പതിനൊന്ന് വർഷത്തിന് ശേഷം വെളിപ്പെടുത്തിയ പീഡനം; ട്യൂഷൻ അധ്യാപകന് 18 വർഷം കഠിനതടവ്
അഞ്ചിലും ആറിലും പഠിക്കുന്ന കാലയളവിൽ നേരിട്ട ക്രൂരത, പെൺകുട്ടി എം.ബി.ബി.എസ് വിദ്യാർഥിനിയായിരിക്കെയാണ് പുറംലോകത്തോട് വെളിപ്പെടുത്തിയത്.

Published : March 4, 2026 at 6:31 PM IST
തിരുവനന്തപുരം: ട്യൂഷൻ അധ്യാപകൻ പീഡിപ്പിച്ച വിവരം പതിനൊന്ന് വർഷത്തിന് ശേഷം അതിജീവിത വെളിപ്പെടുത്തിയ കേസിൽ പ്രതിക്ക് 18 വർഷം കഠിനതടവും 35,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മെഡിക്കൽ കോളേജ് സ്വദേശിയായ സുബാഷ് കുമാറിനെയാണ് (57) തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചത്. പിഴ ഒടുക്കാത്ത പക്ഷം മൂന്നര വർഷം കൂടി അധിക ശിക്ഷ അനുഭവിക്കണം. അഞ്ചിലും ആറിലും പഠിക്കുന്ന കാലയളവിൽ നേരിട്ട ക്രൂരത, പെൺകുട്ടി എം.ബി.ബി.എസ് വിദ്യാർഥിനിയായിരിക്കെയാണ് പുറംലോകത്തോട് വെളിപ്പെടുത്തിയത്.
2013-ൽ പെൺകുട്ടി അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ട്യൂഷൻ അധ്യാപകനായിരുന്ന പ്രതി ആദ്യമായി പീഡിപ്പിച്ചത്. 2014 ജനുവരി വരെ പലതവണ ഇത് ആവർത്തിച്ചു. ഇതേത്തുടർന്ന് ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ പെൺകുട്ടി ട്യൂഷൻ പഠനം നിർത്തിയിരുന്നു. എന്നാൽ പ്രതി ഭീഷണിപ്പെടുത്തിയതിനാൽ വിവരം ആരോടും പറയാൻ കുട്ടി ഭയപ്പെട്ടു. പീഡനവിവരം ഉള്ളിലൊതുക്കിയതിനെ തുടർന്നുണ്ടായ കടുത്ത മാനസിക സമ്മർദ്ദം കുട്ടിയുടെ മനോനിലയെ ബാധിക്കുകയും പ്ലസ് ടു പഠനം ഒരു വർഷം നഷ്ടമാകുന്ന സാഹചര്യമുണ്ടാവുകയും ചെയ്തു.
പിന്നീട് പ്ലസ് ടു പഠനകാലത്ത് പഴയ കാര്യങ്ങൾ ഓർത്തെടുത്ത പെൺകുട്ടിക്ക് അമിതമായ ഭയവും ഒറ്റപ്പെട്ടു നിൽക്കുന്ന സ്വഭാവവും പാനിക് ഡിസോർഡറും (Panic Disorder) പ്രകടമായി തുടങ്ങി. ഇതോടെ വീട്ടുകാർ കുട്ടിയെ സൈക്കോളജിസ്റ്റിനെ കാണിച്ചു. കോവിഡ് കാലമായതിനാൽ ഓൺലൈൻ വഴിയായിരുന്നു ചികിത്സ തേടിയത്. ആ സമയത്ത് മാതാവ് കൂടെയുണ്ടായിരുന്നതിനാൽ പീഡനവിവരം തുറന്നുപറയാൻ പെൺകുട്ടി തയ്യാറായില്ല. മരുന്നുകൾ കഴിച്ചതിനെ തുടർന്ന് അസുഖം ഭേദമാവുകയും കുട്ടിക്ക് എം.ബി.ബി.എസ് പഠനത്തിനായി പ്രവേശനം ലഭിക്കുകയും ചെയ്തു.
തുടർന്ന് ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്നതിനിടെ പ്രതിയുമായി രൂപസാദൃശ്യമുള്ള ഒരാളെ അവിടെ വെച്ച് കണ്ടത് പെൺകുട്ടിയെ വീണ്ടും മാനസികാസ്വാസ്ഥ്യത്തിലേക്ക് നയിച്ചു. ഇതേത്തുടർന്ന് ഡോക്ടറെ കണ്ട് സംസാരിച്ചപ്പോഴാണ് വർഷങ്ങൾക്ക് മുൻപ് നടന്ന പീഡന വിവരം കുട്ടി വെളിപ്പെടുത്തിയത്. ഡോക്ടർ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ 2024-ലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ആർ.എസ്. വിജയ് മോഹൻ, അഡ്വ. സുരഭി പി. എന്നിവർ ഹാജരായി. സൈബർ സിറ്റി അസിസ്റ്റന്റ് കമ്മീഷണർ നിയാസ് പി., മെഡിക്കൽ കോളേജ് സബ് ഇൻസ്പെക്ടർ വിഷ്ണു പി.എൽ. എന്നിവരാണ് കേസ് അന്വേഷിച്ചത്. പിഴത്തുകയ്ക്ക് പുറമേ ഡി.എൽ.എസ്.എ (DLSA) വഴി അതിജീവിതയ്ക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും കോടതി വിധിയിൽ പ്രത്യേകം പരാമർശിച്ചിട്ടുണ്ട്.

