'എന്‍റെ വിധി ആര്‍ക്കും മാറ്റാനാകില്ല'; ടി20 ലോകകപ്പ് ടീമിലിടം നേടാനാകാത്തതില്‍ പ്രതികരിച്ച് ശുഭ്‌മന്‍ ഗില്‍
സമീപകാലത്ത് ടി20യില്‍ മോശം പ്രകടനമാണ് ഗില്‍ പുറത്തെടുക്കുന്നത്.

Published : January 10, 2026 at 8:25 PM IST
വഡോദര: ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിലിടം നേടാനാകാത്തതിനെക്കുറിച്ച് ആദ്യമായി പ്രതികരിച്ച് ടെസ്റ്റ്, ഏകദിന ക്യാപ്റ്റൻ ശുഭ്‌മന്‍ ഗില്‍. സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നുവെന്നും 'ഒരാളുടെ വിധിയിൽ എഴുതിയിരിക്കുന്നത് ആർക്കും തട്ടിയെടുക്കാൻ കഴിയില്ലായെന്നു താരം പറഞ്ഞു. സമീപകാലത്ത് ടി20യില്‍ മോശം പ്രകടനമാണ് ഗില്‍ പുറത്തെടുക്കുന്നത്. ഇതാണ് ഗില്ലിനെ ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കാന്‍ സെലക്ടര്‍മാരെ പ്രേരിപ്പിച്ചത്.
ഗിൽ പറയുന്നത് ഇങ്ങനെ
ന്യൂസിലൻഡിനെതിരായ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി, സെലക്ടർമാർ എടുത്ത തീരുമാനത്തെ താൻ ബഹുമാനിക്കുന്നുവെന്ന് ഗിൽ പത്രസമ്മേളനത്തിൽ പറഞ്ഞു. ഞാൻ എവിടെയാകണമെന്നും എന്താകണമെന്നതും എന്‍റെ വിധിയിലുള്ളതാണ്. അതൊന്നും ആർക്കും എന്നിൽ നിന്ന് എടുക്കാനാവുന്നതല്ല. വിധിയിൽ എഴുതിയിരിക്കുന്നതെന്തും എന്‍റെ വഴിക്ക് വരും. ഒരു കളിക്കാരനെന്ന നിലയിൽ, ലോകകപ്പിൽ കളിക്കാനും ടീമിനായി മത്സരങ്ങൾ ജയിക്കാനും ഞാൻ ആഗ്രഹിക്കുന്നു, എന്നാൽ അതേസമയം, സെലക്ടർമാരുടെ തീരുമാനത്തേയും ഞാൻ ബഹുമാനിക്കുന്നു. ടി20 ടീമിന് എല്ലാ ആശംസകളും നേരുന്നു. അവർ ലോകകപ്പ് നേടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു- ഗില്‍ വ്യക്തമാക്കി.
STORY | Whatever is written in my destiny no one can take that from me: Gill on T20 exclusion
— Press Trust of India (@PTI_News) January 10, 2026
Left out of the T20 World Cup squad, India's ODI and Test captain Shubman Gill on Saturday said he respects the selectors' decision and remains focused on giving his best whenever the… pic.twitter.com/TY3ePKU2ql
കഴിഞ്ഞ 12 മാസത്തിനിടെ മൂന്ന് ടി20 സെഞ്ച്വറികൾ നേടിയ സഞ്ജു സാംസണിന് പകരക്കാരനായാണ് ഗിൽ ടി20 ടീമില്‍ എത്തിയത്. എന്നാല്‍ വെറും 24.25 ശരാശരിയും 137.26 സ്ട്രൈക്ക് റേറ്റുമായി ഗിൽ റൺസ് നേടാൻ പാടുപെട്ടതിനാൽ ഈ നീക്കം തിരിച്ചടിയായി. ഒടുവിൽ, ഗില്ലിനെ ടീമിൽ നിന്ന് ഒഴിവാക്കുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നിലവിൽ ഗില്ലിന്‍റെ മുന്നിലുള്ള പ്രധാന വെല്ലുവിളി കിവീസിനെതിരായ ഏകദിന പരമ്പര നേടുകയെന്നതാണ്. നാളെ മുതൽ മത്സരങ്ങളിൽ ഗിൽ ഇന്ത്യയെ നയിക്കും. വഡോദരയിൽ പകൽ 1.30 മുതൽ ആദ്യ കളി തുടങ്ങും. 14ന് രാജ്‌കോട്ടിലും 18ന് ഇൻഡോറിലുമാണ് കളികൾ. തുടർന്ന് ഇരു ടീമുകളും അഞ്ച് ടി20 മത്സരങ്ങളിൽ പരസ്പരം ഏറ്റുമുട്ടും, ഇത് ടി20 ലോകകപ്പിന് മുന്നോടിയായി നടക്കുന്ന സന്നാഹ പരമ്പരയായി വർത്തിക്കും. ടി20 ലോകകപ്പ് മുന്നിൽക്കണ്ട് ഹാർദിക് പാണ്ഡ്യക്കും ജസ്പ്രീത് ബുംറക്കും ഇന്ത്യ ഏകദിന ടീമിൽ നിന്ന് വിശ്രമം അനുവദിച്ചിരിക്കുകയാണ്.
2026 ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം:
സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ (വൈസ് ക്യാപ്റ്റൻ), റിങ്കു സിംഗ്, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, വാഷിംഗ്ടൺ സുന്ദർ, ഇഷാൻ കിഷൻ.
Also Read: തകര്‍ത്താടി ആഷ്‌ലി; യുപി വാരിയേഴ്‌സിനെ 10 റണ്‍സിനു തോല്‍പ്പിച്ച് ഗുജറാത്ത് ജയന്‍റ്‌സ്

