സൂപ്പർ 8ൽ ദക്ഷിണാഫ്രിക്കയ്ക്ക് അനായാസ ജയം; വിൻഡീസിനെ തകർത്തെറിഞ്ഞ് മാർക്രമും ഡി കോക്കും
വെസ്റ്റ് ഇൻഡീസിനെ 9 വിക്കറ്റിന് തകർത്ത് ദക്ഷിണാഫ്രിക്ക. മാർക്രം 82 റൺസുമായി പുറത്താകാതെ നിന്നു.

Published : February 26, 2026 at 7:31 PM IST
അഹമ്മദാബാദ്: ടി20 ലോകകപ്പ് സൂപ്പർ 8 പോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെ ഒൻപത് വിക്കറ്റിന് തകർത്ത് ദക്ഷിണാഫ്രിക്ക വിജയക്കുതിപ്പ് തുടരുന്നു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, വിൻഡീസ് ഉയർത്തിയ 177 റൺസ് ലക്ഷ്യം വെറും 16.1 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ദക്ഷിണാഫ്രിക്ക മറികടന്നു. വിജയത്തോടെ ടൂർണന്‍റില്‍ തോൽവിയറിയാതെ മുന്നേറുന്ന പ്രോട്ടീസ് സെമി ഫൈനൽ ഏകദേശം ഉറപ്പിച്ചു.
ലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് തകർപ്പൻ തുടക്കമാണ് ഓപ്പണർമാരായ എയ്ഡൻ മാർക്രമും ക്വിന്‍റണ്‍ ഡി കോക്കും നൽകിയത്. ആദ്യ ഓവറിൽ തന്നെ ഇരുവരും ചേർന്ന് 11 റൺസ് അടിച്ചെടുത്തു. പവർപ്ലേ പൂർത്തിയായപ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 69 റൺസ് എന്ന ശക്തമായ നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക. എട്ടാം ഓവറിൽ 24 പന്തിൽ 47 റൺസെടുത്ത ഡി കോക്കിനെ പുറത്താക്കി റോസ്റ്റൺ ചേസാണ് വിൻഡീസിന് ഏക ആശ്വാസം നൽകിയത്. എന്നാൽ 82 റൺസുമായി പുറത്താകാതെ നിന്ന ക്യാപ്റ്റൻ മാർക്രമും (27 പന്തിൽ അർധ സെഞ്ച്വറി), 45 റൺസെടുത്ത റയാൻ റിക്ലെറ്റണും ചേർന്ന് ടീമിനെ അനായാസം ലക്ഷ്യത്തിലെത്തിച്ചു. മാർക്രം ഏഴ് ഫോറും നാല് സിക്സറുകളും പറത്തി.
South Africa halt the West Indies' winning momentum with a dominant victory. ⚡
— Star Sports (@StarSportsIndia) February 26, 2026
South Africa solidify their place as table-toppers on the road to the semi-finals.
Up next ICC Men’s #T20WorldCup 👉 SUPER 8, #INDvZIM | LIVE NOW ➡️ https://t.co/vIdZg7mGmy pic.twitter.com/hHpNhn6gVe
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇൻഡീസിന് ദുരന്തപൂർണ്ണമായ തുടക്കമാണ് ലഭിച്ചത്. സ്പിന്നർ കേശവ് മഹാരാജിനെതിരെ ആദ്യ ഓവറിൽ ഷായ് ഹോപ്പ് 16 റൺസ് നേടി മികച്ച തുടക്കം നൽകിയെങ്കിലും, മൂന്നാം ഓവറിൽ റബാഡ ഹോപ്പിനെയും ഹെറ്റ്‌മെയറെയും (2) പുറത്താക്കി വിൻഡീസിനെ ഞെട്ടിച്ചു. പിന്നാലെ എൻഗിഡി രണ്ട് വിക്കറ്റുകൾ കൂടി വീഴ്ത്തിയതോടെ പവർപ്ലേയിൽ വിൻഡീസ് 52/4 എന്ന നിലയിലായി. ഷെർഫെയ്ൻ റുഥർഫോർഡ്, മാത്യു ഫോർഡ് എന്നിവരെ കോർബിൻ ബോഷും പുറത്താക്കി.
ഒരു ഘട്ടത്തിൽ വൻ തകർച്ചയെ അഭിമുഖീകരിച്ച വിൻഡീസിനെ മുൻ നായകൻ ജേസൺ ഹോൾഡറും റൊമാരിയോ ഷെപ്പേർഡും ചേർന്നാണ് രക്ഷിച്ചത്. എട്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 89 റൺസിന്‍റെ നിർണ്ണായക കൂട്ടുകെട്ടുണ്ടാക്കി. ഷെപ്പേർഡ് 37 പന്തിൽ 52 റൺസുമായി പുറത്താകാതെ നിന്നു. ഹോൾഡർ 31 പന്തിൽ 49 റൺസ് നേടി പുറത്തായി. ഇതോടെ നിശ്ചിത 20 ഓവറിൽ വിൻഡീസ് 176/8 എന്ന സ്കോറിലെത്തി.
വിൻഡീസിന് ഇനി അഗ്നിപരീക്ഷ
തോൽവിയോടെ വെസ്റ്റ് ഇൻഡീസിന്‍റെ സെമി പ്രതീക്ഷകൾ തുലാസിലായി. ഞായറാഴ്‌ച ഇന്ത്യക്കെതിരെ നടക്കാനിരിക്കുന്ന മത്സരം വിൻഡീസിനെ സംബന്ധിച്ചിടത്തോളം 'ഡൂ ഓർ ഡൈ' (ജീവന്മരണ) പോരാട്ടമാണ്. സെമിയിലെത്താൻ ഇന്ത്യയെ പരാജയപ്പെടുത്തുക എന്ന കഠിനമായ ദൗത്യമാണ് അവർക്ക് മുന്നിലുള്ളത്.
Also Read: ചേട്ടൻ എത്തി, ഇനി ആവേശം! ലോകകപ്പിലെ നിർണായക പോരാട്ടത്തിൽ സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് ടോസ് നഷ്ടം

