ജീവൻ കവരുന്ന 'ഇല്ലീഗൽ സ്ട്രൈക്കുകൾ': തായ്‌ക്വാൻഡോ നിയമങ്ങൾ കാറ്റിൽപ്പറത്തുമ്പോൾ
വിജയകിരീടത്തിന് പകരം മാരക പരിക്ക്; ഫായിസിന് സംഭവിച്ചത് എന്ത്? തായ്‌ക്വാൻഡോ മത്സരങ്ങളിലെ കറുത്ത വശങ്ങൾ.

Published : August 13, 2026 at 6:32 PM IST
ഹെെദരാബാദ്: മഹാരാഷ്ട്രയിൽ നടന്ന സിബിഎസ്ഇ സൗത്ത് സോൺ തായ്‌ക്വാൻഡോ മത്സരത്തിനിടെ തൃശൂർ സ്വദേശിയായ 17 വയസ്സുകാരൻ ഫായിസ് അബ്ദുൽ ജലാലിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. മത്സരത്തിനിടെ എതിരാളിയിൽ നിന്ന് നേരിട്ട നിയമവിരുദ്ധമായ കിക്കാണ് ഫായിസിന്‍റെ ജീവൻ അപകടത്തിലാക്കിയത്. തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ ഫായിസ് ഇപ്പോൾ കൊച്ചിയിലെ ആശുപത്രിയിൽ വെന്‍റിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്.
സിബിഎസ്ഇ തായ്‌ക്വാൻഡോ ടൂർണമെന്‍റിലെ സുരക്ഷാ നിയമങ്ങൾ
സിബിഎസ്ഇ സൗത്ത് സോൺ തായ്‌ക്വാൻഡോ മത്സരങ്ങൾ കടുത്ത സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിധേയമായാണ് നടത്തേണ്ടത്:
- സുരക്ഷാ ഉപകരണങ്ങൾ: മത്സരം സംഘടിപ്പിക്കുന്ന സ്‌കൂളുകൾ നിർബന്ധമായും കായികതാരങ്ങൾക്ക് ചെസ്റ്റ് ഗാർഡും ഹെഡ് ഗിയറും നൽകിയിരിക്കണം.
- സ്വന്തം ഗാർഡുകൾ: പങ്കെടുക്കുന്നവർ വേൾഡ് തായ്‌ക്വാൻഡോ ഫെഡറേഷൻ അംഗീകരിച്ച ഗ്രോയിൻ ഗാർഡ്, ഫോർആം ഗാർഡ്, ഷിൻ ഗാർഡ് എന്നിവ സ്വന്തമായി കരുതണം.
- പ്രായപരിധി: 10 വയസ്സിൽ താഴെയുള്ള കുട്ടികളെ മത്സരങ്ങളിൽ പങ്കെടുപ്പിക്കാൻ പാടില്ല.
- ഭാരവിഭാഗം: കായികതാരത്തിന്‍റെ കൃത്യമായ ശരീരഭാരം കണക്കാക്കി അതത് വെയിറ്റ് കാറ്റഗറിയിൽ മാത്രമേ മത്സരിപ്പിക്കാവൂ. ഒരു കാറ്റഗറിയിൽ നിന്നും മറ്റൊന്നിലേക്ക് മാറാൻ അനുവദിക്കില്ല.
- ഒഫീഷ്യലുകളുടെ സാന്നിധ്യം: ഓരോ മത്സരവേദിയിലും ഒരു സെന്‍റര്‍ റഫറി, നാല് കോർണർ ജഡ്‌ജിമാർ, ഒരു റെക്കോർഡർ, ഒരു ടൈം കീപ്പർ എന്നിവർ ഉണ്ടായിരിക്കണം. സിംഗിൾ എലിമിനേഷൻ ടൂർണമെന്‍റ് സിസ്റ്റത്തിലാണ് മത്സരങ്ങൾ നടക്കുന്നത്.
അടിസ്ഥാന നിയമങ്ങളും നിരോധിത പ്രഹരങ്ങളും
കൊറിയയിൽ ഉത്ഭവിച്ച്, 1988 ലെ സിയോൾ ഒളിമ്പിക്‌സിലൂടെ അരങ്ങേറ്റം കുറിച്ച കായികവിഭാഗമാണ് തായ്‌ക്വാൻഡോ. 'കാലുകളുടെയും കൈകളുടെയും വഴി' എന്നാണ് ഈ വാക്കിന്‍റെ അർത്ഥം.

പോയിന്‍റ് നേടുന്ന രീതി
മത്സരത്തിന് മുൻപ് റഫറിയെയും എതിരാളിയെയും വണങ്ങണം. 2 മിനിറ്റ് ദൈർഘ്യമുള്ള 3 റൗണ്ടുകളാണ് ഒരു മത്സരത്തിൽ ഉണ്ടാകുക. റൗണ്ടുകൾക്കിടയിൽ 1 മിനിറ്റ് വിശ്രമം ലഭിക്കും. എതിരാളിയുടെ നെഞ്ചിലോ തലയിലോ കൃത്യമായി പ്രഹരമേൽപ്പിച്ചാണ് പോയിന്‍റുകൾ നേടുന്നത്. കൈ ചുരുട്ടി പിടിച്ചുള്ള നേരായ പഞ്ചുകൾക്കും കണങ്കാലിന് താഴെയുള്ള ഭാഗം കൊണ്ടുള്ള കിക്കുകൾക്കും മാത്രമേ പോയിന്‍റ് ലഭിക്കൂ. നോക്കൗട്ടിലൂടെയും മത്സരം ജയിക്കാം.

പിഴകളും നിരോധിത പ്രവർത്തനങ്ങളും
തായ്‌ക്വാൻഡോയിലെ പ്രധാന പെനാൽറ്റിയാണ് 'ഗാം-ജിയോം'. താഴെ പറയുന്ന നിയമലംഘനങ്ങൾക്ക് എതിരാളിക്ക് പോയിന്‍റ് ലഭിക്കും:
- മുഖത്തോ അരക്കെട്ടിന് താഴെയോ പഞ്ച് ചെയ്യുക അല്ലെങ്കിൽ കിക്ക് ചെയ്യുക.
- തലയോ കാല്‍ മുട്ടോ ഉപയോഗിച്ച് എതിരാളിയെ ആക്രമിക്കുക.
- എതിരാളിയുടെ കിക്ക് തടയാൻ സ്വന്തം കാലുകൾ ഉപയോഗിക്കുക, അല്ലെങ്കിൽ ആക്രമണം തടസ്സപ്പെടുത്താൻ 3 സെക്കൻഡിൽ കൂടുതൽ കാൽ അന്തരീക്ഷത്തിൽ ഉയർത്തിപ്പിടിക്കുക.
- രണ്ട് കാലുകളും ബൗണ്ടറി ലൈനിന് പുറത്തേക്ക് പോവുക, നിലത്തു വീഴുക, മത്സരം മനഃപൂർവ്വം വൈകിപ്പിക്കുക.
- ക്ലിഞ്ച് പൊസിഷനിൽ (അടുത്തു നിൽക്കുമ്പോൾ) മുട്ട് പുറത്തേക്ക് വെച്ച് കാലിന്‍റെ വശങ്ങൾ കൊണ്ട് ആക്രമിക്കുക.
- നിലത്തു വീണ എതിരാളിയെ ആക്രമിക്കുക.
- കായികതാരമോ കോച്ചോ മോശമായി പെരുമാറുകയോ കായിക മര്യാദകൾ ലംഘിക്കുകയോ ചെയ്യുക.

കൗമാര കായികതാരങ്ങളിലെ പരിക്കുകൾ
ഒളിമ്പിക്‌സുകളിൽ ഏറ്റവും കൂടുതൽ പരിക്കുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഇനങ്ങളിൽ ഒന്നാണ് തായ്‌ക്വാൻഡോ. നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ ജൂനിയർ അത്ലറ്റുകളിൽ നടത്തിയ പഠന വിവരങ്ങൾ പ്രകാരം:
- 2018 ലെ വേൾഡ് തായ്‌ക്വാൻഡോ ജൂനിയർ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത 889 അത്ലറ്റുകളിൽ 67 പരിക്കുകളും 4 രോഗബാധകളും റിപ്പോർട്ട് ചെയ്‌തു. (അതായത് 100 അത്ലറ്റുകളിൽ 7.5 പേർക്ക് പരിക്ക്).
- പെൺകുട്ടികളേക്കാൾ കൂടുതൽ പരിക്കുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് ആൺകുട്ടികളിലാണ്.
- പ്രധാന പരിക്കുകൾ: കാൽവിരലുകൾ, മുഖം, കൈവിരലുകൾ, നെഞ്ച് എന്നിവിടങ്ങളിലാണ് കൂടുതൽ പരിക്കേൽക്കുന്നത്. ചതവുകൾ, ലിഗമെന്‍റ് പൊട്ടൽ, മുറിവുകൾ, അസ്ഥിഭംഗം എന്നിവയാണ് പൊതുവെ ഉണ്ടാകാറുള്ളത്. എതിരാളിയുടെ ആക്രമണത്തിൽ നിന്നാണ് ഭൂരിഭാഗം പരിക്കുകളും ഉണ്ടാകുന്നത്.

ഇന്ത്യയിൽ ജീവൻ നഷ്‌ടപ്പെട്ടവരും പരിക്കേറ്റവരും
ഇന്ത്യയിൽ കോംബാറ്റ് സ്പോർട്‌സുകളിൽ നിയമവിരുദ്ധമായ പ്രഹരങ്ങൾ കാരണം നിരവധി കായികതാരങ്ങൾക്ക് ജീവൻ നഷ്‌ടപ്പെടുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്‌തിട്ടുണ്ട്.
- ത്രിപുരാരി ശിവം കുമാർ (2023 ജനുവരി): ബിഹാറിലെ ലഖിസരായിൽ ബസന്ത് പഞ്ചമി പ്രമാണിച്ച് നടത്തിയ ഗുസ്‌തി മത്സരത്തിനിടെ എതിരാളി ബലമായി അമർത്തിയതിനെ തുടർന്ന് മരണപ്പെട്ടു.
- നിഖിൽ സുരേഷ് (2022 ജൂലൈ): മൈസൂരു സ്വദേശിയായ 23 കാരനായ കിക്ക് ബോക്‌സര്‍ ബംഗളൂരുവിൽ നടന്ന മത്സരത്തിനിടെ തലയ്ക്കും മുഖത്തിനും ഗുരുതരമായി പരിക്കേറ്റ് മരണമടഞ്ഞു.
- മഹേഷ് കുമാർ (2021 സെപ്റ്റംബർ): ഉത്തർപ്രദേശിലെ മൊറാദാബാദിൽ നടന്ന അനധികൃത ഗുസ്‌തി മത്സരത്തിനിടെ കഴുത്തിന് ഗുരുതരമായി പരിക്കേറ്റ് മരണമടഞ്ഞു. സംഭവത്തിൽ എതിരാളി സാജിദിനെതിരെ പോലീസ് കേസെടുത്തു.
- അരുന്ധതി ചൗധരി: ഖേലോ ഇന്ത്യ ഗെയിംസിലെ വിജയത്തിന് തൊട്ടുപിന്നാലെ, 2018 ജൂലൈയിൽ നടന്ന ഒരു പരിശീലന സെഷനിൽ പുരുഷ എതിരാളിയിൽ നിന്ന് നേരിട്ട മനഃപൂർവ്വമായ കടുത്ത തലയ്ക്കടിയേറ്റതിനെ തുടർന്ന് ഇവർക്ക് ഗുരുതരമായി പരിക്കേറ്റു.

നിയമലംഘനം നടത്തുന്ന കായികതാരങ്ങൾക്കുള്ള കടുത്ത ശിക്ഷകൾ
കോംബാറ്റ് സ്പോർട്‌സുകളിൽ നിയമവിരുദ്ധമായ പ്രഹരങ്ങൾ ഏൽപ്പിക്കുന്ന അത്ലറ്റുകളെ കടുത്ത രീതിയിൽ ശിക്ഷിക്കുകയോ മത്സരങ്ങളിൽ നിന്ന് അയോഗ്യരാക്കുകയോ ചെയ്യാറുണ്ട്. ആഗോളതലത്തിലെ ചില പ്രധാന സംഭവങ്ങള്‍:
- ഇദ്രിസ് അബ്‌ദുറാഷിദോവ്: പ്രൊഫഷണൽ ബോക്‌സിങ് അരങ്ങേറ്റ മത്സരത്തിൽ എതിരാളിയുടെ തലയ്ക്ക് നിയമവിരുദ്ധമായി ഷിൻ/ഹെഡ് കിക്ക് ഏൽപ്പിച്ചതിനെ തുടർന്ന് പ്രൊഫഷണൽ ബോക്‌സിങ്ങില്‍ നിന്ന് ആജീവനാന്ത വിലക്ക് ലഭിച്ചു.
- പെറ്റർ യാൻ: യുഎഫ്‌സി 259 മത്സരത്തിൽ നിലത്തു കിടന്ന എതിരാളിയുടെ തലയ്ക്ക് മനഃപൂർവ്വം നിയമവിരുദ്ധമായി മുട്ടുകൊണ്ട് ഇടിച്ചതിനെ തുടർന്ന് അയോഗ്യനാക്കപ്പെടുകയും യുഎഫ്‌സി ബാന്‍റം വെയ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം നഷ്‌ടമാവുകയും ചെയ്‌തു.
- മൈക്ക് ടൈസൺ: 1997 ലെ ഹെവിവെയ്റ്റ് റീമാച്ചിൽ എതിരാളിയായ ഇവാൻഡർ ഹോളിഫീൽഡിന്‍റെ രണ്ട് ചെവികളും കടിച്ചതിനെ തുടർന്ന് മത്സരത്തിൽ നിന്ന് അയോഗ്യനാക്കുകയും ബോക്‌സിങ് ലൈസൻസ് താൽക്കാലികമായി റദ്ദാക്കുകയും ചെയ്‌തു.
- റാൻഡ മാർക്കോസ്: യുഎഫ്‌സി മത്സരത്തിനിടെ എതിരാളിയായ ലുവാന പിൻഹീറോയുടെ മുഖത്ത് നിയമവിരുദ്ധമായി അപ്‌കിക് ഏൽപ്പിച്ചതിന് നേരിട്ട് ഡിസ്ക്വാളിഫിക്കേഷൻ ശിക്ഷ ലഭിച്ചു.
- എഡ്ഡി അൽവാരസ്, എറിക് സിൽവ: എതിരാളികളുടെ തലയ്ക്ക് പിന്നിൽ നിയമവിരുദ്ധമായി തുടർച്ചയായി പ്രഹരമേൽപ്പിച്ചതിന് ഇവരെ മത്സരങ്ങളിൽ നിന്ന് അയോഗ്യരാക്കിയിട്ടുണ്ട്.
കായിക പരിക്കുകളും സർക്കാരിന്‍റെ ഉത്തരവാദിത്തവും
കായിക മത്സരങ്ങളിലെ പരിക്കുകളും അതുണ്ടാക്കുന്ന ബാധ്യതകളും കൈകാര്യം ചെയ്യുന്നതിൽ സർക്കാരിന് വലിയ പങ്കുണ്ട്. കായികതാരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പരിക്ക് പറ്റിയവർക്ക് കൃത്യമായ ചികിത്സയും പുനരധിവാസവും നൽകുന്നതിനും സർക്കാർ ഏജൻസികൾ മുൻകൈ എടുക്കണം.
കളിക്കാർക്കായുള്ള സുരക്ഷാ പ്രോട്ടോക്കോളുകൾ നിർമ്മിക്കുക, കളിക്കളങ്ങളുടെ നിലവാരം ഉറപ്പാക്കുക, ഗുണമേന്മയുള്ള കായിക ഉപകരണങ്ങളുടെ മാനദണ്ഡങ്ങൾ നിശ്ചയിക്കുക എന്നിവ സർക്കാരിന്‍റെ പ്രധാന ചുമതലകളാണ്. നിയമങ്ങൾ ലംഘിക്കുന്ന വ്യക്തികൾക്കോ സംഘടനകൾക്കോ എതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കാനും സർക്കാരിന് അധികാരമുണ്ട്.
Also Read: ഓർമ്മകളിൽ പിതാവ്, നെഞ്ചോട് ചേർത്ത് എതിരാളി; മെസ്സിയുടെ കണ്ണീരണിഞ്ഞ മടങ്ങിവരവ്

