ഫിഫയെ ഞെട്ടിച്ച് ട്രംപിന്‍റെ കോൾ! ബാലോഗന്‍റെ വിലക്ക് നീക്കി; ബെൽജിയത്തിനെതിരെ കളിക്കും!
ബാലോഗന്‍റെ വിലക്ക് നീക്കാൻ ട്രംപിന്‍റെ ഫോൺ കോൾ, ഫിഫ ചരിത്രത്തിലെ അത്യപൂർവ ഇടപെടൽ, ബെൽജിയത്തിനെതിരെ യുഎസ് താരം കളിക്കും. പ്രതിഷേധവുമായി എതിരാളികൾ.

Published : July 6, 2026 at 10:16 AM IST
വാഷിംഗ്‌ടണ്‍ ഡിസി: യുഎസ് സൂപ്പർ താരം ഫോളാരിൻ ബാലോഗന് ലഭിച്ച ചുവപ്പ് കാർഡിനെ തുടർന്നുള്ള സസ്‌പെൻഷൻ കേസിൽ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് നേരിട്ട് ഇടപെട്ടതായി റിപ്പോർട്ട്. ബാലോഗന്‍റെ ഓട്ടോമാറ്റിക് വിലക്ക് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ് ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റിനോയെ നേരിട്ട് ഫോണിൽ വിളിച്ചതായാണ് സൂചന.
ട്രംപിന്‍റെ ഈ അപ്രതീക്ഷിത ഇടപെടലിന് പിന്നാലെ കേസ് അടിയന്തരമായി പുനഃപരിശോധിച്ച ഫിഫ അച്ചടക്ക സമിതി, 25 കാരനായ സ്ട്രൈക്കർക്ക് ബെൽജിയത്തിനെതിരായ റൗണ്ട് ഓഫ് 16 മത്സരത്തിൽ കളിക്കാൻ അനുമതി നൽകി. ഒരു വർഷത്തെ പ്രൊബേഷണറി കാലാവധി നിശ്ചയിച്ചാണ് ഫിഫ ബാലോഗന്‍റെ സസ്‌പെൻഷൻ താൽക്കാലികമായി റദ്ദാക്കിയിരിക്കുന്നത്. ഫിഫയുടെ ചരിത്രത്തിൽ തന്നെ ഒരു രാജ്യത്തിന്‍റെ ഭരണത്തലവൻ കളിക്കാരന്‍റെ വിലക്ക് മാറ്റാൻ നേരിട്ട് ഇടപെടുന്നത് അത്യപൂർവമായ സംഭവമാണ്.

ഫിഫയ്ക്ക് നന്ദി പറഞ്ഞ് ഡൊണാൾഡ് ട്രംപ്
ഫിഫ അച്ചടക്ക സമിതിയുടെ അനുകൂല തീരുമാനത്തിന് പിന്നാലെ ട്രംപ് തന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യൽ' വഴി പരസ്യമായി രംഗത്തെത്തി. ഫിഫയുടെ തീരുമാനത്തെ സ്വാഗതം ചെയ്‌ത അദ്ദേഹം ഇൻഫാന്‍റിനോയ്ക്കും സംഘത്തിനും നന്ദി രേഖപ്പെടുത്തി. 'വലിയൊരു അനീതി തിരുത്തി, ശരിയായ കാര്യം ചെയ്‌തതിന് ഫിഫയ്ക്ക് വലിയ നന്ദി! - ട്രംപ്, സോഷ്യൽ മീഡിയയിൽ കുറിച്ചു.
NEW: President Trump personally called FIFA President Gianni Infantino to ask him to review the suspension of U.S. player Folarin Balogun, according to the NYT.
— Collin Rugg (@CollinRugg) July 5, 2026
Balogun was given a red card against Bosnia and Herzegovina on Wednesday and was suspended for the next game.
FIFA… pic.twitter.com/svJl6f4N3g
നിയമനടപടികളിലേക്ക് ബെൽജിയം
ഫിഫയുടെ ഈ അപ്രതീക്ഷിത തീരുമാനത്തിനെതിരെ ബെൽജിയം ഫുട്ബോൾ ഫെഡറേഷൻ കടുത്ത അമർഷവും ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തി. ഫിഫ സ്വന്തം അച്ചടക്ക ചട്ടങ്ങളെ തെറ്റായ രീതിയിലാണ് വ്യാഖ്യാനിച്ചതെന്ന് ബെൽജിയം കുറ്റപ്പെടുത്തി. യുഎസ് താരം കളിക്കാൻ യോഗ്യനാണെന്ന പ്രഖ്യാപനം ടൂർണമെന്‍റിന്‍റെ സുതാര്യതയെ ബാധിക്കുമെന്നും, ഈ തീരുമാനത്തിനെതിരെ ലഭ്യമായ എല്ലാ നിയമപരമായ വഴികളും തങ്ങൾ പരിശോധിക്കുകയാണെന്നും ബെൽജിയം ഫുട്ബോൾ അസോസിയേഷൻ വ്യക്തമാക്കി. മൈതാനത്തിന് പുറത്തെ ഈ നാടകീയ നീക്കങ്ങൾ മത്സരത്തിന്‍റെ ആവേശം ഇരട്ടിയാക്കിയിരിക്കുകയാണ്.

പൊചെറ്റിനോയ്ക്കും യുഎസിനും വമ്പൻ ആശ്വാസം
ബോസ്‌നിയ ആൻഡ് ഹെർസഗോവിനയ്‌ക്കെതിരായ മത്സരത്തിൽ യുഎസ് 2-0 ന് വിജയിച്ചെങ്കിലും 64-ാം മിനിറ്റിൽ ബാലോഗന് ചുവപ്പ് കാർഡ് ലഭിച്ചത് അമേരിക്കൻ ക്യാമ്പിനെ ആശങ്കയിലാഴ്ത്തിയിരുന്നു. ഈ ലോകകപ്പിൽ യുഎസിനായി മൂന്ന് ഗോളുകൾ നേടി മികച്ച ഫോമിലുള്ള താരം തിരിച്ചെത്തുന്നത് ഹെഡ് കോച്ച് മൗറീഷ്യോ പൊചെറ്റിനോയ്ക്കും യുഎസ് ആരാധകർക്കും നൽകുന്ന ആശ്വാസം ചെറുതല്ല.
2002-ന് ശേഷം ആദ്യമായി ലോകകപ്പിന്‍റെ ക്വാർട്ടർ ഫൈനലിൽ എത്താനാണ് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ലക്ഷ്യമിടുന്നത്. 24 വർഷത്തെ ഈ നീണ്ട കാത്തിരിപ്പ് അവസാനിപ്പിക്കാൻ ബാലോഗന്‍റെ സാന്നിധ്യം അനിവാര്യമാണെന്ന് യുഎസ് ക്യാമ്പ് വിശ്വസിക്കുന്നു.
RBFA Statement Regarding Folarin Balogunhttps://t.co/GlLQpSx2SS pic.twitter.com/xA3kMvn0U0
— Belgian Red Devils (@BelRedDevils) July 5, 2026
2014-ലെ പ്രതികാരത്തിന് സീറ്റിലിൽ വേദിയൊരുങ്ങുമ്പോൾ
സീറ്റിലിൽ നടക്കുന്ന ഈ ഹൈ-സ്റ്റേക്ക് പോരാട്ടത്തിന് മറ്റൊരു ചരിത്ര പശ്ചാത്തലം കൂടിയുണ്ട്. 2014-ൽ ബ്രസീലിൽ നടന്ന ലോകകപ്പിലെ പ്രീ-ക്വാർട്ടറിലായിരുന്നു യുഎസും ബെൽജിയവും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് അമേരിക്കൻ ഗോൾകീപ്പർ ടിം ഹോവാർഡ് 16 തകർപ്പൻ സേവുകളുമായി ചരിത്രപ്രകടനം നടത്തിയിട്ടും എക്‌സ്‌ട്രാ ടൈമിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബെൽജിയം യുഎസിനെ കണ്ണീരിലാഴ്ത്തിയിരുന്നു.
Also Read: ബെല്ലിങ്ഹാം മാജിക്; മെക്‌സിക്കോയുടെ ലോകകപ്പ് മോഹങ്ങൾ തകർത്ത് ഇംഗ്ലണ്ട് ക്വാർട്ടർ ഫൈനലിൽ

