ETV Bharat / sports

ഇത് സ്വപ്‌ന സാക്ഷാത്കാരം! പ്രിയപ്പെട്ട ഖത്തർ ടീമിനെ നേരിൽ കണ്ട് ഈ മലയാളി മിടുക്കൻ

ഷൊർണൂരിൽ നിന്ന് ലോകകപ്പ് വേദികളിലേക്ക്, വരച്ച ചിത്രത്തിലൂടെ ചരിത്രം കുറിച്ച് ഒൻപതുകാരൻ ഷസൈൻ സാക്കി..

Shasain Sakki  fifa drawing contest winner  qatar match  Shasain Sakki qatar team
ഖത്തറിൻ്റെ മത്സരം കാണുന്ന ഷസൈൻ സാക്കി (ETV Bharat)
author img

By ETV Bharat Kerala Team

Published : June 16, 2026 at 4:59 PM IST

2 Min Read
Choose ETV Bharat

പാലക്കാട്: പന്താട്ടത്തിൻ്റെ ആളും ആരവവും നിറഞ്ഞ അമേരിക്കയിലെ വമ്പൻ സ്റ്റേഡിയം. കളിയുടെ 90-ാം മിനിറ്റിൽ ഖത്തർ ക്യാപ്റ്റൻ ബൗലം ഖൗഖി ആവേശം വിതറി സ്വിറ്റ്‌സർലൻഡിൻ്റെ വല കുലുക്കുന്നു. ആ സമയം സ്റ്റേഡിയത്തിലെ ആയിരക്കണക്കിന് കാണികൾക്കിടയിൽ ഖത്തറിൻ്റെ ജേഴ്‌സിയണിഞ്ഞ് തുള്ളിച്ചാടുകയായിരുന്നു പാലക്കാട് ഷൊർണൂർ സ്വദേശിയായ ഒൻപതു വയസുകാരൻ ഷസൈൻ സാക്കി.

ശനിയാഴ്ച രാത്രി സാൻ ഫ്രാൻസിസ്കോ ബേ ഏരിയ സ്റ്റേഡിയത്തിൽ നടന്ന ഖത്തർ-സ്വിറ്റ്സർലൻഡ് ലോകകപ്പ് മത്സരം സമനിലയിൽ അവസാനിച്ചെങ്കിലും, തൻ്റെ പ്രിയപ്പെട്ട താരങ്ങളെ തൊട്ടുമുന്നിൽ കണ്ട സന്തോഷത്തിലാണ് ഈ മൂന്നാം ക്ലാസുകാരൻ. വെറുമൊരു സാധാരണ കാൽപന്ത് ആരാധകനായല്ല ഷസൈൻ ഈ ലോകവേദിയിലെത്തിയത്, മറിച്ച് ലോകകപ്പിൻ്റെ ഔദ്യോഗിക അതിഥിയായിട്ടാണ്! ആ അപൂർവ്വ ഭാഗ്യം ലഭിച്ച കൊച്ചുമിടുക്കനാണ്.

ഖത്തറിൻ്റെ മത്സരം കാണുന്ന ഷസൈൻ സാക്കി (ETV Bharat)

ഭാഗ്യമായി മാറിയ ആ വർണ്ണ ചിത്രം

2026 ഫിഫ ലോകകപ്പിനോട് അനുബന്ധിച്ച് അന്താരാഷ്ട്ര തലത്തിൽ കുട്ടികൾക്കായി ഒരു ചിത്രരചനാ മത്സരം സംഘടിപ്പിച്ചിരുന്നു. ലോകകപ്പിൽ പങ്കെടുക്കുന്ന 48 രാജ്യങ്ങളെ പ്രതിനിധീകരിച്ചായിരുന്നു മത്സരം. ഇതിൽ തൻ്റെ ഇഷ്ട ടീമായ ഖത്തറിനെക്കുറിച്ച് ഷസൈൻ വരച്ച ഒരു മനോഹര ചിത്രമാണ് ഈ ഒൻപതുകാരൻ്റെ ജീവിതം മാറ്റിമറിച്ചത്. ലോകത്തിൻ്റെ വിവിധ കോണുകളിൽ നിന്നുള്ള കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ നിന്ന് തെരഞ്ഞെടുത്ത 48 വിജയികളിൽ ഒരാളായി ഷസൈൻ സാക്കി മാറി.

ഖത്തർ ടീമിന്റെ ബസ്സിൽ ഷസൈൻ്റെ ചിത്രം!

അമേരിക്കയിലേക്ക് കളി കാണാനുള്ള വിമാന ടിക്കറ്റുകൾ, വിസ, പ്രീമിയം താമസം, മറ്റ് എല്ലാ ചെലവുകളും അന്താരാഷ്ട്ര ഫുട്ബോൾ സംഘടനയായ ഫിഫ നേരിട്ടാണ് നൽകിയത്. ഷസൈൻ വരച്ച ചിത്രം ഖത്തർ ഫുട്ബോൾ ടീം തങ്ങളുടെ ഔദ്യോഗിക ചിത്രമായി തെരഞ്ഞെടുത്തു. ലോകകപ്പ് മത്സരങ്ങൾക്കായി ഖത്തർ ടീം സഞ്ചരിക്കുന്ന ആഡംബര ബസിൽ ഈ മലയാളി ബാലൻ വരച്ച ചിത്രമാണ് പതിപ്പിച്ചിരിക്കുന്നത്!

Shasain Sakki  fifa drawing contest winner  qatar match  Shasain Sakki qatar team
ഖത്തറിൻ്റെ മത്സരം കാണുന്ന ഷസൈൻ സാക്കി (ETV Bharat)

കുടുംബത്തിൻ്റെ അഭിമാനം

ഷൊർണൂർ പരുത്തിപ്ര സ്വദേശികളായ ഷക്കീൽ-നബീല ദമ്പതികളുടെ മകനാണ് ഷസൈൻ സാക്കി. നിലവിൽ ഒമാനിലെ നിസ്‌വ ഇന്ത്യൻ സ്‌കൂളിലാണ് ഈ മിടുക്കൻ പഠിക്കുന്നത്. തൻ്റെ കുഞ്ഞു വിരലുകൾ കൊണ്ട് വരച്ച ചിത്രം വലിയൊരു ലോകകപ്പ് ബസിൽ തിളങ്ങുന്നതും, പ്രിയപ്പെട്ട കളിക്കാർ തൻ്റെ മുന്നിൽ പന്തുരുട്ടുന്നതും കണ്ട ആവേശത്തിൽ, ഫിഫയോട് നിറഞ്ഞ മനസ്സോടെ നന്ദി പറഞ്ഞാണ് ഷസൈൻ സ്റ്റേഡിയത്തിൽ നിന്നും മടങ്ങിയത്. പ്രതിഭയും ഭാഗ്യവും ഒത്തുചേർന്ന ഈ ഒൻപതുകാരൻ ഇപ്പോൾ കേരളത്തിന് ആകെ അഭിമാനമായി മാറിയിരിക്കുകയാണ്.

ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് കുട്ടികൾ പങ്കെടുത്ത ഒരു അന്താരാഷ്ട്ര മത്സരത്തിൽ നിന്നാണ് തങ്ങളുടെ മകനെ തിരഞ്ഞെടുത്തത്. ഇത് കുടുംബത്തിന് വലിയൊരു അത്ഭുതവും ഒപ്പം വിശ്വസിക്കാൻ കഴിയാത്തത്ര വലിയ സന്തോഷവുമാണ് നൽകിയതെന്ന് ഷസൈൻ സാക്കിയുടെ മതാപിതാക്കള്‍ പറഞ്ഞു.

തങ്ങളുടെ മകൻ വരച്ച ചിത്രം വലിയൊരു ലോകകപ്പ് ബസ്സിൽ തിളങ്ങിനിൽക്കുന്നത് നേരിട്ട് കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയെന്നും, ഒരു മാതാപിതാക്കൾക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ അഭിമാന നിമിഷമാണിതെന്നും അവർ പ്രതികരിച്ചു. കുട്ടികളുടെ കഴിവുകളെ ഇത്രയും വലിയ വേദിയിൽ പ്രോത്സാഹിപ്പിച്ചതിനും അമേരിക്കയിലേക്കുള്ള വിമാന യാത്രയും താമസവും ഉൾപ്പെടെയുള്ള എല്ലാ രാജകീയ സൗകര്യങ്ങളും ഒരുക്കി നൽകിയതിനും അന്താരാഷ്ട്ര ഫുട്ബോൾ സംഘടനയായ ഫിഫയോട് അവർ നിറഞ്ഞ മനസ്സോടെ നന്ദി രേഖപ്പെടുത്തി.

Also Read: ബ്രസീലിനെ വിറപ്പിച്ച ആ 18 കാരൻ; ലോകകപ്പ് വേദിയിൽ ഹീറോയായ മൊറോക്കോയുടെ അയ്യൂബ് ആരാണ്?