ETV Bharat / sports

രണ്ടര പതിറ്റാണ്ടിന് ശേഷം ബംഗ്ലാദേശ് ഓസ്‌ട്രേലിയയിലേക്ക്; കംഗാരുക്കളുടെ മണ്ണിൽ ചരിത്ര ടെസ്റ്റ് പരമ്പര

23 വർഷത്തിന് ശേഷം ബംഗ്ലാദേശ് ഓസ്‌ട്രേലിയയിൽ ടെസ്റ്റ് കളിക്കാനെത്തുന്നു.

AUSTRALIA VS BANGLADESH TEST SERIES
Australia to Host Bangladesh in Historic August Series (IANS)
author img

By ETV Bharat Sports Team

Published : February 25, 2026 at 4:50 PM IST

2 Min Read
Choose ETV Bharat

സിഡ്‌നി: നീണ്ട 23 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ടെസ്റ്റ് പരമ്പരയ്ക്കായി ഓസ്‌ട്രേലിയയിലെത്തുന്നു. 2003-ന് ശേഷം ആദ്യമായാണ് ഒരു ടെസ്റ്റ് പരമ്പരയ്ക്കായി ബംഗ്ലാദേശ് ഓസ്‌ട്രേലിയൻ മണ്ണിൽ കളിക്കുന്നത്. ഓഗസ്റ്റ് 13 മുതൽ 22 വരെയാണ് പരമ്പര നിശ്ചയിച്ചിരിക്കുന്നതെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചു.

പരമ്പരയിലെ ആദ്യ ടെസ്റ്റ് ഓഗസ്റ്റ് 13-ന് ഡാർവിനിലെ മാരറ സ്റ്റേഡിയത്തിൽ ആരംഭിക്കും. 2004-ൽ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിന് ശേഷം ഇതാദ്യമായാണ് ഡാർവിനിൽ ഒരു ടെസ്റ്റ് മത്സരം നടക്കുന്നത്. 2003-ൽ ബംഗ്ലാദേശിനും 2004-ൽ ശ്രീലങ്കയ്ക്കും ഡാർവിൻ ആതിഥേയത്വം വഹിച്ചിരുന്നുവെങ്കിലും, 2008-ന് ശേഷം കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്ക കളിച്ച രണ്ട് ടി20 മത്സരങ്ങൾ ഒഴികെ അന്താരാഷ്ട്ര മത്സരങ്ങളൊന്നും ഇവിടെ നടന്നിരുന്നില്ല. രണ്ടാം ടെസ്റ്റ് ഓഗസ്റ്റ് 22-ന് മക്കേയിലെ ഗ്രേറ്റ് ബാരിയർ റീഫ് അരീനയിൽ ആരംഭിക്കും. ഇതാദ്യമായാണ് മക്കേ ഒരു ടെസ്റ്റ് മത്സരത്തിന് വേദിയാകുന്നത്. ഇതോടെ ഓസ്‌ട്രേലിയയിൽ ടെസ്റ്റ് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്ന പന്ത്രണ്ടാമത്തെ വേദിയായി മക്കേ മാറും.

2025-27 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിന്‍റെ ഭാഗമായാണ് പരമ്പര നടക്കുന്നത്. നിലവിൽ എട്ട് മത്സരങ്ങളിൽ ഏഴ് വിജയങ്ങളുമായി ഓസ്‌ട്രേലിയയാണ് പോയിന്‍റ്‌ പട്ടികയിൽ മുന്നിലാണ്. 2017-ൽ ധാക്കയിൽ വെച്ച് ഓസ്‌ട്രേലിയയ്‌ക്കെതിരെ നേടിയ ആദ്യ ടെസ്റ്റ് വിജയത്തിന് ശേഷം ഇരു ടീമുകളും ദീർഘദൂര ക്രിക്കറ്റിൽ നേർക്കുനേർ വന്നിട്ടില്ല.

ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ പ്രതികരണം:

"വടക്കൻ ഓസ്‌ട്രേലിയയിലേക്ക് ടെസ്റ്റ് ക്രിക്കറ്റ് എത്തിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. അന്താരാഷ്ട്ര കലണ്ടർ ഇപ്പോൾ വളരെ തിരക്കേറിയതാണ്. എങ്കിലും മാരറ സ്റ്റേഡിയം, ഗ്രേറ്റ് ബാരിയർ റീഫ് അരീന തുടങ്ങിയ ലോകോത്തര വേദികൾ ലഭ്യമായതിനാൽ വേനൽക്കാലത്തിന് പുറമെ ടെസ്റ്റ് ക്രിക്കറ്റിനായി മറ്റൊരു വിൻഡോ കണ്ടെത്താൻ ഞങ്ങൾക്ക് സാധിച്ചുവെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ ചീഫ് എക്സിക്യൂട്ടീവ് ടോഡ് ഗ്രീൻബർഗ് പറഞ്ഞു.

വരാനിരിക്കുന്ന മത്സരങ്ങൾ:

ബംഗ്ലാദേശ് പരമ്പരയ്ക്ക് ശേഷം പാറ്റ് കമ്മിൻസും സംഘവും ദക്ഷിണാഫ്രിക്കയിൽ മൂന്ന് ടെസ്റ്റ് മത്സരങ്ങൾ കളിക്കും. തുടർന്ന് വർഷാവസാനം ന്യൂസിലൻഡുമായി നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്കും ഓസ്‌ട്രേലിയ ആതിഥേയത്വം വഹിക്കും.

പരമ്പരയുടെ സമയവിവരങ്ങൾ:

  • ആദ്യ ടെസ്റ്റ്: ഓഗസ്റ്റ് 13-17, മാരറ സ്റ്റേഡിയം, ഡാർവിൻ.
  • രണ്ടാം ടെസ്റ്റ്: ഓഗസ്റ്റ് 22-26, ഗ്രേറ്റ് ബാരിയർ റീഫ് അരീന, മക്കേ.

Also Read: സെമി ബെർത്തിനായുള്ള പോരാട്ടം മുറുകുന്നു; ലങ്ക-കിവീസ് മത്സരത്തെ ഉറ്റുനോക്കി പാകിസ്ഥാനും