അഭിമാനമായി സഞ്ജു; ലോകകപ്പ് ഹീറോയ്ക്ക് തിരുവനന്തപുരത്ത് രാജകീയ വരവേൽപ്പ്
മലയാളി കരുത്തിന്‍റെ ലോകകപ്പ് തിളക്കം, കിരീടവുമായി സഞ്ജു ജന്മനാട്ടിലെത്തി.

Published : March 9, 2026 at 7:32 PM IST
തിരുവനന്തപുരം: ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ടി20 ലോകകപ്പ് വിജയത്തിന് ശേഷം മലയാളി താരം സഞ്ജു സാംസൺ ജന്മനാട്ടിൽ തിരിച്ചെത്തി. ഇന്ന് വൈകിട്ട് ആറ് മണിയോടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ സഞ്ജുവിനെ കാത്ത് ആയിരക്കണക്കിന് ആരാധകരാണ് തടിച്ചുകൂടിയിരുന്നത്. ലോകത്തിന്‍റെ നെറുകയിൽ ഇന്ത്യയെ എത്തിച്ച ടീമിലെ മലയാളി സാന്നിധ്യത്തെ നെഞ്ചിലേറ്റാൻ വലിയൊരു ജനപ്രവാഹമാണ് എത്തിയത്.
ആവേശക്കടലായി വിമാനത്താവളം
മണിക്കൂറുകൾക്ക് മുൻപേ വിമാനത്താവള പരിസരം ആരാധകരെക്കൊണ്ട് നിറഞ്ഞിരുന്നു. കുട്ടികളും യുവാക്കളും മുതിർന്നവരുമടക്കം വൻ ജനാവലിയാണ് തങ്ങളുടെ പ്രിയ താരത്തെ ഒരുനോക്ക് കാണാൻ എത്തിയത്. വിമാനമിറങ്ങിയ പ്രിയ താരത്തെ 'സഞ്ജു.. സഞ്ജു..' വിളികളോടെയും 'ചേട്ടാ' എന്ന സ്നേഹവിളികളോടെയുമാണ് കേരളം വരവേറ്റത്. ആരാധക ബാഹുല്യം കാരണം വിമാനത്താവളത്തിന് പുറത്തേക്ക് സഞ്ജുവിന് എത്താൻ ഏറെ പണിപ്പെടേണ്ടി വന്നു. തടിച്ചുകൂടിയവർക്ക് നേരെ കൈവീശിയും പുഞ്ചിരിച്ചും സഞ്ജു നന്ദി അറിയിച്ചു.
ഉത്തരവാദിത്തം വർധിക്കുന്നുവെന്ന് സഞ്ജു
വിമാനത്താവളത്തിൽ വെച്ച് മാധ്യമങ്ങളോടും ആരാധകരോടും സംസാരിച്ച സഞ്ജു വികാരാധീനനായി. തന്‍റെ കരിയറിലെ ഏറ്റവും സന്തോഷകരമായ നിമിഷമാണിതെന്ന് താരം പറഞ്ഞു. "നിങ്ങളുടെയെല്ലാം പ്രാർത്ഥന കൊണ്ടാണ് ഇത്തരമൊരു ഫലം കിട്ടിയത്. ഇതൊരു വലിയ ഉത്തരവാദിത്തമായി ഞാൻ കരുതുന്നു. നിങ്ങളെല്ലാവരും വലിയ രീതിയിൽ എന്നെ പിന്തുണച്ചു. ഓരോ മലയാളിയും നൽകിയ സ്നേഹത്തിന് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല," സഞ്ജു പറഞ്ഞു.

പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, എ.എ റഹീം എം.പി എന്നിവർ ചേർന്നാണ് സഞ്ജുവിനെ വിമാനത്താവളത്തിൽ സ്വീകരിച്ചത്. പൂച്ചെണ്ടുകളും പൊന്നാടയും നൽകിയാണ് ജനപ്രതിനിധികൾ താരത്തെ വരവേറ്റത്. സഞ്ജുവിന്‍റെ നേട്ടത്തിൽ കേരളം അഭിമാനിക്കുന്നതായും, വരും ദിവസങ്ങളിൽ സംസ്ഥാന സർക്കാരിന്റെ വകയായി വിപുലമായ ഔദ്യോഗിക സ്വീകരണം തിരുവനന്തപുരത്ത് വെച്ച് നൽകുമെന്നും മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. സ്വീകരണ ചടങ്ങിന്‍റെ തീയതിയും സമയവും സഞ്ജുവിന്‍റെ സൗകര്യം കൂടി പരിഗണിച്ച് പിന്നീട് പ്രഖ്യാപിക്കും.

അവിശ്വസനീയ പ്രകടനം
ടി20 ലോകകപ്പിലെ ഇന്ത്യയുടെ വിശ്വസ്‌തനായ പോരാളിയായി മാറിയ സഞ്ജു ടൂർണമെന്‍റിലുടനീളം ബാറ്റിംഗിലും വിക്കറ്റ് കീപ്പിംഗിലും മിന്നും പ്രകടനമാണ് പുറത്തെടുത്തത്. ടൂർണമെന്‍റില്‍ ആകെ 321 റൺസ് അടിച്ചുകൂട്ടിയ സഞ്ജു, 80.25 എന്ന അമ്പരപ്പിക്കുന്ന ശരാശരിയിലും 199.37 എന്ന വെടിക്കെട്ട് സ്ട്രൈക്ക് റേറ്റിലുമാണ് ബാറ്റ് വീശിയത്. ന്യൂസിലൻഡിനെതിരായ കലാശപ്പോരാട്ടത്തിൽ 46 പന്തിൽ നിന്ന് നേടിയ 89 റൺസ്, ഒരു ലോകകപ്പ് ഫൈനലിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന ചരിത്ര റെക്കോർഡും സഞ്ജുവിന് നേടിക്കൊടുത്തു. 'പ്ലെയർ ഓഫ് ദി ടൂർണമെന്‍റ് ' പുരസ്കാരത്തോടെ ഇന്ത്യയെ തുടർച്ചയായ രണ്ടാം ലോകകിരീടത്തിലേക്ക് നയിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു.

