മെസിയുടെ പിൻഗാമി, 10ാം നമ്പര്‍ ജേഴ്‌സി ഇനി ആര്‍ക്ക്?
മറഡോണ പ്രകാശമാക്കിയ, മെസ്സി അമരത്വത്തിലേക്ക് നയിച്ച അർജൻ്റീനയുടെ 10-ാം നമ്പർ ജേഴ്‌സി, ഇനി മറ്റൊരു കളിക്കാരൻ്റെയും പുറത്ത് കാണാൻ ആരാധകർ ആഗ്രഹിക്കുന്നില്ല. മെസ്സിയോടുള്ള ആദരസൂചകമായി അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ ഈ ജേഴ്‌സി എന്നെന്നേക്കുമായി മാറ്റിവെക്കുമോ?

Published : September 1, 2026 at 7:42 AM IST
ഹൈദരാബാദ്: കഴിഞ്ഞ ദിവസമായിരുന്നു അർജൻ്റൈൻ ആരാധകരെ കണ്ണീരിലാഴ്ത്തി കൊണ്ട് ആ പ്രഖ്യാപനം വന്നത്. ഫുട്‌ബോളിൻ്റെ മിശിഹാ നീലയും വെള്ളയും ജേഴ്‌സിയില്‍ നിന്ന് വിരമിച്ചിരിക്കുന്നു. ഹൃദയം പൊള്ളുന്ന വേദനയിലും അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു "എൻ്റെ ആത്മാവിനെ ഒരുപാട് വേദനിപ്പിച്ച, ഇപ്പോഴും വേദനിപ്പിക്കുന്ന ഒരു തീരുമാനമാണ് ഇത്. പക്ഷേ, കരിയറിലെ ഈ അധ്യായം അവസാനിപ്പിക്കാനുള്ള ശരിയായ സമയം ഇതാണെന്ന് ഞാൻ മനസിലാക്കുന്നു. ഈ ടീമിന് വേണ്ടി ഇനി ഒന്നും നല്‍കാൻ ഇനി ബാക്കിയില്ല. കഴിഞ്ഞ 20 വർഷമായി നിങ്ങൾ എനിക്ക് നൽകിയ സ്നേഹത്തിന് നന്ദി".
അര്‍ജൻ്റൈൻ ആരാധകരാകണമെന്നില്ല, ഫുട്‌ബോളിനെ നെഞ്ചിലേറ്റുന്നവര്‍ക്ക് ഹൃദയത്തില്‍ തട്ടിയ വാക്കുകളായിരുന്നു അത്. ഒന്നുറപ്പാണ്, അയാള്‍ക്കിനി ആ ടീമിന് വേണ്ടി നല്‍കാൻ ഒന്നും തന്നെ ബാക്കിയില്ല, അദ്ദേഹത്തിന് പകരക്കാരനായി ഇനി ഒരാള്‍ വരികയുമില്ല. ഫുട്‌ബോളിന് ഒരു "മിശിഹാ" മാത്രമേയുള്ളൂ, അത് അന്നും എന്നും അങ്ങനെത്തന്നെ... ലയണല്‍ മെസി മാത്രം.

പക്ഷേ, അര്‍ജൻ്റീനയ്‌ക്ക് ഇനിയും മുന്നോട്ട് പോകാനുണ്ട്. ദേശീയ മത്സരങ്ങളും ലോകകപ്പുകളും ഇനിയും ബാക്കിയുണ്ട്. അവരുടെ മാന്ത്രികനായി മുന്നില്‍ നിന്ന് നയിക്കാൻ കപ്പിത്താൻ ഇല്ലെന്ന് മാത്രം. ചോദ്യങ്ങള്‍ ഇനിയും ബാക്കിയാണ്. കണ്ണുകളെല്ലാം പോകുന്നത് ആ നമ്പറിലേക്കെന്ന് ചുരുക്കം... ആരാകും ഇനി ആ വിശ്വ 10ാം നമ്പര്‍ ജേഴ്‌സി അണിയുക? നീലപ്പടയെ ഇനി ആര് നയിക്കും? ആ ജേഴ്‌സി അദ്ദേഹത്തിനോടുള്ള ആദരവായി മാറ്റിവയ്‌ക്കുമോ? വരും ദിവസങ്ങളില്‍ ഇതിനുള്ള മറുപടിയെത്തും. എങ്കിലും കായിക വിദഗ്‌ധര്‍ ചില നിരീക്ഷണങ്ങള്‍ മുന്നോട്ട് വയ്‌ക്കുന്നു.... മെസിയുടെ വിടവ് ഒരിക്കലും നികത്താൻ കഴിയില്ലെങ്കിലും 10ാം നമ്പര്‍ ജേഴ്‌സി അണിയാൻ സാധ്യതയുള്ള ചില താരങ്ങളെ നമുക്ക് പരിചയപ്പെടാം...

അലക്സിസ് മാക് അലിസ്റ്റർ
നിലവിൽ ലിവര്‍പൂളിൻ്റെ പത്താം നമ്പറുകാരനായ അലക്സിസ് മാക് അലിസ്റ്റർ ആണ് ഈ ജേഴ്‌സി സ്ഥിരമായി സ്വന്തമാക്കാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്ന താരം. ലൈനൽ സ്കലോണിയുടെ തന്ത്രങ്ങളിൽ പ്രധാന പങ്കുവഹിക്കുന്ന അദ്ദേഹം കളി മെനയാനും സമ്മർദ്ദഘട്ടങ്ങളിൽ പക്വതയോടെ പന്ത് തട്ടാനും മിടുക്കനാണ്. മെസ്സിയുടെ അഭാവത്തിൽ മധ്യനിരയുടെ നിയന്ത്രണം ഏറ്റെടുക്കാൻ കെൽപ്പുള്ള ഏറ്റവും സീനിയറായ യുവതാരങ്ങളിൽ ഒരാളാണ് മാക് അലിസ്റ്റർ എന്ന് കായിക വിദഗ്‌ധര്‍ വിലയിരുത്തുന്നു.
ജൂലിയൻ അൽവാരസ്
അർജൻ്റീനയുടെ മുന്നേറ്റനിരയുടെ ഭാവി എന്ന് വിശേഷിപ്പിക്കാവുന്ന താരമാണ് ജൂലിയൻ അൽവാരസ്. മെസിക്കൊപ്പം അക്രമണങ്ങൾക്ക് മൂർച്ച കൂട്ടിയ അൽവാരസ്, ടീമിൻ്റെ പുതിയ യുഗത്തിലെ ഏറ്റവും വലിയ മാച്ച് വിന്നറാണ്. ക്രിയേറ്റീവ് പ്ലേമേക്കർ എന്നതിലുപരി ഒരു പ്യുവർ ഫോർവേഡ് ആണെങ്കിലും, ടീമിലെ അദ്ദേഹത്തിൻ്റെ സ്വാധീനം കണക്കിലെടുത്ത് പത്താം നമ്പർ നൽകി ആദരിക്കാൻ സ്കലോണി മുതിർന്നേക്കാം.
ജേഴ്സി ആദരവോടെ മാറ്റിവയ്‌ക്കുമോ?
ഡീഗോ മറഡോണ പ്രകാശമാക്കിയ, ലയണൽ മെസ്സി അമരത്വത്തിലേക്ക് നയിച്ച അർജൻ്റീനയുടെ 10-ാം നമ്പർ ജേഴ്‌സി, ഇനി മറ്റൊരു കളിക്കാരൻ്റെയും പുറത്ത് കാണാൻ ആരാധകർ ആഗ്രഹിക്കുന്നില്ല. മെസ്സിയോടുള്ള ആദരസൂചകമായി അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ ഈ ജേഴ്‌സി എന്നെന്നേക്കുമായി മാറ്റിവെക്കുമോ?
മെസി വിരമിച്ചാൽ പത്താം നമ്പർ ജേഴ്‌സി മറ്റാർക്കും നൽകില്ലെന്ന് അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ പ്രസിഡൻ്റ് ക്ലോഡിയോ ടാപിയ മുൻപ് വ്യക്തമാക്കിയിട്ടുണ്ട്. "ലിയോ ദേശീയ ടീമിൽ നിന്ന് വിരമിക്കുമ്പോൾ, പത്താം നമ്പർ ജേഴ്‌സി ധരിക്കാൻ ഞങ്ങൾ മറ്റാരെയും അനുവദിക്കില്ല. അദ്ദേഹത്തോടുള്ള ആദരസൂചകമായി ആ നമ്പർ ഞങ്ങൾ വിരമിപ്പിക്കും," എന്നായിരുന്നു അദ്ദേഹത്തിൻ്റെ വാക്കുകൾ.

എന്നാൽ ഈ വൈകാരിക തീരുമാനത്തിന് മുന്നിൽ വലിയൊരു കരിമ്പാറ പോലെ നിൽക്കുന്നത് ഫിഫയുടെ കർശനമായ നിയമങ്ങളാണ്. ഫിഫയുടെ ഔദ്യോഗിക ടൂർണമെൻ്റുകളിൽ (ലോകകപ്പ് പോലുള്ളവ) പങ്കെടുക്കുന്ന ടീമുകളിലെ കളിക്കാർക്ക് 1 മുതൽ 23 വരെയുള്ള നമ്പറുകൾ നിർബന്ധമായും നൽകിയിരിക്കണം. ഒരു നമ്പർ പോലും ഒഴിവാക്കാൻ ഫിഫ അനുവദിക്കാറില്ല. അതുകൊണ്ട് തന്നെ അർജൻ്റീനയ്ക്ക് ലോകകപ്പ് വേദിയിൽ 10-ാം നമ്പർ ജേഴ്‌സി മാറ്റിവയ്ക്കുക എന്നത് നിലവിലെ നിയമപ്രകാരം അസാധ്യമാണ്.
Also Read: വിട ചൊല്ലി 'മിശിഹാ': അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് മെസി

