വണ്ടർ വൈഭവ്; സച്ചിന്‍റെ റെക്കോര്‍ഡ് പഴങ്കഥയാക്കി പതിനഞ്ചുകാരന്‍റെ ചരിത്ര അരങ്ങേറ്റം
മാഞ്ചസ്റ്ററിൽ നടന്ന മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ച ഇന്ത്യ, സഞ്ജു സാംസണ് പകരം വൈഭവിനെ ടീമിൽ ഉൾപ്പെടുത്തുകയായിരുന്നു.

Published : July 4, 2026 at 7:10 PM IST
മാഞ്ചെസ്റ്റര്‍: സച്ചിൻ ടെണ്ടുൽക്കറുടെ 37 വർഷം പഴക്കമുള്ള റെക്കോർഡ് ഇനി പഴങ്കഥ. ഇന്ത്യയുടെ എക്കാലത്തെയും പ്രായം കുറഞ്ഞ അന്താരാഷ്ട്ര ക്രിക്കറ്റ് അരങ്ങേറ്റക്കാരൻ എന്ന ചരിത്ര നേട്ടം ഇനി ബിഹാറിലെ സമസ്തിപൂർ സ്വദേശിയായ പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശിക്ക് സ്വന്തം.
ഇംഗ്ലണ്ടിനെതിരായ ട്വന്‍റി-20 പരമ്പരയിലെ രണ്ടാമത്തെ മത്സരത്തിൽ മാഞ്ചസ്റ്ററിൽ പാഡണിഞ്ഞതോടെയാണ് ഈ ഇടങ്കയ്യൻ ബാറ്റർ ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ വിസ്മയമായി മാറിയത്. 15 വയസ്സും 99 ദിവസവും പ്രായമുള്ളപ്പോഴാണ് വൈഭവ് ഈ ചരിത്ര നേട്ടത്തിലേക്ക് നടന്നു കയറിയത്. 1989-ൽ തന്‍റെ 16-ാം വയസ്സിൽ (16 വയസും 205 ദിവസവും) പാകിസ്താനെതിരെ കരിയർ ആരംഭിച്ച സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡാണ് ഇതോടെ തിരുത്തിയെഴുതപ്പെട്ടത്. മാഞ്ചസ്റ്ററിൽ നടന്ന മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ച ഇന്ത്യ, സഞ്ജു സാംസണ് പകരം വൈഭവിനെ ടീമിൽ ഉൾപ്പെടുത്തുകയായിരുന്നു.
The start of a special chapter ✨
— BCCI (@BCCI) July 4, 2026
A proud moment as Vaibhav Sooryavanshi receives his #TeamIndia cap from Vice-Captain Tilak Varma 🧢
Updates ▶️ https://t.co/WYfL8tAm58 #ENGvIND pic.twitter.com/zpLtixYDgM
ഈ രണ്ട് പ്രതിഭകളുടെയും അരങ്ങേറ്റ കാലഘട്ടങ്ങളും ശൈലികളും തമ്മിൽ വലിയ വ്യത്യാസങ്ങളുണ്ട്. പ്രതിരോധത്തിലൂന്നിയുള്ള ക്ലാസിക് ബാറ്റിങ് ശൈലിയുമായി സച്ചിൻ ജനഹൃദയങ്ങളിലേക്ക് നടന്നു കയറിയപ്പോൾ, പ്രതിരോധം എന്ന വാക്ക് തന്നെ മറന്ന മട്ടിലുള്ള തകർപ്പൻ അടിവാര ശൈലിയാണ് വൈഭവ് സൂര്യവംശിയുടേത്. ട്വന്റി-20 ക്രിക്കറ്റിന്‍റെ വേഗതയ്ക്കും ആവശ്യങ്ങൾക്കും ഇണങ്ങുന്നതാണ് ഈ കൗമാരക്കാരന്‍റെ ബാറ്റിങ് മികവ്. സച്ചിന്‍റെ അരങ്ങേറ്റം ടെസ്റ്റ് ക്രിക്കറ്റിലൂടെയായിരുന്നെങ്കിൽ വൈഭവിന്റേത് ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ ഫോർമാറ്റായ ട്വന്റി-20യിലൂടെയായി.
കാലഘട്ടങ്ങളുടെ വ്യത്യാസം സാങ്കേതികവിദ്യയിലും ദൃശ്യമാണ്. 1989-ൽ കറാച്ചിയിൽ ഇമ്രാൻ ഖാൻ, വസീം അക്രം, വഖാർ യൂനിസ് എന്നിവരടങ്ങിയ പേസ് പടയെ സച്ചിൻ നേരിടുമ്പോൾ ദൂരദർശനിലെ മങ്ങിയ ദൃശ്യങ്ങളിലൂടെയാണ് ഇന്ത്യ ആ ചരിത്ര നിമിഷം കണ്ടത്. എന്നാൽ ഇന്ന് വൈഭവ് യുകെയിൽ കാലുകുത്തിയത് മുതൽ ഫോർ കെ (4K) ക്യാമറകൾ അവന്‍റെ ഓരോ ചലനങ്ങളും ഒപ്പിയെടുക്കുന്നുണ്ട്. അന്ന് ബെർലിൻ മതിൽ തകർന്നിട്ടില്ലായിരുന്നു, സോവിയറ്റ് യൂണിയൻ നിലവിലുണ്ടായിരുന്നു, ഇന്ത്യയിൽ രാജീവ് ഗാന്ധി പ്രധാനമന്ത്രി പദവി ഒഴിയുന്നതിനും മുൻപായിരുന്നു അത്. സാമ്പത്തിക ഉദാരവൽക്കരണത്തിന് പോലും മുൻപുള്ള കാലഘട്ടത്തിൽ നിന്നാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഭരിക്കുന്ന ഈ ആധുനിക യുഗത്തിലേക്ക് ഇന്ത്യൻ ക്രിക്കറ്റ് വളർന്നത്. അന്ന് സച്ചിൻ ഇതിനെല്ലാം കാരണമായെങ്കിൽ, ഇന്ന് വൈഭവ് ആ വളർച്ചയുടെ പ്രതിഫലനമാണ്.
Vaibhav Sooryavanshi becomes the youngest player to debut for India. He has received his India cap🇮🇳#INDvsENG #Vaibhavsooryavanshipic.twitter.com/8FSKyF9EzP
— TEAM INDIA 🇮🇳 (@suuuuspeed) July 4, 2026
ഇത്രയും പ്രായം കുറഞ്ഞ ഒരു കളിക്കാരന് ചുറ്റും രാജ്യം മുഴുവൻ ഉറ്റുനോക്കുന്ന തരത്തിലുള്ള വലിയൊരു ഓളം സച്ചിന് ശേഷം ഉണ്ടാകുന്നത് ഇതാദ്യമായാണ്. ഇന്റർനെറ്റ് ഇല്ലാതിരുന്ന കാലത്ത് സച്ചിനെ ഒരു നോക്ക് കാണാൻ ജനങ്ങൾ കൊതിച്ചിരുന്നെങ്കിൽ, ഇന്ന് സ്മാർട്ട്ഫോൺ കയ്യിലേന്തിയ ഓരോ ആരാധകനും ഒരു ഡിജിറ്റൽ റിപ്പോർട്ടറാണ്. വൈഭവിനൊപ്പം സെൽഫിയെടുക്കാൻ യുകെയിൽ ആരാധകരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ആരാധകരുടെ ഭ്രാന്തമായ ഈ ആവേശം എത്രത്തോളമുണ്ടെന്നാൽ, രാജസ്ഥാൻ റോയൽസ് വൈഭവിന്‍റെ കാര്യങ്ങൾ നോക്കാൻ ചുമതലപ്പെടുത്തിയ ഗാർഡിയൻ റോമി ഭിന്ദറിനൊപ്പം പോലും ആരാധകർ സെൽഫിയെടുത്ത് മടങ്ങുന്നുണ്ട്. എല്ലാവർക്കും വൈഭവിന്‍റെ കൂടെ ഒരു ചിത്രം വേണം. ഒരു പൊതുവ്യക്തിയും പൊതുസ്വത്തും തമ്മിലുള്ള അതിർവരമ്പുകൾ അത്രമേൽ നേർത്തതായി മാറിയ സോഷ്യൽ മീഡിയ കാലമാണിത്. എന്തായാലും ലോക ക്രിക്കറ്റിനെ വിസ്മയിപ്പിക്കാൻ പോകുന്ന വൈഭവ് സൂര്യവംശി എന്ന ഈ അദ്ഭുത ബാലന്‍റെ യാത്ര ഇവിടെ തുടങ്ങുക മാത്രമാണ് ചെയ്യുന്നത്.

