ETV Bharat / sports

ദ ഹണ്ട്രഡ് ക്രിക്കറ്റ്: പാക് താരങ്ങളെ ഇന്ത്യൻ ഫ്രാഞ്ചൈസികൾ തഴയുമോ? ലേലപ്പട്ടിക പുറത്ത്

ഹണ്ട്രഡ് ലീഗ് ലേലം: ഹാരിസ് റൗഫ് ഉൾപ്പെടെ 14 പാക് താരങ്ങൾ പട്ടികയിൽ.

The Hundred 2026: 14 Pakistan Stars Shortlisted
The Hundred 2026: 14 Pakistan Stars Shortlisted (IANS)
author img

By ETV Bharat Sports Team

Published : March 3, 2026 at 5:15 PM IST

2 Min Read
Choose ETV Bharat

ലണ്ടൻ: ഇംഗ്ലണ്ടിലെ 'ദ ഹണ്ട്രഡ്' ക്രിക്കറ്റ് ടൂർണമെന്‍റിനായുള്ള താരങ്ങളുടെ പട്ടിക പുറത്തുവിട്ടതോടെ പാകിസ്‌താന്‍ താരങ്ങളെ ചൊല്ലിയുള്ള വിവാദം പുകയുന്നു. ലേലത്തിനുള്ള 247 താരങ്ങളുടെ പട്ടികയിൽ 14 പാക് താരങ്ങൾ ഇടംപിടിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യക്കാരുടെ ഉടമസ്ഥതയിലുള്ള ഫ്രാഞ്ചൈസികൾ പാക് താരങ്ങളെ ലേലത്തിൽ എടുക്കുമോ എന്നതാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ പ്രധാന ചർച്ചാവിഷയം.

പ്രമുഖർ പട്ടികയിൽ

സ്റ്റാർ പേസർ ഹാരിസ് റൗഫ് ആണ് പാക് നിരയിലെ പ്രധാനി. ഒരു ലക്ഷം പൗണ്ട് (ഏകദേശം 1.1 കോടി രൂപ) അടിസ്ഥാന വിലയുള്ള 'മാർക്വീ പ്ലെയേഴ്‌സ് ഇന്‍റര്‍നാഷണൽ' വിഭാഗത്തിലാണ് റൗഫ് ഉൾപ്പെട്ടിരിക്കുന്നത്. എയ്‌ഡന്‍ മാർക്രം, ഡേവിഡ് മില്ലർ, ഡാരിൽ മിച്ചൽ, സുനിൽ നരെയ്ൻ തുടങ്ങിയ പ്രമുഖർക്കൊപ്പമാണ് റൗഫിന്‍റെ സ്ഥാനം.

ആദ്യ 50 താരങ്ങളുടെ 'ഹീറോ' പട്ടികയിൽ ആറ് പാകിസ്‌താന്‍ താരങ്ങളുണ്ട്. ഹാരിസ് റൗഫിനെ കൂടാതെ ഷഹീൻ ഷാ അഫ്രീദി, ഷദാബ് ഖാൻ, ഉസ്‌മാന്‍ താരിഖ് എന്നിവർ ടയർ-1 വിഭാഗത്തിലും, സയിം അയൂബ്, അബ്രാർ അഹമ്മദ് എന്നിവർ ടയർ-2 വിഭാഗത്തിലും ഉൾപ്പെടുന്നു. വിദേശ രാജ്യങ്ങളിൽ നിന്ന് ഏറ്റവും കൂടുതൽ താരങ്ങൾ ആദ്യ 50-ൽ ഉൾപ്പെട്ടതും പാകിസ്‌താനില്‍ നിന്നാണ്.

മുഹമ്മദ് നവാസ്, ഉസാമ മിർ, ഇമാദ് വസീം, മുഹമ്മദ് ആമിർ, നസീം ഷാ, സമാൻ ഖാൻ, ആകിഫ് ജാവേദ്, സൽമാൻ മിർസ എന്നിവരാണ് പട്ടികയിലുള്ള മറ്റ് പാക് താരങ്ങൾ.

വിവാദത്തിന് പിന്നിൽ

ഇന്ത്യൻ പ്രീമിയർ ലീഗ് ടീമുകളുമായി ബന്ധമുള്ള നാല് ഫ്രാഞ്ചൈസികൾ പാക് താരങ്ങളെ ടീമിലെടുക്കില്ലെന്ന റിപ്പോർട്ടുകളാണ് വിവാദങ്ങൾക്ക് ആധാരമായത്. എംഐ ലണ്ടൻ, സൺറൈസേഴ്‌സ് ലീഡ്‌സ്, മാഞ്ചസ്റ്റർ സൂപ്പർ ജയന്റ്സ്, സതേൺ ബ്രേവ് എന്നീ ടീമുകൾ പാക് താരങ്ങളെ തഴഞ്ഞേക്കുമെന്ന് ബിബിസി റിപ്പോർട്ട് ചെയ്തിരുന്നു.

എന്നാൽ, ഈ റിപ്പോർട്ടുകൾ തള്ളിക്കൊണ്ട് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡും (ECB) എട്ട് ടീമുകളും സംയുക്ത പ്രസ്താവന പുറത്തിറക്കി. ദേശീയതയുടെ അടിസ്ഥാനത്തിൽ ആരെയും ഒഴിവാക്കില്ലെന്നും പ്രകടനവും ലഭ്യതയും മാത്രമായിരിക്കും ടീം തിരഞ്ഞെടുപ്പിന്‍റെ മാനദണ്ഡമെന്നും ഇസിബി വ്യക്തമാക്കി.

കഴിഞ്ഞ സീസണുകളിൽ നസീം ഷാ, മുഹമ്മദ് ആമിർ, ഹാരിസ് റൗഫ് തുടങ്ങിയവർ കളിച്ചിരുന്നു. എന്നാൽ ഇത്തവണ പാകിസ്ഥാന്‍റെ ടെസ്റ്റ് പരമ്പരകൾ ഹണ്ട്രഡ് ടൂർണമെന്‍റുമായി ഒരേ സമയം വരുന്നത് താരങ്ങളുടെ ലഭ്യതയെ ബാധിച്ചേക്കാം. ഇന്ത്യൻ ഉടമസ്ഥതയിലുള്ള ടീമുകൾ പാക് താരങ്ങൾക്കായി ലേലം വിളിക്കുമോ അതോ 'അപ്രഖ്യാപിത വിലക്ക്' തുടരുമോ എന്നറിയാൻ ലേലം വരെ കാത്തിരിക്കേണ്ടി വരും.

Also Read: ഇന്ത്യൻ വനിതാ ഫുട്ബോൾ ടീമിന് 'കുട്ടികളുടെ ജേഴ്‌സി'; ഓസ്‌ട്രേലിയയിൽ പരാതിയുമായി താരങ്ങൾ