14 സിക്‌സറുകള്‍..! വെടിക്കെട്ട് ബാറ്റിങ്ങുമായി വിഷ്‌ണു വിനോദ്; പോണ്ടിച്ചേരിക്കെതിരെ കേരളത്തിനു തകര്‍പ്പന്‍ ജയം
വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിനു തുടർച്ചയായ മൂന്നാം വിജയം.

Published : January 6, 2026 at 5:18 PM IST
അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയിൽ പോണ്ടിച്ചേരിയെ എട്ട് വിക്കറ്റിനു തോല്‍പ്പിച്ച് കേരളം. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്‌ത പോണ്ടിച്ചേരി 47.4 ഓവറിൽ 247 റൺസെടുത്തപ്പോൾ, കേരളം 29 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. വിഷ്‌ണു വിനോദിന്‍റെ മിന്നും സെഞ്ച്വറിയുടെ മികവിലാണ് കേരളം അനായാസം ജയം നേടിയത്. 84 പന്തിൽ 162 റൺസുമായി പുറത്താകാതെ നിന്ന വിഷ്‌ണുവാണ് പ്ലെയർ ഓഫ് ദി മാച്ച്.
ടോസ് നഷ്‌ടപ്പെട്ട പോണ്ടിച്ചേരി ആദ്യം ബാറ്റ് ചെയ്യാൻ ഇറങ്ങുകയായിരുന്നു. 25 റൺസെടുത്ത നെയാൻ കങ്കയാന്‍റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. തുടർന്നെത്തിയ ജസ്വന്ത് ശ്രീരാമും അജയ് റൊഹേരയും ചേർന്ന് 70 പന്തുകളിൽ 81 റൺസ് കൂട്ടിച്ചേർത്തു. അജയ് റൊഹേര 53-ഉം ജസ്വന്ത് ശ്രീരാം 57-ഉം റൺസെടുത്തു. തുടർന്നെത്തിയ ക്യാപ്റ്റൻ അമൻ ഖാനും അധികനേരം പിടിച്ചുനിൽക്കാനായില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഒരു ഘട്ടത്തിൽ നാല് വിക്കറ്റിന് 156 റൺസെന്ന നിലയിലായിരുന്ന പോണ്ടിച്ചേരി 48-ാം ഓവറിൽ 247 റൺസിന് എല്ലാവരും പുറത്തായി. പോണ്ടിച്ചേരിക്ക് വേണ്ടി അമൻ ഖാൻ 27-ഉം വിഘ്‌നേശ്വരൻ മാരിമുത്തു 26-ഉം ജയന്ത് യാദവ് 23-ഉം റൺസെടുത്തു. എട്ട് ഓവറിൽ 41 റൺസ് മാത്രം വിട്ടുകൊടുത്ത് എം.ഡി നിധീഷ് നാല് വിക്കറ്റ് വീഴ്ത്തി. ഏദൻ ആപ്പിൾ ടോമും അങ്കിത് ശർമ്മയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് തുടക്കത്തിൽ തന്നെ ഓപ്പണർമാരായ സഞ്ജു സാംസണിന്‍റേയും രോഹൻ കുന്നുമ്മലിന്‍റേയും വിക്കറ്റ് നഷ്ടമായി. 11 റൺസെടുത്ത സഞ്ജുവിനെ പാർത്ഥ് വഗാനിയും എട്ട് റൺസെടുത്ത രോഹനെ ഭൂപേന്ദറുമാണ് പുറത്താക്കിയത്. പിന്നാലെ ബാബ അപരാജിത്തും വിഷ്‌ണു വിനോദും ചേർന്ന് കേരളത്തിന് അനായാസ വിജയമൊരുക്കുകയായിരുന്നു.
തുടക്കം മുതൽ ആഞ്ഞടിച്ച വിഷ്‌ണു 36 പന്തുകളിൽ തന്നെ അർധ സെഞ്ച്വറി പൂർത്തിയാക്കി. വെറും 63 പന്തുകളിലാണ് താരം സെഞ്ച്വറിനേട്ടത്തിലെത്തിയത്. ഇതിനിടയിൽ ബാബ അപരാജിത്തും അർധ സെഞ്ച്വറി പൂർത്തിയാക്കി. 29 ഓവറിൽ തന്നെ കേരളം ലക്ഷ്യത്തിലെത്തി.

84 പന്തുകളിൽ 13 ബൗണ്ടറികളും 14 സിക്‌സും അടക്കം 162 റൺസുമായി വിഷ്‌ണു വിനോദും 69 പന്തുകളിൽ നിന്ന് 63 റൺസുമായി ബാബ അപരാജിത്തും പുറത്താകാതെ നിന്നു. വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് വേണ്ടി ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്‌സുകൾ നേടുന്നതിന്‍റെ റെക്കോർഡ് വിഷ്‌ണു വീണ്ടും തന്‍റെ പേരിലാക്കി. 2019-ൽ ഛത്തീസ്ഗഢിനെതിരെ താരം സ്ഥാപിച്ച 11 സിക്‌സിന്‍റെ റെക്കോർഡിനൊപ്പം കഴിഞ്ഞ മത്സരത്തിൽ രോഹൻ കുന്നുമ്മൽ എത്തിയിരുന്നു. ഈ റെക്കോർഡാണ് വിഷ്‌ണു വിനോദ് ഇന്ന് തിരുത്തിയത്.
Also Read: 'ശാരീരികമായി തയ്യാറല്ല': അഡലെയ്‌ഡ് ഇന്‍റര്‍നാഷണലിൽ നിന്ന് പിന്മാറി നൊവാക് ജോക്കോവിച്ച്

