ETV Bharat / sports

ഏഴിൽ ഏഴും ജയിക്കണം; ഡബ്ല്യുടിസി ഫൈനലിലെത്താൻ ഇന്ത്യ ഇനി അത്ഭുതങ്ങൾ കാണിക്കണം!

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സാധ്യതകളിൽ ഇന്ത്യയ്ക്ക് നെഞ്ചിടിപ്പ്.

WTC FINAL  WORLD TEST CHAMPIONSHIPS FINAL  UPDATED WTC POINTS TABLE ICC  INDIA WTC FINAL QUALIFICATION
India cricket team (IANS)
author img

By ETV Bharat Sports Team

Published : August 28, 2026 at 5:25 PM IST

2 Min Read
Choose ETV Bharat

ഹൈദരാബാദ്: ശ്രീലങ്കയ്‌ക്കെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര 1-0 ന് സ്വന്തമാക്കിയെങ്കിലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് പട്ടികയിൽ ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടി. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരം സമനിലയിൽ കലാശിച്ചതോടെയാണ് ഫൈനലിലേക്കുള്ള ഇന്ത്യയുടെ പാത കൂടുതൽ സങ്കീർണ്ണമായത്. മത്സരത്തിൽ ജയിച്ചിരുന്നെങ്കിൽ ഇന്ത്യയ്ക്ക് നാലാം സ്ഥാനത്തേക്ക് ഉയരാമായിരുന്നു. എന്നാൽ സമനിലയോടെ ഇന്ത്യയുടെ പോയിന്‍റ് 51.51 ആയി കുറയുകയും പട്ടികയിൽ അഞ്ചാം സ്ഥാനത്ത് തുടരേണ്ടി വരികയും ചെയ്‌തു.

ഇനി അവശേഷിക്കുന്നത് ഏഴ് നിർണ്ണായക മത്സരങ്ങൾ

നിലവിലെ 2025-27 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിൽ ഇന്ത്യയ്ക്ക് ഇനി ഏഴ് ടെസ്റ്റ് മത്സരങ്ങളാണ് അവശേഷിക്കുന്നത്. ഇതിൽ ഈ വർഷം ന്യൂസിലാൻഡിനെതിരെ രണ്ട് മത്സരങ്ങളും, അടുത്ത വർഷം ഓസ്‌ട്രേലിയയ്‌ക്കെതിരെ അഞ്ച് മത്സരങ്ങളുടെ പരമ്പരയും ഇന്ത്യ കളിക്കും. ഈ ഏഴ് മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുക്കുക എന്നത് ടീമിന് അനിവാര്യമാണ്.

അവശേഷിക്കുന്ന ഏഴ് മത്സരങ്ങളും വിജയിച്ചാൽ ഇന്ത്യയ്ക്ക് യാതൊരു പ്രതിസന്ധിയുമില്ലാതെ നേരിട്ട് ഫൈനലിലേക്ക് യോഗ്യത നേടാം. എന്നാൽ ഒരു മത്സരത്തിൽ പരാജയപ്പെടുകയും ആറ് മത്സരങ്ങൾ വിജയിക്കുകയും ചെയ്‌താല്‍ പോലും മറ്റ് ടീമുകളുടെ പ്രകടനത്തെ ആശ്രയിക്കേണ്ടി വരുന്ന കടുത്ത സമവാക്യങ്ങളിലേക്ക് ഇന്ത്യ നീങ്ങും.

ന്യൂസിലാൻഡ്, ഓസ്ട്രേലിയ വെല്ലുവിളികൾ

വരുന്ന നവംബറിൽ ന്യൂസിലാൻഡിനെതിരെ അവരുടെ നാട്ടിലാണ് ഇന്ത്യ രണ്ട് മത്സരങ്ങളുടെ പരമ്പര കളിക്കുന്നത്. അതിനുശേഷമാണ് ഓസ്ട്രേലിയക്കെതിരെയുള്ള അഞ്ച് മത്സരങ്ങളുടെ ഹോം പരമ്പര. കളി സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ ന്യൂസിലാൻഡിനെ അവരുടെ തട്ടകത്തിൽ തോൽപ്പിക്കുക എന്നത് ഇന്ത്യയ്ക്ക് വലിയ വെല്ലുവിളിയാകും.

കിവീസിനെതിരായ രണ്ട് ടെസ്റ്റുകളിലും പരാജയപ്പെടുകയും, ഓസ്ട്രേലിയക്കെതിരെയുള്ള അഞ്ച് മത്സരങ്ങളും വിജയിക്കുകയും ചെയ്‌താല്‍ ഇന്ത്യയുടെ ആകെ പോയിന്‍റ് 59.26 മാത്രമായിരിക്കും. കഴിഞ്ഞ രണ്ട് സീസണുകളിലെയും ഫൈനലിസ്റ്റുകളുടെ പോയിന്‍റ് നില പരിശോധിച്ചാൽ ഇത് യോഗ്യതയ്ക്ക് മതിയാകില്ല. മുൻപ് സൗത്ത് ആഫ്രിക്ക (69.44), ഓസ്ട്രേലിയ (67.54, 66.67) എന്നീ പോയിന്‍റുകളോടെയാണ് ഫൈനലിൽ എത്തിയത്. അതിനാൽ വരാനിരിക്കുന്ന ന്യൂസിലാൻഡ് പരമ്പര ഇന്ത്യയ്ക്ക് അങ്ങേയറ്റം നിർണ്ണായകമാണ്.

ഇന്ത്യ vs ശ്രീലങ്ക മത്സരം സ്കോർ ചുരുക്കത്തിൽ

  • ഇന്ത്യ: 138 ഓവറിൽ 503/9 (ഡിക്ലയേഡ്)
  • ശ്രീലങ്ക: 290 & 154 ഓവറിൽ 429/9 (സോനാൽ ദിനുഷ 133*, പസിന്ദു സൂരിയബണ്ഡാര 92; മാനവ് സുതർ 3-105, രവീന്ദ്ര ജഡേജ 3-94).

Also Read: ചാമ്പ്യൻസ് ലീഗില്‍ വമ്പന്മാര്‍ നേര്‍ക്കുനേര്‍; പിഎസ്‌ജി - ബാഴ്‌സ, റയലിന് ആഴ്‌സണല്‍; മത്സരചിത്രം തെളിഞ്ഞു