ETV Bharat / sports

പുതുവര്‍ഷം ഗംഭീരമാക്കി സഞ്ജു: വിജയ് ഹസാരെ ട്രോഫിയില്‍ ഝാർഖണ്ഡിനെതിരെ കേരളത്തിനു എട്ടുവിക്കറ്റ് ജയം

സഞ്ജു സാംസണും രോഹന്‍ കുന്നുമ്മലും സെഞ്ചുറി നേടി.

Vijay Hazare Trophy
Vijay Hazare Trophy (KCA)
author img

By ETV Bharat Sports Team

Published : January 3, 2026 at 6:05 PM IST

2 Min Read
Choose ETV Bharat

അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിനു മിന്നും ജയം. ജാർഖണ്ഡ് ഉയർത്തിയ 312 റൺസ് പിന്തുടർന്ന കേരളം, 43.3 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി. സൂപ്പര്‍ താരം സഞ്ജു സാംസണിന്‍റേയും ക്യാപ്റ്റൻ രോഹൻ കുന്നുമ്മലിന്‍റേയും സെഞ്ചുറിക്കരുത്തിലാണ് കേരളം ജാര്‍ഖണ്ഡിനെ വീഴ്‌ത്തിയത്. രോഹനാണ് പ്ലെയർ ഓഫ് ദി മാച്ച്. മത്സരത്തിൽ കുമാർ കുശാഗ്രയും അനുകൂൽ റോയിയും ചേർന്ന കൂട്ടുകെട്ടാണ് ജാര്‍ഖണ്ഡിനു കൂറ്റന്‍ സ്കോർ സമ്മാനിച്ചത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ജാര്‍ഖണ്ഡിനു തുടക്കത്തില്‍ തന്നെ പതറിയിരുന്നു. 20 റൺസെടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടമായി. 13 റൺസെടുത്ത ശിഖർ മോഹനും ആറ് റൺസെടുത്ത ഉത്കർഷ് സിങ്ങുമാണ് മടങ്ങിയത്. പിന്നാലെ 15 റൺസെടുത്ത വിരാട് സിങ് കൂടി വീണതോടെ മൂന്ന് വിക്കറ്റിന് 65 റൺസ് എന്ന നിലയിലായിരുന്നു ജാർഖണ്ഡ്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

നാലാം വിക്കറ്റിൽ ഇഷാൻ കിഷനും കുമാർ കുശാഗ്രയും ചേർന്ന് 46 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ 21 റൺസെടുക്കുന്നതിനിടെ ഇഷാൻ കിഷനും പുറത്തായി. പിന്നാലെ കുമാർ കുശാഗ്രയും അനുകൂൽ റോയിയും ചേർന്ന് നേടിയ 176 റൺസിൻ്റെ കൂട്ടുകെട്ടാണ് സ്കോർ 311-ൽ എത്തിച്ചത്.

അനുകൂൽ റോയി 72 റൺസെടുത്തപ്പോൾ കുമാർ കുശാഗ്ര 143 റൺസുമായി പുറത്താകാതെ നിന്നു. കേരളത്തിന് വേണ്ടി എം.ഡി നിധീഷ് നാലും ബാബ അപരാജിത് രണ്ട് വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ കേരളത്തിന് ഓപ്പണർമാരായ രോഹൻ കുന്നുമ്മലും സഞ്ജു സാംസണും ചേർന്ന് ഗംഭീര തുടക്കമാണ് നൽകിയത്. വെറും 59 പന്തുകളിൽ നിന്ന് രോഹൻ സെഞ്ച്വറി തികച്ചു. മറുവശത്ത് സഞ്ജുവും കൂറ്റൻ ഷോട്ടുകളുമായി കളം നിറഞ്ഞതോടെ 24-ാം ഓവറിൽ കേരളം 200-ൽ എത്തി. സ്കോർ 212-ൽ നിൽക്കെ 124 റൺസെടുത്ത രോഹൻ പുറത്തായി.

78 പന്തുകളിൽ നിന്ന് എട്ട് ഫോറും 11 സിക്‌സും അടങ്ങുന്നതായിരുന്നു രോഹൻ്റെ ഇന്നിങ്സ്. ഇതിലൂടെ വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് വേണ്ടി ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്‌സുകൾ നേടിയ റെക്കോർഡിനൊപ്പവും (11 സിക്‌സറുകൾ) രോഹൻ എത്തി. സഞ്ജു സാംസണ്‍ 95 പന്തുകളിൽ നിന്ന് ഒൻപത് ഫോറും മൂന്ന് സിക്‌സും അടക്കം 101 റൺസാണ് നേടിയത്. തുടർന്ന് മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന ബാബ അപരാജിത്തും (41) വിഷ്ണു വിനോദും (40) ചേർന്ന് കേരളത്തെ അനായാസം ലക്ഷ്യത്തിലെത്തിച്ചു.

Also Read: ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു; ശ്രേയസ് അയ്യർ തിരിച്ചെത്തി, ഷമി പുറത്ത്