'സ്വപ്‌നങ്ങൾക്ക് കാലാവധിയില്ല'! കിറ്റ് ബാഗുമായി ബസിലും ട്രെയിനിലും അലഞ്ഞ കാലം ഓർമ്മിച്ച് സൂര്യകുമാർ
'ബാറ്റ് കൊണ്ട് മറുപടി പറയൂ, സെലക്‌ടർമാർ നിങ്ങളെ തേടിയെത്തും'; യുവതാരങ്ങൾക്ക് ഉപദേശവുമായി സൂര്യകുമാർ യാദവ്.

Published : August 29, 2026 at 2:19 PM IST
ന്യൂഡൽഹി: ഇന്ത്യൻ ദേശീയ ടീമിലേക്ക് വലിയ അവസരങ്ങൾക്കായി കാത്തിരിക്കുന്ന യുവ ക്രിക്കറ്റ് താരങ്ങൾക്ക് ഉപദേശവുമായി മുൻ ഇന്ത്യൻ ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. കരിയറിൽ ക്ഷമയോടെ കാത്തിരിക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ച സൂര്യകുമാർ, യുവതാരങ്ങൾ ഒരിക്കലും തങ്ങളുടെ കരിയറിനെ മറ്റുള്ളവരുമായി താരതമ്യം ചെയ്യരുതെന്നും ഓരോ കളിക്കാരനും വ്യത്യസ്‌തമായ കഥയും സമയക്രമവുമാണുള്ളതെന്നും ഓർമ്മിപ്പിച്ചു. വാര്‍ത്താ ഏജന്‍സിയായ ഐ.എ.എൻ.എസിന് നൽകിയ അഭിമുഖത്തിൽ സൂര്യകുമാർ യാദവ് വ്യക്തമാക്കി.
സ്വന്തം കരിയർ ഓർമ്മിപ്പിച്ച് സൂര്യകുമാർ
ആഭ്യന്തര ക്രിക്കറ്റിൽ വർഷങ്ങളോളം കഠിനാധ്വാനം ചെയ്‌ത ശേഷം മാത്രം ഇന്ത്യൻ ടീമിൽ ഇടം നേടുകയും, പിന്നീട് ലോക ടി20 ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ബാറ്ററായി മാറുകയും ചെയ്‌ത തന്‍റെ സ്വന്തം അനുഭവമാണ് സൂര്യകുമാർ പങ്കുവെച്ചത്. പ്രായപരിധിയുള്ള ടൂർണമെന്‍റുകളിലും ആഭ്യന്തര ക്രിക്കറ്റിലും കളിച്ച കാലത്ത് കിറ്റ് ബാഗും തൂക്കി ബസുകളിലും ട്രെയിനുകളിലും യാത്ര ചെയ്‌ത് അവസരത്തിനായി താൻ ഒരുപാട് കാലം കാത്തിരുന്നിട്ടുണ്ടെന്ന് അദ്ദേഹം ഓർത്തെടുത്തു.
ഇന്ത്യൻ ക്രിക്കറ്റിലെ കടുത്ത മത്സര സാഹചര്യങ്ങളെക്കുറിച്ചും താരം തുറന്നുപറഞ്ഞു. ഇന്ത്യയിൽ 21-ഓ 25-ഓ വയസ്സിനുള്ളിൽ ദേശീയ ടീമിൽ എത്തിയില്ലെങ്കിൽ കരിയർ അവസാനിച്ചു എന്ന് കരുതുന്ന യുവതാരങ്ങളുടെ ചിന്താഗതി തെറ്റാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. "പലരും വിചാരിക്കുന്നത് ആ പ്രായത്തിനുള്ളിൽ ടീമിൽ എത്തിയില്ലെങ്കിൽ എല്ലാം കഴിഞ്ഞു എന്നാണ്. എന്നാൽ പ്രായമല്ല നിങ്ങളുടെ കരിയർ നിർണ്ണയിക്കുന്നത്, മറിച്ച് നിങ്ങളുടെ കഠിനാധ്വാനവും ഒരുക്കവുമാണ്," സൂര്യകുമാർ പറഞ്ഞു.
സെലക്‌ടർമാരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ വഴി
ആരും ശ്രദ്ധിക്കാനില്ലാത്തപ്പോഴും സ്വന്തം കളി മെച്ചപ്പെടുത്താൻ ശ്രമിക്കണമെന്നും കഠിനാധ്വാന പ്രക്രിയയോട് പൂർണ്ണമായി പ്രതിജ്ഞാബദ്ധരായിരിക്കണമെന്നും സൂര്യകുമാർ യാദവ് ഉപദേശിച്ചു. സെലക്‌ടർമാരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ ഏറ്റവും നല്ല വഴി മികച്ച പ്രകടനങ്ങൾ മാത്രമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
"ഒരു ക്രിക്കറ്റ് കളിക്കാരൻ എന്ന നിലയിൽ പറയുകയാണെങ്കിൽ, നിങ്ങൾ റൺസ് അടിച്ചു കൂട്ടുകയും നിങ്ങളുടെ ബാറ്റ് കൊണ്ട് മറുപടി പറയുകയും ചെയ്‌താല്‍ സെലക്ടർമാർ നിങ്ങളെ തീർച്ചയായും കണ്ടെത്തുക തന്നെ ചെയ്യും. നിങ്ങൾ അർഹിക്കുന്ന സ്ഥാനത്ത് നിങ്ങൾ എത്തിച്ചേരും," സൂര്യകുമാർ യാദവ് പറഞ്ഞു നിർത്തി. സ്വപ്‌നങ്ങൾക്ക് ഒരു കാലാവധിയുമില്ലെന്നും കഠിനാധ്വാനം തുടർന്നാൽ വിജയം ഉറപ്പാണെന്നും അടിവരയിടുന്നതാണ് താരത്തിന്‍റെ വാക്കുകൾ.
Also Read: 'അനാവശ്യ മുൻഗണനകളില്ല', വിമർശകർ ആദ്യം കാര്യങ്ങൾ പഠിക്കണമെന്ന് അനായ; മരിസാൻ കാപ്പിന് മറുപടി

