ETV Bharat / sports

സഞ്ജു ക്രെയ്‌സ്! ആരാധക പിന്തുണയിൽ ഇതിഹാസങ്ങൾക്കൊപ്പം; പോരാട്ടവീര്യത്തെ പുകഴ്ത്തി കാർത്തിക്

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരം സഞ്ജുവാണെന്ന് ദിനേശ് കാർത്തിക്

SANJU SAMSON
SANJU SAMSON (IANS)
author img

By ETV Bharat Sports Team

Published : March 4, 2026 at 3:39 PM IST

2 Min Read
Choose ETV Bharat

ഹെെദരാബാദ്: ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരങ്ങളായ എം.എസ്. ധോണി, വിരാട് കോലി, രോഹിത് ശർമ്മ എന്നിവർക്ക് ലഭിക്കുന്ന അതേ ജനപ്രീതിയും ആരാധക പിന്തുണയും ഇപ്പോൾ സഞ്ജു സാംസണും ലഭിക്കുന്നുണ്ടെന്ന് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക്. ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിന് ഇന്ത്യ തയ്യാറെടുക്കുമ്പോൾ, രാജ്യത്ത് ഏറ്റവും കൂടുതൽ സ്നേഹിക്കപ്പെടുന്ന ക്രിക്കറ്റ് താരം സഞ്ജുവാണെന്ന് കാർത്തിക് അഭിപ്രായപ്പെട്ടു.

തിരിച്ചുവരവിന്‍റെ കഥ

കൊൽക്കത്തയിൽ വെസ്റ്റ് ഇൻഡീസിനെതിരായ നിർണ്ണായക മത്സരത്തിൽ 50 പന്തിൽ 97 റൺസ് നേടി സഞ്ജു ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചിരുന്നു. മോശം ഫോമിനെത്തുടർന്ന് ഓപ്പണർ സ്ഥാനം ഇഷാൻ കിഷന് വഴിമാറിക്കൊടുക്കേണ്ടി വന്ന സഞ്ജുവിന് കഴിഞ്ഞ കുറച്ചു മാസങ്ങൾ പ്രയാസകരമായിരുന്നു. പിന്നീട് അഭിഷേക് ശർമ്മ ഫോം ഔട്ട് ആയതോടെ ലഭിച്ച അവസരം സഞ്ജു കൃത്യമായി വിനിയോഗിക്കുകയായിരുന്നു. ഈ പ്രകടനത്തോടെ ആരാധകരും താരങ്ങളും ഒരുപോലെ സഞ്ജുവിനെ പ്രശംസിച്ചു.

കാർത്തിക്കിന്‍റെ വാക്കുകൾ

സ്കൈ സ്പോർട്‌സിനോട് സംസാരിക്കവെ കാർത്തിക് പറഞ്ഞത് ഇങ്ങനെ: 'സഞ്ജു സാംസൺ ഒരു മികച്ച കഥയാണ്. അവൻ എപ്പോഴും ഒരു വിസ്മയമാണ്. എന്നെ സംബന്ധിച്ച് ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്നേഹിക്കപ്പെടുന്ന താരം അവനാണ്. ധോണിക്കും കോലിക്കുമൊപ്പമാണ് അവന്‍റെ ഫാൻ ഫോളോയിംഗ്. ഒട്ടേറെ ഉയർച്ച താഴ്ചകളും സമ്മർദ്ദങ്ങളും നിറഞ്ഞതാണ് സഞ്ജുവിന്‍റെ കരിയർ. ആ മൂന്ന് മാസത്തെ മോശം സമയത്തിന് ശേഷം, നിർണ്ണായക ഘട്ടത്തിൽ ടീമിലെത്തി കൊൽക്കത്തയിൽ അവൻ ചെയ്‌തത് അത്ഭുതകരമാണ്." സഞ്ജുവിന്‍റെ പ്രതിഭയും കഠിനാധ്വാനവും അവനെ ഇന്ന് ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട താരമാക്കി മാറ്റിയിരിക്കുകയാണ്.

തുടക്കം മുതലേ സഞ്ജു വേണമായിരുന്നു

ന്യൂസിലൻഡ് പരമ്പരയിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് വെറും 46 റൺസ് മാത്രമാണ് സഞ്ജു നേടിയിരുന്നത്. എന്നാല്‍, ലോകകപ്പിന്‍റെ തുടക്കം മുതൽ സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തണമായിരുന്നു എന്ന് കാർത്തിക് വിശ്വസിക്കുന്നു. അതിനുള്ള കാരണങ്ങൾ ഇവയാണ്:

  • ഓഫ് സ്പിന്നർമാരെ നേരിടാനുള്ള കഴിവ്: ഇന്ത്യൻ ബാറ്റർമാർ, പ്രത്യേകിച്ച് ഇടങ്കയ്യന്മാർ ഓഫ് സ്പിന്നർമാർക്കെതിരെ പതറുന്നു. ഈ പ്രശ്‌നം പരിഹരിക്കാൻ സഞ്ജുവിന്‍റെ സാന്നിധ്യം സഹായിച്ചു.
  • അഭിഷേക് ശർമ്മയുടെ ഫോമില്ലായ്‌മ: ഓഫ് സ്‌പിന്നർമാർക്കെതിരെ കളിക്കാൻ അഭിഷേക് ബുദ്ധിമുട്ടി. അസുഖം ബാധിച്ചതും താരത്തിന്‍റെ ആത്മവിശ്വാസം കുറച്ചതായി കാർത്തിക് നിരീക്ഷിച്ചു.

Also Read: ദ ഹണ്ട്രഡ് ക്രിക്കറ്റ്: പാക് താരങ്ങളെ ഇന്ത്യൻ ഫ്രാഞ്ചൈസികൾ തഴയുമോ? ലേലപ്പട്ടിക പുറത്ത്