രഞ്ജി ട്രോഫി ഫൈനലിൽ നാടകീയ രംഗങ്ങൾ; നായകൻ ഡോഗ്രയ്ക്ക് ശിക്ഷ, ജമ്മു കശ്‌മീരിനു ആധിപത്യം
രഞ്ജി ഫൈനൽ: കർണാടകയ്‌ക്കെതിരെ ജമ്മു കശ്‌മീർ കൂറ്റൻ സ്കോറിലേക്ക്; രണ്ടാം ദിനം 527/6.

Published : February 25, 2026 at 8:25 PM IST
ഹുബ്ലി: രഞ്ജി ട്രോഫി ഫൈനലിൽ കർണാടകയെ സമ്മർദ്ദത്തിലാക്കി ജമ്മു കശ്‌മീർ കൂറ്റൻ സ്കോറിലേക്ക്. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ 6 വിക്കറ്റ് നഷ്ടത്തിൽ 527 റൺസ് എന്ന ശക്തമായ നിലയിലാണ്. പുറത്താകാതെ 57 റൺസെടുത്ത സാഹിൽ ലോത്രയുടെയും അർധസെഞ്ച്വറികൾ നേടിയ നായകൻ പരസ് ഡോഗ്രയുടെയും കനയ്യ വധ്വാന്‍റേയും ബാറ്റിംഗ് മികവിലാണ് കശ്‌മീർ മികച്ച സ്കോറിലെത്തിയത്.
രണ്ടാം ദിനം കളി പുനരാരംഭിച്ചപ്പോൾ സെഞ്ച്വറി താരം ശുഭം പുന്ദീറിനെയും അബ്ദുൾ സമദിനെയും പുറത്താക്കി കർണാടക തിരിച്ചുവരവിന് ശ്രമിച്ചു. എന്നാൽ നായകൻ പരസ് ഡോഗ്രയും കനയ്യ വധ്വാനും ചേർന്ന് കശ്‌മീരിനെ രക്ഷിക്കുകയായിരുന്നു. വധ്വാൻ വെറും 84 പന്തിൽ നിന്നാണ് 70 റൺസെടുത്തത്. ഡോഗ്ര 150 പന്തിൽ നിന്ന് 50 റൺസെടുത്തു നിൽക്കെ ശ്രേയസ് ഗോപാലിന്‍റെ ഗൂഗ്ലിയിൽ ക്ലീൻ ബൗൾഡായി.
തുടർന്നെത്തിയ സാഹിൽ ലോത്ര ആക്രമിച്ച് കളിച്ച് 73 പന്തിൽ അർധസെഞ്ച്വറി പൂർത്തിയാക്കി. സാഹിൽ 57 റൺസോടെയും ആബിദ് മുഷ്താഖ് 20 റൺസോടെയും ക്രീസിൽ നിൽക്കെ വെളിച്ചക്കുറവും പിന്നാലെ എത്തിയ മഴയും കാരണം കളി നേരത്തെ അവസാനിപ്പിച്ചു. കർണാടകയ്ക്കായി പ്രസീദ് കൃഷ്‌ണ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.
Stumps Day 2: J & K - 527/6 in 155.6 overs (Abid Mushtaq 20 off 31, Sahil Lotra 57 off 93) #KARvJK #RanjiTrophy #Elite #Final
— BCCI Domestic (@BCCIdomestic) February 25, 2026
വിവാദമായി നായകൻ ഡോഗ്രയുടെ പെരുമാറ്റം; കനത്ത പിഴ
ബാറ്റിംഗ് മികവിനിടയിലും മൈതാനത്തെ മോശം പെരുമാറ്റത്തെത്തുടർന്ന് ജമ്മു കശ്‌മീര്‍ നായകൻ പരസ് ഡോഗ്രയ്ക്ക് ബിസിസിഐ പിഴ ചുമത്തി. കർണാടകയുടെ പകരക്കാരൻ ഫീൽഡർ കെ.വി. അനീഷിനെ തലകൊണ്ട് ഇടിച്ച സംഭവത്തിൽ മാച്ച് ഫീയുടെ 50 ശതമാനം പിഴയും രണ്ട് ഡീമെറിറ്റ് പോയിന്‍റുമാണ് ശിക്ഷയായി നൽകിയത്.
101-ാം ഓവറിൽ പ്രസീദ് കൃഷ്‌ണയുടെ പന്ത് ബൗണ്ടറി കടത്തിയതിന് പിന്നാലെ സില്ലി പോയിന്‍റില്‍ നിന്ന അനീഷുമായി ഡോഗ്ര വാക്കേറ്റത്തിൽ ഏർപ്പെടുകയായിരുന്നു. തുടർന്ന് ഹെൽമെറ്റ് ധരിച്ചിരുന്ന ഡോഗ്ര അനീഷിനെ തലകൊണ്ട് ഇടിച്ചു. അമ്പയർമാരായ രോഹൻ പണ്ഡിറ്റ്, ഉല്ലാസ് ഗാന്ധെ എന്നിവരും കർണാടക താരങ്ങളായ മായങ്ക് അഗർവാളും ദേവദത്ത് പടിക്കലും ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. പിന്നീട് ഡോഗ്ര അനീഷിനോട് ക്ഷമ ചോദിച്ചു.
സ്ലെഡ്ജിംഗിനെത്തുടർന്ന് പെട്ടെന്നുണ്ടായ പ്രകോപനമാകാം ഇതിന് കാരണമെന്ന് ടീം വൃത്തങ്ങൾ സൂചിപ്പിച്ചു. ബിസിസിഐ നിയമങ്ങൾ പാലിച്ച് മാച്ച് റഫറി വെംഗലിൽ നാരായണൻ കുട്ടിയുടെ തീരുമാനത്തോട് സഹകരിക്കുമെന്ന് ജമ്മു കശ്‌മീര്‍ ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു.
Also Read: രഞ്ജി ട്രോഫി ഫൈനൽ: കർണാടകയെ വിറപ്പിച്ച് ജമ്മു കശ്‌മീര്‍; ശുഭം പുന്ദീറിന് സെഞ്ചുറി, ആദ്യ ദിനം 284/2

