മടക്കയാത്ര അനിശ്ചിതത്വത്തിൽ: സിക്കന്ദർ റാസയും സംഘവും ഡൽഹിയിൽ, വിന്‍ഡീസ് കൊൽക്കത്തയിലും കുടുങ്ങി
പശ്ചിമേഷ്യൻ സംഘർഷം: സിംബാബ്‌വെ, വിൻഡീസ് ടീമുകൾ ഇന്ത്യയിൽ തുടരുന്നു

Published : March 3, 2026 at 10:07 AM IST
ഹെെദരാബാദ്: പശ്ചിമേഷ്യയിൽ ഇസ്രായേലും അമേരിക്കയും സംയുക്തമായി ഇറാനെതിരെ നടത്തിയ ആക്രമണത്തെത്തുടർന്ന് രാജ്യാന്തര വ്യോമപാതകൾ അടച്ചതോടെ ഇന്ത്യയിൽ നടക്കുന്ന ടി20 ലോകകപ്പിന്‍റെ ആവേശം ആശങ്കയ്ക്ക് വഴിമാറുന്നു. ടൂർണമെന്‍റില്‍ നിന്ന് പുറത്തായ വെസ്റ്റ് ഇൻഡീസ് ടീം കൊൽക്കത്തയിലും സിംബാബ്‌വെ ടീം ഡൽഹിയിലും കുടുങ്ങിക്കിടക്കുകയാണ്. ലോകത്തിലെ ഏറ്റവും തിരക്കേറിയ ട്രാൻസിറ്റ് ഹബ്ബായ ദുബായ് വിമാനത്താവളം അനിശ്ചിതകാലത്തേക്ക് അടച്ചതാണ് കരീബിയൻ ദ്വീപുകളിലേക്കും ആഫ്രിക്കൻ രാജ്യങ്ങളിലേക്കുമുള്ള ടീമുകളുടെ മടക്കയാത്ര തടസ്സപ്പെടുത്തിയത്.
ഇരുടീമുകളുടേയും യാത്രാ തടസ്സം
സിക്കന്ദർ റാസയുടെ നേതൃത്വത്തിൽ ഇത്തവണ ലോകകപ്പിൽ അത്ഭുതങ്ങൾ കാട്ടിയ സിംബാബ്‌വെ ടീം ഇന്നലെ നാട്ടിലേക്ക് തിരിക്കേണ്ടതായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ മുൻ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെയും ശ്രീലങ്കയെയും അട്ടിമറിച്ച് തോൽവി അറിയാതെ സൂപ്പർ-8ൽ എത്തിയ അവർ ആരാധകരുടെ വലിയ കൈയടി നേടിയാണ് മടങ്ങാനൊരുങ്ങിയത്.
Travel disruptions delay Zimbabwe’s return from India 🛫 pic.twitter.com/5wVHGx7EnL
— Zimbabwe Cricket (@ZimCricketv) March 2, 2026
എന്നാൽ നിലവിലെ യുദ്ധസമാനമായ സാഹചര്യം കാരണം വിമാനങ്ങൾ റദ്ദാക്കിയതോടെ അവർക്ക് ഡൽഹിയിലെ ഹോട്ടലിൽ തന്നെ തുടരേണ്ടി വന്നു. സമാനമായ രീതിയിൽ ഇന്ത്യക്കെതിരായ അവസാന മത്സരത്തിന് ശേഷം കൊൽക്കത്തയിൽ നിന്ന് മടങ്ങാനിരുന്ന വെസ്റ്റ് ഇൻഡീസ് താരങ്ങളും യാത്രാനുമതിക്കായി ഇപ്പോള്‍ കാത്തിരിക്കുകയാണ്.
ബദൽ മാർഗങ്ങൾ തേടി ഐസിസി
നിലവിലെ പ്രതിസന്ധി മറികടക്കാൻ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) അടിയന്തര നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പശ്ചിമേഷ്യൻ വ്യോമപാതകൾ ഒഴിവാക്കി യൂറോപ്പ്, സിംഗപ്പൂർ അല്ലെങ്കിൽ ബാങ്കോക്ക് വഴി ബദൽ റൂട്ടുകൾ കണ്ടെത്താനാണ് ലോജിസ്റ്റിക്‌സ് വിഭാഗം ശ്രമിക്കുന്നത്. എന്നാൽ വിമാനങ്ങൾ കൂട്ടത്തോടെ വഴിതിരിച്ചുവിടുന്നതും ടിക്കറ്റ് നിരക്കിലെ വൻ വർധനവും പുതിയ ക്രമീകരണങ്ങൾ നടത്തുന്നതിന് വെല്ലുവിളിയാകുന്നുണ്ട്. താരങ്ങൾക്ക് പുറമെ മാച്ച് ഒഫീഷ്യലുകളും മാധ്യമപ്രവർത്തകരും സമാനമായ യാത്രാപ്രതിസന്ധി നേരിടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ലോകകപ്പ് സെമിഫൈനൽ മത്സരങ്ങൾ മാറ്റമില്ലാതെ തുടരും
ടീമുകൾ കുടുങ്ങിക്കിടക്കുകയാണെങ്കിലും ലോകകപ്പ് സെമിഫൈനൽ മത്സരങ്ങൾ മാറ്റമില്ലാതെ തുടരുമെന്ന് ഐസിസി വ്യക്തമാക്കി. 2026 മാർച്ച് നാലിന് കൊൽക്കത്തയിൽ ദക്ഷിണാഫ്രിക്കയും ന്യൂസിലൻഡും തമ്മിലും മാർച്ച് അഞ്ചിന് മുംബൈയിൽ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുമാണ് സെമി പോരാട്ടങ്ങൾ നടക്കുന്നത്.
Statement on delayed departure of West Indies Team from India.
— Windies Cricket (@windiescricket) March 2, 2026
Read More🔽 https://t.co/58DY86PJ9U
എന്നാല്‍ കുടുങ്ങിക്കിടക്കുന്ന താരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഇപ്പോൾ മുൻഗണനയെന്നും വിമാന സർവീസുകൾ പുനഃസ്ഥാപിക്കുന്ന മുറയ്ക്ക് ഇവരെ സുരക്ഷിതമായി നാട്ടിലെത്തിക്കുമെന്നും അധികൃതർ അറിയിച്ചു. പശ്ചിമേഷ്യയിലെ സംഘർഷം കായിക ലോകത്തെ ഇത്രത്തോളം ബാധിക്കുന്നത് ഇതാദ്യമായാണ്.
Also Read: ദുബായില്‍ കുടുങ്ങിയത് തിരിച്ചടിയായി: പിവി സിന്ധു ഓൾ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പിൽ നിന്ന് പുറത്തേക്ക്!

