ടി20 ലോകകപ്പ് സെമി പോരാട്ടം നാളെ മുതൽ; സ്വന്തം മണ്ണിൽ മൂന്നാം കിരീടം ലക്ഷ്യമിട്ട് ടീം ഇന്ത്യ
ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരാളി ന്യൂസിലൻഡ്!

Published : March 3, 2026 at 2:59 PM IST
ഹെെദരാബാദ്: ക്രിക്കറ്റ് ലോകം കാത്തിരുന്ന ആവേശപ്പോരാട്ടങ്ങൾക്ക് നാളെ തുടക്കമാകും. ടി20 ലോകകപ്പ് നിർണ്ണായകമായ സെമിഫൈനൽ ഘട്ടത്തിലേക്ക് കടക്കുകയാണ്. നാളെ മുതൽ നടക്കുന്ന രണ്ട് സെമിഫൈനൽ പോരാട്ടങ്ങൾക്കൊടുവിൽ ടി20 ക്രിക്കറ്റിലെ പുതിയ ലോകരാജാക്കന്മാർ ആരാണെന്ന് അറിയാൻ ഇനി വെറും മൂന്ന് മത്സരങ്ങൾ മാത്രം ബാക്കി. സൂപ്പർ 8 കടമ്പ കടന്ന് ആതിഥേയരായ ഇന്ത്യ, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളാണ് സെമിയിൽ ഇടംപിടിച്ചിരിക്കുന്നത്.
ആദ്യ സെമി നാളെ കൊൽക്കത്തയിൽ
ടൂർണമെന്‍റിലെ ആദ്യ സെമിഫൈനൽ പോരാട്ടം നാളെ (മാർച്ച് 4) കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടക്കും. അപരാജിത കുതിപ്പ് തുടരുന്ന ദക്ഷിണാഫ്രിക്കയും പോരാട്ടവീര്യവുമായി എത്തുന്ന ന്യൂസിലൻഡും തമ്മിലാണ് ആദ്യ മത്സരം. വൈകുന്നേരം 7 മണിക്ക് ആരംഭിക്കുന്ന പോരില്‍ ടോസ് 6:30-ന് നടക്കും. ഈ മത്സരത്തിലെ വിജയികൾ ഫൈനലിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമാകും.
സഞ്ജുവിന്‍റെ കരുത്തിൽ ഇന്ത്യ; സെമിയിൽ എതിരാളി ഇംഗ്ലണ്ട്
കഴിഞ്ഞ ദിവസം നടന്ന ആവേശകരമായ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ അഞ്ച് വിക്കറ്റിന് തകർത്താണ് ഇന്ത്യ സെമിയിലെത്തിയത്. 196 റൺസ് എന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് മലയാളി താരം സഞ്ജു സാംസണിന്‍റെ വെടിക്കെട്ട് ബാറ്റിംഗാണ് (97*) തുണയായത്. ഇന്ത്യയുടെ സെമിഫൈനൽ പോരാട്ടം മറ്റന്നാൾ (മാർച്ച് 5, വ്യാഴാഴ്ച) മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ നടക്കും. കരുത്തരായ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികൾ.
𝐀𝐧𝐝 𝐭𝐡𝐞𝐧 𝐭𝐡𝐞𝐫𝐞 𝐰𝐞𝐫𝐞 𝐟𝐨𝐮𝐫 🤩
— ICC (@ICC) March 1, 2026
The #T20WorldCup 2026 semi-finals are locked 🔒
More details➡️ https://t.co/0UKXfuke7c pic.twitter.com/IxJeZvr5M3
ടി20 ലോകകപ്പ് സെമിഫൈനലുകളിൽ ഇത് തുടർച്ചയായ മൂന്നാം തവണയാണ് ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടുന്നത്. 2022-ൽ ഇംഗ്ലണ്ട് വിജയിച്ചപ്പോൾ, 2024-ൽ ഇന്ത്യ പകരം വീട്ടിയിരുന്നു. ഇപ്പോൾ 2026-ൽ സ്വന്തം മണ്ണിൽ ഇംഗ്ലണ്ടിനെ വീഴ്ത്തി ഫൈനലിലേക്ക് മുന്നേറാനാണ് സൂര്യകുമാർ യാദവും സംഘവും ലക്ഷ്യമിടുന്നത്.
മൂന്നാം കിരീടം ലക്ഷ്യമിട്ട് ടീം ഇന്ത്യ
2007-ലും 2024-ലും കിരീടം നേടിയ ഇന്ത്യ, സൂര്യകുമാർ യാദവിന്‍റെ നേതൃത്വത്തിൽ മൂന്നാം ലോകകിരീടം സ്വന്തമാക്കാൻ ഇനി രണ്ട് ചുവടുകൾ മാത്രം അകലെയാണ്. സ്വന്തം നാട്ടിലെ കാണികൾക്ക് മുന്നിൽ ലോകകിരീടം നിലനിർത്താൻ സുവർണ്ണാവസരമാണ് നീലപ്പടയ്ക്ക് മുന്നിലുള്ളത്.
ക്രിക്കറ്റ് പ്രേമികൾ ഒന്നടങ്കം ഇനി കൊൽക്കത്തയിലേക്കും മുംബൈയിലേക്കും കണ്ണുനട്ടിരിക്കുകയാണ്. ആരാകും ടി20 ക്രിക്കറ്റിന്‍റെ അടുത്ത ലോക ചാമ്പ്യന്മാർ? ഉത്തരം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം!
Also Read: അത്‌ലറ്റിക്കോയെ തളയ്ക്കാൻ ബാഴ്‌സലോണ; സ്‌പാനിഷ് കപ്പിൽ ഇന്ന് നിർണ്ണായക മത്സരം

