജീവികളുടെയും സാമൂഹ്യവിരുദ്ധരുടെയും താവളമാണ് ഇപ്പോൾ ഗ്രാസിം ഭൂമി.

Published : July 6, 2026 at 8:58 PM IST
കോഴിക്കോട്: സംസ്ഥാനത്തെ ഏറ്റവും പ്രമുഖ വ്യവസായ ഭീമന് പൂട്ടു വീണിട്ട് കാൽ നൂറ്റാണ്ട്. 2001 ജൂലായ് ഏഴിനാണ് മാവൂർ ഗ്രാസിം ഇൻ്റസ്ട്രീസ് ലിമിറ്റഡിന് താഴ് വീണത്. അന്നുമുതൽ പുതിയൊരു പദ്ധതിക്ക് വേണ്ടിയുള്ള കാത്തിരിപ്പ് ഇപ്പോഴും അനന്തമായി തുടരുകയാണ്.
ഓരോ തെരഞ്ഞെടുപ്പ് കാലം അടുക്കുമ്പോഴും എല്ലാ പ്രമുഖ മുന്നണികളും മാവൂർ ഗ്രാസിം വിഷയം പ്രധാന ചർച്ചയാക്കാറുണ്ട്. എന്നാൽ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ എല്ലാം മറന്ന മട്ടാണ് രാഷ്ട്രീയ പാർട്ടികൾക്കും മുന്നണികൾക്കും ഉള്ളത്. 2004ൽ ഗ്രാസിം ഭൂമി സർക്കാർ ഏറ്റെടുക്കാൻ ഒരു ശ്രമം നടത്തിയെങ്കിലും ഗ്രാസിം മാനേജ്മെൻ്റ് കോടതിയെ സമീപച്ചതോടെ അത് നീണ്ടു പോവുകയായിരുന്നു.
പിന്നീട് 2016ൽ വീണ്ടും കിൻഫ്രക്ക് വേണ്ടി ഏറ്റെടുക്കാൻ ശ്രമം നടത്തിയെങ്കിലും അത് ഇപ്പോഴുംഎന്തായി എന്ന കാര്യത്തിൽ ആരും ഒന്നും തന്നെ പറയുന്നില്ല. അടച്ചു പൂട്ടിയ ഫാക്‌ടറി 2007 ലാണ് പൊളിച്ചു നീക്കിയത്. ജനകീയ പ്രതിഷേധം ഭയന്ന് എത്രയും പെട്ടെന്ന് പുതിയ പദ്ധതി കൊണ്ടുവരണമെങ്കിൽ ഫാക്‌ടറി കെട്ടിടങ്ങൾ പൊളിച്ചു നീക്കേണ്ടതുണ്ട് എന്നാണ് മാനേജ്മെൻ്റും അക്കാലത്തെ ഭരണകൂടങ്ങളും ജനങ്ങളെ അറിയിച്ചിരുന്നത്. എന്നാൽ യാതൊരു തടസവും ഇല്ലാതെ ഫാക്‌ടറിയും അനുബന്ധ സംവിധാനങ്ങളും പൊളിച്ചു നീക്കിയിട്ടും ഇതുവരെ പദ്ധതികൾക്കൊന്നും ഒരു നീക്കുപോക്കുകളും നടത്തിയിട്ടില്ല.

25 വർഷമായി ഒരു നാട്ടിലെ ഭൂമി മുഴുവൻ ബന്ധികളാക്കിയ അവസ്ഥയാണ്. 300 ഏകറോളം സർക്കാർ ഏറ്റെടുത്ത ഭൂമി മതിലുകൾ കെട്ടി ഒരു കമ്പനി സൂക്ഷിച്ചിരിക്കുകയാണ്. ആ കഴിഞ്ഞ 25 വർഷമായിട്ടും അതിന് ഒരു പോംവഴി കണ്ടെത്താൻ മാറി മാറി വരുന്ന സർക്കാരുകൾക്ക് കഴിഞ്ഞിട്ടില്ല എന്നത് അത്യന്തം ഖേദകരമായിട്ടുള്ള ഒരു കാര്യമാണെന്ന് സമര സമിതി അംഗം രാമമൂർത്തി പറഞ്ഞു.
കേരളത്തിൻ്റെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയായിരുന്ന ഗ്വാളിയോർ റയോൺസാണ് അടച്ചു പൂട്ടിയിരിക്കുന്നത്. പല കാരണങ്ങളാലാണ് അത് പൂട്ടിയത്. എങ്കിലും കരാറുകളിൽ വളരെ വ്യക്തമായി തന്നെ എഴുത്തിയിട്ടുണ്ട് വ്യവസായ ആവശ്യങ്ങൾക്ക് ഉപയോഗിച്ച ഭൂമി സർക്കാരിന് തിരിച്ചെടുക്കാമെന്ന്. ഇത് പ്രകാരം 2005 മുതൽ 2016 വരെ കേസ് നടന്നു.

2016ൽ എൽഡിഎഫ് സർക്കാർ കിൻഫക്ക് വേണ്ടി അത് ഏറ്റെടുത്തു. ഏറ്റെടുക്കലുകൾ നടക്കുകയല്ലാതെ ഈ ഭൂമി ഒരിക്കലും സർക്കാരിൻ്റെ കീഴിലേക്ക് വന്നിട്ടില്ല. ഇന്നും അവിടെ മതിൽ കെട്ടി സംരക്ഷിച്ച് അതിലേക്ക് നാട്ടുകാരെ കയറാൻ സമ്മതിക്കാതെ പൂട്ടിയിട്ടിരിക്കുകയാണെന്ന് രാമ മൂർത്തി വ്യക്തമാക്കി.
സംസ്ഥാനത്തെ ആദ്യത്തെ ഇഎംഎസ് മന്ത്രിസഭയുടെ കാലത്താണ് ഗ്വളിയോര്‍ റയോൺസ് എന്ന പേരിൽ ബിർള മാനേജ്മെൻ്റ് ഫാക്‌ടറി ആരംഭിക്കുന്നത്. ആദ്യം 236.46 ഏക്കർ ഭൂമിയാണ് സർക്കാർ ഏറ്റെടുത്ത് ബിർള മാനേജ്മെൻ്റിന് കൈമാറിയത്. അതിന് ശേഷം ബിർള സ്വന്തമായി വാങ്ങിയത് ഉൾപ്പെടെ 326 ഏക്കർ ഭൂമിയാണ് ബിർള മാനേജ്മെൻ്റിന് കീഴിൽ മാവൂരിൽ ഉള്ളത്.
നിലവിൽ ഗ്രാസിം ഭൂമി ആകെ കാടുപിടിച്ച് നിബിഡവനത്തിന് സമാനമായ അവസ്ഥയിലാണ് ഉള്ളത്. കാട്ടുപന്നികൾ ഉൾപ്പെടെയുള്ള മൃഗങ്ങളുടെയും മറ്റ് ക്ഷുദ്ര ജീവികളുടെയും സാമൂഹ്യവിരുദ്ധരുടെയും താവളമാണ് ഇപ്പോൾ ഗ്രാസിം ഭൂമി. ഗ്രാസിം പ്രവർത്തിച്ചിരുന്ന കാലത്ത് ജീവനക്കാർ താമസിച്ചിരുന്ന ക്വാർട്ടേഴ്‌സുകൾകഴിഞ്ഞ ഏതാനും മാസങ്ങൾക്കു മുമ്പാണ് പൊളിച്ചു നീക്കിയത്. അപ്പോഴും ജനങ്ങൾ പ്രതീക്ഷിച്ചിരുന്നത് പുതിയ പദ്ധതി ഉടൻ തുടങ്ങാൻ ആവശ്യമായ നടപടി ഉണ്ടാകുമെന്നാണ്. എന്നാൽ അതും വെറും ദിവാസ്വപ്‌നങ്ങൾ മാത്രമായി മാറി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഞങ്ങളുടെയെല്ലാം ചെറുപ്പകാലത്ത് സമീപ പ്രദേശങ്ങളുടെ ജീവിത മാർഗമായിരുന്നു ഗ്വാളിയോർ റയോൺസ് എന്നത്. കുടുംബങ്ങളിലെ പട്ടിണിയെല്ലാം മാറ്റിയിരുന്ന സംരംഭമായിരുന്ന കമ്പനി ഇപ്പോൾ അടച്ച് പൂട്ടിയിരിക്കുകയാണ്. എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട്. ഇവിടെ ഒരു വ്യവസായം വരണം എന്ന മുറവിളിയാണ് നാട്ടുകാർക്കെല്ലാം ഉള്ളത്. നാട്ടിലെ യുവതലമുറയെ വിദേശത്തേക്ക് അയക്കുന്നതിന് പകരം ഇവിടെ ഒരു വ്യവസായം ആരംഭിച്ച് അവർക്ക് അവസരം കൊടുക്കുക. ഇത് എത്രയും പെട്ടന്ന് യഥാർത്ഥ്യമാക്കണമെന്നാണ് സർക്കാരിനോടും ബന്ധപ്പെട്ടവരോടും പറയാൻ ഉള്ളതെന്ന് നാട്ടുകാരനായ ജയ്‌സൽ പറഞ്ഞു.
ഏതൊരു പദ്ധതിക്കും ആവശ്യമായ എല്ലാ ഭൗതിക സാഹചര്യങ്ങളും മാവൂരിലെ ഗ്രാസിം ഭൂമിയിലുണ്ട്. ജലസമൃദ്ധമായ ചാലിയാറും, അടുത്തടുത്തായി മൂന്ന് വലിയ പാലങ്ങളും, ഏതാനും കിലോമീറ്റർ അപ്പുറം കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളവുമെല്ലാം ഗ്രാസിം ഭൂമിയെ ആധുനിക പദ്ധതികൾക്ക് ഏറെ അനുയോജ്യമാക്കുന്നുണ്ട്. എന്നാൽ ഭരണകർത്താക്കൾ ഒന്നും ഗ്രാസിം ഭൂമി സംബന്ധിച്ച വിഷയത്തിൽ യാതൊരു താൽപര്യവും കാണിക്കുന്നില്ല എന്നാണ് നാട്ടുകാരുടെ ആക്ഷേപം.
ഞങ്ങളുടെയെല്ലാം വിദ്യാഭ്യാസ കാലഘട്ടത്തിൽ വലിയ പ്രതീക്ഷ നൽകുന്ന കാര്യമായിരുന്നു ഗ്വാളിയോർ റയോൺസിൽ ഒരു തൊഴിൽ നേടുക എന്നത്. ഇന്ന് ഈ കമ്പനി അടച്ചുപൂട്ടിയിട്ട് 25 വർഷമായി. ഇവിടെ അടിസ്ഥാന വികസനങ്ങളെല്ലാം വന്നു. ഇനിയുള്ള തലമുറക്ക് ഇവിടെ ഒരു തൊഴിൽ കിട്ടാൻ വേണ്ടി സർക്കാർ പ്രവർത്തിക്കണം. 360 ഏകറോളം വരുന്ന ഭൂമിയിൽ വലിയ ഒരു പ്രൊജക്‌റ്റ് കൊണ്ടുവരുകയാണെങ്കിൽ ഈ രാജ്യത്തിന് തന്നെ അത് ഒരുപാട് ഗുണമാണെന്ന് നാട്ടുകാരനായ ശ്രീജിത്ത് പറഞ്ഞു.
എത്രയും പെട്ടെന്ന് ഈ കാടുപിടിച്ച ഭൂമിയിൽ വരും തലമുറക്ക് എങ്കിലും ഉപകാരപ്പെടുന്ന രീതിയിലുള്ളആധുനിക കാലഘട്ടത്തിന് അനുയോജ്യമായ എന്തെങ്കിലും ഒരു പദ്ധതി നാടിൻ്റെ വികസനത്തിന് വേണ്ടി കൊണ്ടുവരേണ്ടതുണ്ട്. അതുകൊണ്ടുതന്നെ എത്രയും പെട്ടെന്ന് കോടതി വ്യവഹാരങ്ങൾ ഉൾപ്പെടെയുള്ളവ ഒഴിവാക്കി പദ്ധതികൾ നടപ്പിലാക്കാനുള്ള അടിയന്തര ഇടപെടൽ സർക്കാരുകളുടെ ഭാഗത്തു നിന്ന് ഉണ്ടാവണമെന്ന ആവശ്യമാണ് മാവൂരിൽ ഉയരുന്നത്.

