ETV Bharat / sports

ചേട്ടൻ എത്തി, ഇനി ആവേശം! ലോകകപ്പിലെ നിർണായക പോരാട്ടത്തിൽ സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് ടോസ് നഷ്ടം

സഞ്ജു സാംസൺ ടീമിൽ, സിംബാബ്‌വെക്കെതിരെ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും.

Sanju Samson
Sanju Samson (IANS)
author img

By ETV Bharat Sports Team

Published : February 26, 2026 at 7:04 PM IST

2 Min Read
Choose ETV Bharat

ചെന്നൈ: ടി20 ലോകകപ്പിലെ നിർണ്ണായകമായ സൂപ്പർ 8 പോരാട്ടത്തിൽ ഇന്ത്യക്കെതിരെ സിംബാബ്‌വെ ടോസ് നേടി. ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ സിംബാബ്‌വെ ക്യാപ്റ്റൻ സിക്കന്ദർ റാസ ഫീൽഡിംഗ് തിരഞ്ഞെടുത്തു. മലയാളി താരം സഞ്ജു സാംസൺ ഇന്ത്യൻ പ്ലെയിങ് ഇലവനിൽ തിരിച്ചെത്തി. ഇരു ടീമുകൾക്കും സെമി ഫൈനൽ പ്രതീക്ഷകൾ നിലനിർത്താൻ ഈ മത്സരത്തിൽ വിജയം അനിവാര്യമാണ്.

ടീമിലെ മാറ്റങ്ങൾ

ഇന്ത്യൻ നിരയിൽ രണ്ട് മാറ്റങ്ങളാണുള്ളത്. വാഷിംഗ്ടൺ സുന്ദറിന് പകരം അക്സർ പട്ടേലും റിങ്കു സിംഗിന് പകരം സഞ്ജു സാംസണും ടീമിലെത്തി. കഴിഞ്ഞ മത്സരത്തിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിൽ വാഷിംഗ്ടൺ സുന്ദറിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. കുടുംബപരമായ അത്യാവശ്യങ്ങൾക്കായി നാട്ടിലേക്ക് മടങ്ങിയ റിങ്കു സിംഗ് അടുത്തിടെയാണ് ടീമിനൊപ്പം തിരിച്ചെത്തിയത്. സിംബാബ്‌വെ നിരയിൽ ക്രീമറിന് പകരം ടിനോട്ടെൻഡ മാപ്പോസ ഇടംപിടിച്ചു.

ഇന്ത്യക്ക് ജീവന്മരണ പോരാട്ടം

നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് നിലനിൽപ്പിന്‍റെ പോരാട്ടമാണ്. കഴിഞ്ഞ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് 76 റൺസിന് പരാജയപ്പെട്ടത് ഇന്ത്യയുടെ നെറ്റ് റൺറേറ്റിനെ (-3.80) സാരമായി ബാധിച്ചു. ഓപ്പണർമാരായ അഭിഷേക് ശർമ്മയും ഇഷാൻ കിഷനും ഫോമിലല്ലാത്തത് ഇന്ത്യയെ വലയ്ക്കുന്നുണ്ട്.

ചെപ്പോക്കിലെ സ്പിൻ അനുകൂല പിച്ചിൽ അക്സർ പട്ടേലിന്‍റെ സാന്നിധ്യം ഇന്ത്യക്ക് കരുത്താകും. സിംബാബ്‌വെയുടെ ഓഫ് സ്പിന്നർമാരെ നേരിടാൻ വലംകൈയ്യൻ ബാറ്ററായ സഞ്ജു സാംസണെ ഉൾപ്പെടുത്തിയത് തന്ത്രപരമായ നീക്കമായാണ് കരുതപ്പെടുന്നത്. സിക്കന്ദർ റാസ നയിക്കുന്ന സിംബാബ്‌വെ അട്ടിമറി വീരന്മാരായതിനാൽ ഇന്ത്യക്ക് ജയം അത്ര എളുപ്പമാകില്ല.

തത്സമയ സംപ്രേക്ഷണം

ഇന്ന് രാത്രി 7:00 മണിക്ക് ആരംഭിക്കുന്ന മത്സരം സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്കിലൂടെ തത്സമയം കാണാം. ജിയോ ഹോട്ട്സ്റ്റാർ ആപ്പിലും വെബ്സൈറ്റിലും ലൈവ് സ്ട്രീമിംഗ് ലഭ്യമാണ്.

ഇരുടീമുകളിലേയും താരങ്ങള്‍

ഇന്ത്യ: സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ.

സിംബാബ്‌വെ: തദിവനാഷെ മരുമാനി (വിക്കറ്റ് കീപ്പർ), ബ്രയാൻ ബെന്നറ്റ്, ഡിയോൺ മിയേഴ്സ്, റയാൻ ബേൾ, സിക്കന്ദർ റാസ (ക്യാപ്റ്റൻ), ടോണി മുന്യോംഗ, താഷിംഗ മുസേകിവ, ബ്രാഡ് ഇവാൻസ്, ടിനോട്ടെൻഡ മാപ്പോസ, ബ്ലെസിംഗ് മുസരബാനി, റിച്ചാർഡ് നഗാരവ.

Also Read: ചെപ്പോക്കിലെ 'ചെന്നൈ സിങ്കങ്ങൾ'; സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് തുണയാകുന്നത് ഈ നാല് താരങ്ങളോ?