നേപ്പാൾ പ്രളയബാധിതർക്ക് ആദരമർപ്പിച്ച് റയൽ മാഡ്രിഡ്; ലാ ലിഗയിൽ മലാഗയ്‌ക്കെതിരെ തകർപ്പൻ ജയം
നേപ്പാളിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് റയൽ മാഡ്രിഡ്; മലാഗയെ തകർത്ത് ലീഗിൽ മുന്നേറ്റം.

Published : August 31, 2026 at 12:35 PM IST
മാഡ്രിഡ്: നേപ്പാളിലുണ്ടായ വിനാശകരമായ വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും ജീവൻ നഷ്ടപ്പെട്ടവർക്ക് റയൽ മാഡ്രിഡ് ആദരമർപ്പിച്ചു. മത്സരത്തിന് മുന്നോടിയായി സാന്‍റിയാഗോ ബെർണബ്യൂ സ്റ്റേഡിയത്തിൽ വെച്ച് റയൽ മാഡ്രിഡ് താരങ്ങളും മറ്റു സ്റ്റാഫുകളും ഒരു മിനിറ്റ് മൗനം ആചരിച്ചു. ദുരന്തത്തിൽ ഇതുവരെ 788 പേർ മരണപ്പെടുകയും ആയിരക്കണക്കിന് ആളുകളെ കാണാതാവുകയും ചെയ്‌തിട്ടുണ്ട്. ദുരിതമനുഭവിക്കുന്ന നേപ്പാളിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് "സ്റ്റാൻഡിങ് വിത്ത് നേപ്പാൾ" എന്ന ഔദ്യോഗിക സന്ദേശവും റയൽ മാഡ്രിഡ് പങ്കുവെച്ചു.
രണ്ട് ദിവസം മുമ്പ് നടന്ന മത്സരത്തിൽ ബാഴ്‌സലോണയും നേപ്പാൾ പ്രളയബാധിതർക്ക് ഒരു മിനിറ്റ് മൗനം ആചരിച്ച് ആദരമർപ്പിച്ചിരുന്നു. നേപ്പാളിൽ കനത്ത ജീവഹാനിയും നാശനഷ്ടവും തുടരുമ്പോൾ, ലോകമെമ്പാടുമുള്ള നിരവധി പ്രമുഖ ഫുട്ബോൾ ക്ലബ്ബുകൾ രാജ്യത്തിന് ഐക്യദാർഢ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. മുൻപ് 2015-ൽ നേപ്പാളിലുണ്ടായ വിനാശകരമായ ഭൂകമ്പ സമയത്തും റയൽ മാഡ്രിഡ് അനുശോചനം രേഖപ്പെടുത്തുകയും ഇരകൾക്ക് ആദരമർപ്പിക്കുകയും ചെയ്‌തിരുന്നു.
ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്കുകൾ പ്രകാരം, ദുരന്തബാധിത പ്രദേശങ്ങളിൽ നിന്ന് ഇതുവരെ ഏകദേശം 9,500 ഓളം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. എന്നാൽ 2,500-ലധികം ആളുകളെ ഇനിയും കണ്ടെത്താനുണ്ട്. നേപ്പാൾ-തിബറ്റ് അതിർത്തിയിലുണ്ടായ ഹിമപാതത്തെ തുടർന്ന് ബുധനാഴ്‌ചയാണ് വടക്കൻ-മധ്യ നേപ്പാളിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും പ്രളയം വൻ നാശം വിതച്ചത്. ഹിമാലയൻ അതിർത്തി പ്രദേശത്തുനിന്ന് തെക്കോട്ട് ഒഴുകുന്ന ഭോട്ടെകോശി നദിയിലെ ജലനിരപ്പ് ഉയർന്നതോടെ പ്രളയജലം വീടുകളും വാഹനങ്ങളും റോഡുകളും പാലങ്ങളും ഒഴുക്കിക്കൊണ്ടുപോവുകയും ജലവൈദ്യുത പദ്ധതികൾക്ക് വലിയ നാശനഷ്ടം വരുത്തുകയും ചെയ്‌തു.
മലാഗയെ തകർത്ത് റയൽ മാഡ്രിഡ് കുതിപ്പ് തുടരുന്നു
ദുരന്തബാധിതർക്ക് ആദരമർപ്പിച്ചതിന് ശേഷം നടന്ന ലാ ലിഗ മത്സരത്തിൽ മലാഗയെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്ത് റയൽ മാഡ്രിഡ് തങ്ങളുടെ തകർപ്പൻ കുതിപ്പ് തുടർന്നു. പുതിയ കോച്ച് ഹോസെ മൗറീന്യോയ്ക്ക് കീഴിൽ ലീഗിൽ മികച്ച ഫോമിലുള്ള റയലിനായി സൂപ്പർ താരങ്ങളായ ജൂഡ് ബെല്ലിങ്ഹാം, കിലിയൻ എംബാപ്പെ എന്നിവർ ഗോളുകൾ നേടി.
ഞായറാഴ്‌ച നടന്ന മത്സരത്തിന്‍റെ ആദ്യ പകുതിയിൽ വെറും 10 മിനിറ്റിനിടയിലാണ് റയൽ മൂന്ന് ഗോളുകൾ അടിച്ചുകൂട്ടി കളി തങ്ങളുടെ നിയന്ത്രണത്തിലാക്കിയത്. ബെല്ലിങ്ഹാമിന്‍റേയും എംബാപ്പെയുടെയും ഗോളുകൾക്ക് പുറമെ മലാഗ ഗോൾകീപ്പർ അൽഫോൻസോ ഹെറേറോയുടെ വക ഒരു ഓൺ ഗോളും റയലിന് ലീഡ് ഉയർത്തി നൽകി. അവസാന നിമിഷങ്ങളിൽ യുവതാരം അർദ ഗുലർ നാലാം ഗോളും നേടിയതോടെ റയലിന്‍റെ വിജയം പൂർണ്ണമായി (4-0).
Also Read: ജർമ്മനി വീണ്ടും ലോക ഹോക്കി ചാമ്പ്യന്മാർ; എതിരില്ലാത്ത ഒരു ഗോളിന് സ്പെയിനെ വീഴ്‌ത്തി

