റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് പ്രീ-ക്വാർട്ടറിൽ; പിഎസ്‌ജിക്കും അറ്റലാന്‍റയ്‌ക്കും ജയം; പൊരുതിവീണ് യുവന്‍റസ്
വംശീയതയ്ക്ക് ഗോളിലൂടെ മറുപടി നൽകി വിനീഷ്യസ്, ബെൻഫിക്കയെ വീഴ്ത്തി റയൽ പ്രീ-ക്വാർട്ടര്‍ കടന്നു.

Published : February 26, 2026 at 1:06 PM IST
മാഡ്രിഡ്: യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് പ്രീ-ക്വാർട്ടർ പോരാട്ടങ്ങൾക്ക് ആവേശകരമായ തുടക്കം. സൂപ്പർ താരം വിനീഷ്യസ് ജൂനിയറിന്‍റെ തകർപ്പൻ പ്രകടനത്തിൽ ബെൻഫിക്കയെ തകർത്ത് നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ് അവസാന 16ൽ ഇടംപിടിച്ചു. രണ്ടാം പാദത്തിൽ 2-1 നും, അഗ്രഗേറ്റ് സ്കോറിൽ 3-1 നുമാണ് റയലിന്‍റെ വിജയം.
ആദ്യ പാദത്തിൽ നേരിടേണ്ടി വന്ന വംശീയ അധിക്ഷേപങ്ങൾക്ക് കളിക്കളത്തിൽ ഗോളിലൂടെ മറുപടി നൽകി വിനീഷ്യസ് മിന്നും പ്രകടനമാണ് പുറത്തെടുത്തത്. തന്നെ അധിക്ഷേപിച്ച ബെൻഫിക്ക താരം ജിയാൻലൂക്ക പ്രെസ്റ്റിയാനി യുവേഫയുടെ വിലക്ക് മൂലം ഗാലറിയിലിരിക്കെയാണ് വിനീഷ്യസ് വിജയഗോൾ കുറിച്ചത്. 14-ാം മിനിറ്റിൽ റഫ സിൽവയിലൂടെ ബെൻഫിക്ക ലീഡെടുത്തെങ്കിലും, 16-ാം മിനിറ്റിൽ ഔറേലിയൻ ചൗമേനിയിലൂടെ റയൽ സമനില പിടിച്ചു. 79-ാം മിനിറ്റിൽ വിനീഷ്യസ് നേടിയ ഗോൾ റയലിന്‍റെ വിജയം ഉറപ്പിക്കുകയായിരുന്നു. 'ഇത് വംശീയതയ്‌ക്കെതിരായ വിജയമാണെന്ന് എന്ന് ചൗമേനി മത്സരശേഷം പറഞ്ഞു.

പി.എസ്.ജി മുന്നോട്ട്
ഫ്രഞ്ച് ക്ലബ്ബുകളുടെ പോരാട്ടത്തിൽ മൊണാക്കോയെ മറികടന്ന് പാരിസ് സെന്‍റ് ജർമ്മൻ അടുത്ത ഘട്ടത്തിലേക്ക് മുന്നേറി. രണ്ടാം പാദത്തിൽ 2-2 സമനില വഴങ്ങിയെങ്കിലും അഗ്രഗേറ്റ് സ്കോറിൽ 5-4 ന് പി.എസ്.ജി ജയിച്ചു. കളിക്കളത്തിന് പുറത്ത് നിയമനടപടികൾ നേരിടുന്ന അഷ്‌റഫ് ഹക്കിമി മത്സരത്തിൽ നിർണ്ണായക പങ്കുവഹിച്ചു. മാർക്വീഞ്ഞോസ്, ക്വാററ്റ്‌സ്ഖേലിയ എന്നിവരാണ് പി.എസ്.ജിക്കായി വലകുലുക്കിയത്. മൊണാക്കോ താരം കൂലിബാലി ചുവപ്പ് കാർഡ് കണ്ട് പുറത്തായത് അവർക്ക് തിരിച്ചടിയായി.

യുവന്‍റസ് പോരാടിവീണു
ആദ്യ പാദത്തിൽ 5-2 ന് തോറ്റ ഇറ്റാലിയൻ കരുത്തരായ യുവന്‍റസ് രണ്ടാം പാദത്തിൽ തകർപ്പൻ തിരിച്ചുവരവ് നടത്തിയെങ്കിലും എക്‌സ്‌ട്രാ ടൈമിൽ പരാജയപ്പെട്ടു. പത്ത് പേരുമായി കളിച്ചിട്ടും നിശ്ചിത സമയത്ത് യുവന്‍റസ് 3-2 ന് വിജയിച്ചു (അഗ്രഗേറ്റ് 5-5). എന്നാൽ എക്‌സ്‌ട്രാ ടൈമിൽ വിക്ടർ ഒസിമെൻ, ബാരിസ് യിൽമാസ് എന്നിവർ നേടിയ ഗോളുകൾ ഗലാത്സറെയ്ക്ക് 7-5 ന്‍റെ അഗ്രഗേറ്റ് വിജയം സമ്മാനിച്ചു. ലോക്കറ്റെല്ലി, ഗാട്ടി, മക്കെന്നി എന്നിവരാണ് യുവന്‍റസിനായി വലകുലുക്കിയത്.
From beginning to end, thank you for the support. ❤️💙 pic.twitter.com/Jxu9vNGxkZ
— Paris Saint-Germain (@PSG_English) February 25, 2026
മറ്റൊരു മത്സരത്തില്‍ ജർമ്മൻ ക്ലബ്ബ് ബോറുസിയ ഡോർട്ട്മുണ്ടിനെ അഗ്രഗേറ്റ് സ്കോറിൽ 4-3 ന് തകർത്ത് ഇറ്റാലിയൻ ക്ലബ്ബ് അറ്റലാന്‍റയും പ്രീ-ക്വാർട്ടറിൽ ഇടംനേടി. മത്സരത്തിന്‍റെ അവസാന നിമിഷം ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ലാസർ സമർദ്ദിച്ച് ടീമിന്‍റെ രക്ഷകനാവുകയായിരുന്നു. സ്‌കാമാക്ക, സാപ്പക്കോസ്റ്റ, പാസാലിച്ച് എന്നിവരും അറ്റലാന്‍റയ്‌ക്കായി സ്കോർ ചെയ്‌തു. ഡോർട്ട്മുണ്ടിനായി കരീം അഡെയേമി ഗോൾ നേടിയെങ്കിലും ടീമിനെ രക്ഷിക്കാനായില്ല.
Also Read: പേടിക്കണം സിംബാബ്‌വെയെ! ചെന്നൈയിൽ ഇന്ത്യക്ക് ചുവടുപിഴക്കുമോ?

