കീശ കീറും! നാണംകെട്ട തോൽവിക്ക് പിന്നാലെ പാക് ക്രിക്കറ്റിൽ കൂട്ടനടപടി; താരങ്ങൾക്ക് വൻ പിഴ
ലോകകപ്പിലെ നാണംകെട്ട തോൽവിക്ക് പിന്നാലെ പാകിസ്ഥാൻ താരങ്ങൾക്ക് 50 ലക്ഷം രൂപ വീതം പിഴ, സൽമാൻ അലി ആഗ നായകസ്ഥാനം ഒഴിഞ്ഞേക്കും.

Published : March 2, 2026 at 5:46 PM IST
ഹെെദരാബാദ്: ടി20 ലോകകപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന് കടുത്ത ശിക്ഷാ നടപടികളുമായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി). സെമി ഫൈനൽ കാണാതെ പുറത്തായ ടീമിലെ ഓരോ താരവും 50 ലക്ഷം പാകിസ്ഥാൻ രൂപ (ഏകദേശം 16.28 ലക്ഷം ഇന്ത്യൻ രൂപ) വീതം പിഴയൊടുക്കണമെന്ന് എക്‌സ്‌പ്രസ് ട്രിബ്യൂൺ റിപ്പോർട്ട് ചെയ്‌തു.
തിരിച്ചടിയായത് ഇന്ത്യയോടേറ്റ പരാജയം
ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയോടേറ്റ പരാജയമാണ് പിസിബിയെ ചൊടിപ്പിച്ചത്. സൂപ്പർ 8 ഘട്ടത്തിൽ ഇംഗ്ലണ്ടിനോടും തോറ്റ പാകിസ്ഥാൻ, ശ്രീലങ്കയ്ക്കെതിരെ കഷ്ടിച്ച് ജയിച്ചെങ്കിലും അത് സെമി യോഗ്യതയ്ക്ക് മതിയാകുമായിരുന്നില്ല. ഐസിസി ടൂർണമെന്‍റുകളില്‍ ടീം തുടർച്ചയായി പരാജയപ്പെടുന്നതിലും പ്രകടനം മോശമാകുന്നതിലും ബോർഡ് അധികൃതർ കടുത്ത അതൃപ്തിയിലാണ്. ഇതിന്‍റെ ഭാഗമായാണ് താരങ്ങളുടെ കീശ ചോർത്തുന്ന കടുത്ത തീരുമാനം കൈക്കൊണ്ടത്.
രൂക്ഷവിമർശനവുമായി മുൻ താരങ്ങൾ
ടീമിനെതിരെ മുൻ ഇതിഹാസ താരങ്ങൾ രംഗത്തെത്തി. "രണ്ടു വർഷത്തിലൊരിക്കൽ രാജ്യത്തിന്‍റെ അഭിമാനം ഉയർത്താൻ ലഭിക്കുന്ന അവസരം നിങ്ങൾ വീണ്ടും നശിപ്പിച്ചിരിക്കുന്നു. ഇത് അങ്ങേയറ്റം നിരാശാജനകമാണ്," എന്ന് മുൻ ക്യാപ്റ്റൻ ജാവേദ് മിയാൻദാദ് പ്രതികരിച്ചു. ആധുനിക ടി20 ക്രിക്കറ്റിന്‍റെ വേഗതയുമായി പൊരുത്തപ്പെടാൻ പാക് താരങ്ങൾക്ക് സാധിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചില കളിക്കാർക്ക് അമിതമായ അവസരങ്ങൾ നൽകുന്നുണ്ടെന്നും എന്നാൽ വലിയ വേദികളിൽ അവർ പരാജയപ്പെടുകയാണെന്നും മുഹമ്മദ് യൂസഫ് കുറ്റപ്പെടുത്തി. തെറ്റുകളിൽ നിന്ന് പഠിച്ച് മുന്നോട്ട് പോകേണ്ട സമയമായെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. മുൻനിര ടീമുകളെ തോൽപ്പിക്കാനുള്ള ശേഷി നേടാതെ പാകിസ്ഥാന് ഐസിസി കിരീടങ്ങൾ നേടാനാകില്ലെന്ന് മോയിൻ ഖാനും വ്യക്തമാക്കി.
സൽമാൻ ആഗയുടെ നായകസ്ഥാനം തെറിച്ചേക്കും
മുൻ ക്യാപ്റ്റൻ ബാബർ അസം, നിലവിലെ ക്യാപ്റ്റൻ സൽമാൻ അലി ആഗ, സീനിയർ താരങ്ങളായ ഷദാബ് ഖാൻ, ഷഹീൻ അഫ്രീദി, മുഹമ്മദ് നവാസ് എന്നിവർ രാജ്യത്ത് കടുത്ത വിമർശനമാണ് നേരിടുന്നത്. നാട്ടിൽ തിരിച്ചെത്തിയാലുടൻ സൽമാൻ അലി ആഗ നായകസ്ഥാനം ഒഴിഞ്ഞേക്കുമെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, ഹെഡ് കോച്ച് മൈക്ക് ഹെസ്സനെതിരെയും വിമർശനങ്ങൾ ഉയരുന്നുണ്ട്. ഫോമില്ലാതിരുന്നിട്ടും ഷദാബ് ഖാനെ ടീമിൽ നിലനിർത്തിയതിനെ മുൻ പരിശീലകൻ സഖ്ലൈൻ മുഷ്താഖ് വിമർശിച്ചു. വരും ദിവസങ്ങളിൽ പാകിസ്ഥാൻ ക്രിക്കറ്റിൽ വൻ അഴിച്ചുപണികൾ ഉണ്ടാകുമെന്നാണ് സൂചന.
Also Read: സഞ്ജുവിന്‍റേത് എ പ്ലസ് പ്രകടനം; തോൽവി സമ്മതിച്ച് വിൻഡീസ് നായകൻ ഷായ് ഹോപ്പ്

