ETV Bharat / sports

വനിതാ ഏഷ്യാ കപ്പില്‍ തായ്‌ലൻഡിനെതിരെ ഇന്ത്യയ്‌ക്ക് ബാറ്റിങ്‌; പ്രതിക റാവലിന് ടി20 അരങ്ങേറ്റം

വനിതാ ഏഷ്യാ കപ്പ്: തായ്‌ലൻഡിനെതിരെ പ്രതിക റാവലിന് ടി20 അരങ്ങേറ്റം; ടോസ് നേടിയ തായ്‌ലൻഡ് ബൗളിങ് തിരഞ്ഞെടുത്തു.

PRATIKA RAWAL T20I DEBUT  INDIA WOMEN VS THAILAND WOMEN  WOMENS ASIA CUP 2026  JEMIMAH RODRIGUES INJURY
India women's Pratika Rawal receives her maiden T20I cap from captain Harmanpreet Kaur (IANS)
author img

By ETV Bharat Sports Team

Published : August 30, 2026 at 8:11 PM IST

2 Min Read
Choose ETV Bharat

ദുബായ്: വനിതാ ഏഷ്യാ കപ്പിൽ ഇന്ത്യക്കെതിരായ മത്സരത്തിൽ ടോസ് നേടിയ തായ്‌ലൻഡ് വനിതകൾ ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ചു. പരിക്കേറ്റ ജെമീമ റോഡ്രിഗസിന്‍റെ അഭാവത്തിൽ യുവബാറ്റർ പ്രതിക റാവൽ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു. തായ്‌ലൻഡ് നിരയിൽ സ്ഥിരം ക്യാപ്റ്റൻ നരുമോൾ ചൈവായിക്ക് പരിക്കേറ്റതിനാൽ സ്റ്റാർ സ്പിന്നർ തിപാച്ച പുത്താവോങ്ങാണ് ഇന്ന് ടീമിനെ നയിക്കുന്നത്.

ക്യാപ് കൈമാറി ഹർമൻപ്രീത്

ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിൽ നിന്നാണ് 25-കാരിയായ പ്രതിക റാവൽ തന്‍റെ കന്നി ടി20 അന്താരാഷ്ട്ര ക്യാപ് ഏറ്റുവാങ്ങിയത്. ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ മുൻനിരയിലെ ഏറ്റവും വിശ്വസ്തയായ ബാറ്ററായി മാറിയ പ്രതികയ്ക്ക്, ഒടുവിൽ ചുരുങ്ങിയ ഓവർ ഫോർമാറ്റിലേക്കും വിളി വരികയായിരുന്നു.

2024 ഡിസംബറിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഏകദിന അരങ്ങേറ്റം കുറിച്ച പ്രതിക ചുരുങ്ങിയ കാലം കൊണ്ട് അത്ഭുതപ്പെടുത്തുന്ന റെക്കോർഡുകളാണ് സ്വന്തമാക്കിയത്. ഇതുവരെ കളിച്ച 27 ഏകദിനങ്ങളിൽ നിന്ന് 47.56 ശരാശരിയിൽ രണ്ട് സെഞ്ച്വറികളും ഏഴ് അർധസെഞ്ച്വറികളും ഉൾപ്പെടെ 1,189 റൺസ് താരം അടിച്ചുകൂട്ടിയിട്ടുണ്ട്. 154 റൺസാണ് ഉയർന്ന സ്കോർ. വെറും 8 ഇന്നിങ്സുകളിൽ നിന്ന് 500 ഏകദിന റൺസ് തികച്ച് ഏറ്റവും വേഗത്തിൽ ഈ നേട്ടത്തിലെത്തുന്ന ഇന്ത്യൻ വനിതാ താരമെന്ന റെക്കോർഡും പ്രതിക സ്വന്തമാക്കിയിരുന്നു.

2025 ലെ ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനെതിരെ കന്നി ലോകകപ്പ് സെഞ്ച്വറി നേടിയ താരം, ലോക ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ (23 ഇന്നിങ്സുകളിൽ നിന്ന്) 1,000 ഏകദിന റൺസ് തികയ്ക്കുന്ന താരമെന്ന റെക്കോർഡിനൊപ്പവും എത്തിയിരുന്നു.

പരിക്കിൽ നിന്നുള്ള തിരിച്ചുവരവ്

ഏകദിനത്തിൽ മികച്ച റെക്കോർഡുണ്ടെങ്കിലും പ്രതികയെ ടി20 ടീമിലേക്ക് തിരഞ്ഞെടുത്തതിനെതിരെ ചില വിമർശനങ്ങളും ഉയർന്നിരുന്നു. പ്രധാനമായും താരത്തിന്‍റെ സ്ട്രൈക്ക് റേറ്റാണ് വിമർശകർ ചൂണ്ടിക്കാണിക്കുന്നത്. ആഭ്യന്തര തലത്തിൽ കളിച്ച 24 ടി20 മത്സരങ്ങളിൽ നിന്ന് 24.96 ശരാശരിയിലും 105.32 സ്ട്രൈക്ക് റേറ്റിലും 574 റൺസാണ് പ്രതികയുടെ സമ്പാദ്യം. ഇതിൽ 5 അർധസെഞ്ച്വറികളും ഉൾപ്പെടുന്നു.

2024-ന് ശേഷം താരം ഔദ്യോഗികമായി ഒരു ടി20 മത്സരം പോലും കളിച്ചിട്ടില്ല. 2026-ലെ വനിതാ പ്രീമിയർ ലീഗിൽ യുപി വാരിയേഴ്‌സ് സ്ക്വാഡിന്‍റെ ഭാഗമായിരുന്നെങ്കിലും പരിക്ക് മാറി വരുന്നതേ ഉണ്ടായിരുന്നുള്ളൂ, എന്നതിനാൽ ഒരു മത്സരത്തിൽ പോലും കളിക്കാൻ അവസരം ലഭിച്ചില്ല.

ജെമീമയുടെ അപ്രതീക്ഷിത പരിക്കാണ് പ്രതികയ്ക്ക് ഇപ്പോൾ ഇന്ത്യൻ ടി20 ടീമിലേക്കുള്ള വഴി തുറന്നിരിക്കുന്നത്. ഏകദിനത്തിലെ തന്‍റെ സുവർണ്ണ ഫോം ടി20 ഫോർമാറ്റിലും ആവർത്തിക്കാനും വിമർശകരുടെ വായടപ്പിക്കാനുമുള്ള മികച്ച അവസരമാണ് ഈ മത്സരത്തിലൂടെ പ്രതികയ്ക്ക് ലഭിച്ചിരിക്കുന്നത്.

Also Read: രോഹൻ കുന്നുമ്മലിന്‍റെ വെടിക്കെട്ട്; കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ തകർത്ത് കാലിക്കറ്റിനു വമ്പൻ വിജയം