ETV Bharat / sports

റൺ ചേസിംഗിൽ സഞ്ജു 'ഹീറോ'; വിരാട് കോലിയുടെ ലോകകപ്പ് റെക്കോർഡ് തകർത്തു

കോലിയെ മറികടന്ന് റെക്കോർഡ് നേട്ടവുമായി സഞ്ജു സാംസൺ.

Sanju Samson
Sanju Samson (IANS)
author img

By ETV Bharat Sports Team

Published : March 2, 2026 at 12:57 PM IST

2 Min Read
Choose ETV Bharat

കൊല്‍ക്കത്ത: കാത്തിരിപ്പിനും അവഗണനകൾക്കും ഒടുവിൽ ഇന്ത്യൻ ക്രിക്കറ്റിലെ തന്‍റെ സിംഹാസനം ഉറപ്പിച്ച് മലയാളി താരം സഞ്ജു സാംസൺ. ടി20 ലോകകപ്പിലെ നിർണ്ണായക പോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ സഞ്ജു നടത്തിയ തകർപ്പൻ ബാറ്റിംഗ് പ്രകടനം ഇന്ത്യയെ സെമി ഫൈനലിലേക്ക് നയിച്ചു. വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 197 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം 19.2 ഓവറിൽ ഇന്ത്യ മറികടന്നു.

കോലിയെ മറികടന്ന റെക്കോർഡ് നേട്ടം
വിരാട് കോലിയുടെ ചരിത്ര റെക്കോർഡാണ് സഞ്ജു ഈ ഇന്നിംഗ്‌സിലൂടെ പഴങ്കഥയാക്കിയത്. ടി20 ലോകകപ്പുകളിൽ ഒരു റൺ ചേസിംഗിൽ ഇന്ത്യൻ താരം നേടുന്ന ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ ഇനി സഞ്ജുവിന് സ്വന്തം (97*). 2016-ൽ ഓസ്‌ട്രേലിയക്കെതിരെയും 2022-ൽ പാകിസ്ഥാനെതിരെയും കോലി നേടിയ 82* റൺസെന്ന റെക്കോർഡാണ് സഞ്ജു മറികടന്നത്. കൂടാതെ ലോകകപ്പ് ചരിത്രത്തിൽ ഒരു ഇന്ത്യൻ താരത്തിന്‍റെ രണ്ടാമത്തെ ഉയർന്ന സ്കോറാണിത് (സുരേഷ് റെയ്‌നയുടെ 101 റൺസാണ് ഒന്നാമത്).

പോരാട്ടവീര്യം നിറഞ്ഞ ഇന്നിംഗ്‌സ്
50 പന്തിൽ 12 ഫോറുകളും 4 സിക്സറുകളും അടങ്ങുന്നതായിരുന്നു താരത്തിന്‍റെ പുറത്താകാത്ത 97 റൺസ്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മൂന്ന് മത്സരങ്ങളിലും സഞ്ജുവിന് പ്ലേയിംഗ് ഇലവനിൽ ഇടം ലഭിച്ചിരുന്നില്ല. എന്നാൽ ലഭിച്ച സുവർണ്ണാവസരം സഞ്ജു കൃത്യമായി വിനിയോഗിച്ചു.
മത്സരശേഷം നായകൻ സൂര്യകുമാർ യാദവ് അയച്ച സന്ദേശമായിരുന്നു ഏറ്റവും ശ്രദ്ധേയം. "കാത്തിരിക്കുന്നവർക്ക് നല്ല കാര്യങ്ങൾ സംഭവിക്കും" എന്നായിരുന്നു ക്യാപ്റ്റൻ സഞ്ജുവിനെ വിശേഷിപ്പിച്ചത്. സഞ്ജു ഇന്ത്യയുടെ ഭാവി വാഗ്ദാനമാണെന്ന ദീർഘകാലത്തെ പ്രവചനങ്ങൾക്ക് അടിവരയിടുന്നതായിരുന്നു ഈ പ്രകടനം.

മഹാരഥന്മാരെ കണ്ട് പഠിച്ച പാഠങ്ങൾ
"മനസ്സിൽ പലപ്പോഴും ആശങ്കകൾ ഉണ്ടായിരുന്നു, എന്നാൽ ഓരോ പന്തിനെയും അതിന്‍റെ മെറിറ്റിൽ നേരിടാനാണ് ഞാൻ ശ്രമിച്ചതെന്ന് സഞ്ജു പറഞ്ഞു. 10-12 വർഷത്തെ ഐപിഎൽ പരിചയവും കഴിഞ്ഞ 10 വർഷമായി ടീമിനൊപ്പമുള്ള അനുഭവവും തന്നെ സഹായിച്ചുവെന്ന് സഞ്ജു വെളിപ്പെടുത്തി.

'വിരാട് കോഹ്‌ലി, രോഹിത് ശർമ്മ, എം.എസ് ധോണി എന്നിവർ എങ്ങനെയാണ് മത്സരങ്ങൾ ഫിനിഷ് ചെയ്യുന്നതെന്ന് ഡഗ് ഔട്ടിലിരുന്ന് കണ്ട് പഠിച്ചതാണ് ഈ വിജയത്തിന് പിന്നിലെന്ന് സഞ്ജു കൂട്ടിച്ചേർത്തു.വിജയത്തോടെ ഇന്ത്യ ടി20 ലോകകപ്പ് സെമി ഫൈനലിൽ പ്രവേശിച്ചു. സഞ്ജുവിന്‍റെ കരിയറിലെ ഏറ്റവും മികച്ച ദിവസങ്ങളിൽ ഒന്നായി ഈ മത്സരം അടയാളപ്പെടുത്തപ്പെടും.

Also Read: ഈഡൻ ഗാർഡൻസിൽ സഞ്ജു 'താണ്ഡവം'; വിൻഡീസ് വീണു, ഇന്ത്യ സെമിയിൽ!