നോർത്ത് സോണിനെ തകർത്ത് സൗത്ത് സോൺ ദുലീപ് ട്രോഫി ഫൈനലിൽ; നിധീഷിന് അഞ്ച് വിക്കറ്റ് നേട്ടം
ദുലീപ് ട്രോഫി: തിലക് വർമ്മയുടെ നായക മികവിൽ സൗത്ത് സോൺ ഫൈനലിൽ; നോർത്ത് സോണിനെ തകർത്തത് 7 വിക്കറ്റുകൾക്ക്.

Published : September 2, 2026 at 5:06 PM IST
ബെംഗളൂരു: ക്യാപ്റ്റൻ തിലക് വർമ്മ മുന്നിൽ നിന്ന് നയിച്ച ആവേശപ്പോരാട്ടത്തിൽ നോർത്ത് സോണിനെ 7 വിക്കറ്റുകൾക്ക് തകർത്ത് സൗത്ത് സോൺ ദുലീപ് ട്രോഫിയില്‍ ഫൈനലിൽ പ്രവേശിച്ചു. കലാശപ്പോരാട്ടത്തിൽ ഇഷാൻ കിഷൻ നയിക്കുന്ന ഈസ്റ്റ് സോണാണ് സൗത്ത് സോണിന്‍റെ എതിരാളികൾ. സെപ്റ്റംബർ 6 മുതൽ ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് ഫൈനൽ മത്സരം നടക്കുക. 1970/71 സീസണിന് ശേഷം ഇതാദ്യമായാണ് ഇരുടീമുകളും ദുലീപ് ട്രോഫി കിരീടത്തിനായി നേർക്കുനേർ വരുന്നത്.
മത്സരത്തിന്‍റെ അവസാന ദിനത്തിൽ വിജയത്തിനായി 181 റൺസ് പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ സൗത്ത് സോണിനായി ക്യാപ്റ്റൻ തിലക് വർമ്മ പുറത്താകാതെ 51 റൺസ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. ആദ്യ ഇന്നിങ്സിൽ പുറത്താകാതെ 116 റൺസ് അടിച്ചുകൂട്ടിയ തിലക്, രണ്ടാം ഇന്നിങ്സിലും ടീമിന്‍റെ രക്ഷകനായി. കഴിഞ്ഞ രഞ്ജി ട്രോഫിയിലെ ടോപ്പ് സ്കോററായ രവിചന്ദ്രൻ സ്മരനെ (പുറത്താകാതെ 32) കൂട്ടുപിടിച്ച് നാലാം വിക്കറ്റിൽ നേടിയ 80 റൺസിന്‍റെ കൂട്ടുകെട്ടാണ് സൗത്ത് സോണിന്‍റെ വിജയം സുഗമമാക്കിയത്.
South Zone cruise into the final 🙌
— BCCI Domestic (@BCCIdomestic) September 2, 2026
They chase down 181 and beat North Zone by 7 wickets 👌
Scorecard ▶️ https://t.co/AGjIStrDAT#DuleepTrophy | #SZvNZ pic.twitter.com/UXTDC4wdF4
ബൗളിങ്ങിൽ തിളങ്ങി എം.ഡി നിധീഷ്
നേരത്തെ, രണ്ടാം ഇന്നിങ്സിൽ വലിയൊരു ലീഡ് ലക്ഷ്യമിട്ട് ബാറ്റിങ് പുനരാരംഭിച്ച നോർത്ത് സോണിനെ സൗത്ത് സോൺ പേസർ എം.ഡി നിധീഷ് കശക്കിയെറിഞ്ഞു. 56 റൺസ് മാത്രം വിട്ടുനൽകി 5 വിക്കറ്റുകൾ വീഴ്ത്തിയ താരത്തിന്‍റെ തകർപ്പൻ ബൗളിങ് മികവിലാണ് നോർത്ത് സോൺ രണ്ടാമിന്നിങ്സിൽ 286 റൺസിന് പുറത്തായത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിധീഷിന്‍റെ പത്താമത്തെ അഞ്ച് വിക്കറ്റ് നേട്ടമാണിത്.
തകർച്ചയിൽ നിന്നും വിജയത്തിലേക്ക്
മറുപടി ബാറ്റിങ്ങിൽ ഓപ്പണർ റിക്കി ഭുയിയുടെയും (42 റൺസ്), നാരായൺ ജഗദീശന്‍റേയും (43 റൺസ്) ബാറ്റിങ് സൗത്ത് സോണിന് മികച്ച തുടക്കം നൽകി. എന്നാൽ ഒരു ഘട്ടത്തിൽ നോർത്ത് സോൺ സ്പിന്നർ ആബിദ് മുഷ്‌താഖ് രണ്ട് വിക്കറ്റുകൾ വീഴ്ത്തി സൗത്ത് സോണിനെ 102-ന് 3 വിക്കറ്റ് എന്ന നിലയിലേക്ക് ഒതുക്കി സമ്മർദ്ദത്തിലാക്കിയിരുന്നു. എന്നാൽ പതറാതെ കളിച്ച തിലക് വർമ്മ കൂടുതൽ നഷ്ടങ്ങളില്ലാതെ ടീമിനെ വിജയതീരത്ത് എത്തിക്കുകയായിരുന്നു. കഴിഞ്ഞ വർഷത്തെ ഫൈനലിൽ നേരിട്ട തോൽവിക്ക് പകരം വീട്ടാൻ ഉറച്ചാണ് ഇത്തവണ സൗത്ത് സോൺ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയിരിക്കുന്നത്.
Also Read: ആഴ്‌സണലിനും ബാഴ്‌സയ്‌ക്കും നിരാശ; അൽവാരസ് അത്ലറ്റിക്കോ മാഡ്രിഡിൽ തന്നെ തുടരും

