ETV Bharat / sports

പഞ്ചാബിന്‍റെ പടയോട്ടത്തിന് കടിഞ്ഞാൺ; രാജസ്ഥാന് 'റോയൽ' വിജയം

സീസണിലെ ആദ്യ തോൽവി! പഞ്ചാബ് കിങ്‌സിനെ വിറപ്പിച്ച് ഫെരേര-ദുബെ സഖ്യം.

Rajasthan Royals Win by 6 Wickets
Rajasthan Royals Win by 6 Wickets (IANS)
author img

By ETV Bharat Sports Team

Published : April 28, 2026 at 11:33 PM IST

2 Min Read
Choose ETV Bharat

ന്യൂ ചണ്ഡീഗഡ്: ഐപിഎൽ 2026-ൽ തോൽവിയറിയാതെ മുന്നേറിയിരുന്ന പഞ്ചാബ് കിങ്‌സിന് ആദ്യ പ്രഹരമേൽപ്പിച്ച് രാജസ്ഥാൻ റോയൽസ്. മഹാരാജ യാദവീന്ദ്ര സിംഗ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ 6 വിക്കറ്റിനാണ് രാജസ്ഥാൻ പഞ്ചാബിനെ തകർത്തത്. ഡൊനോവൻ ഫെരേരയുടെയും ശുഭം ദുബെയുടെയും വെടിക്കെട്ട് ബാറ്റിംഗാണ് റോയൽസിന് അവിശ്വസനീയ വിജയം സമ്മാനിച്ചത്.

ഫെരേര-ദുബെ സഖ്യത്തിന്‍റെ താണ്ഡവം

മത്സരത്തില്‍ 14 ഓവർ പിന്നിടുമ്പോൾ രാജസ്ഥാന് വിജയിക്കാൻ ഓവറിൽ 12 റൺസിന് മുകളിൽ വേണമായിരുന്നു. എന്നാൽ വെറും 32 പന്തിൽ നിന്ന് പുറത്താകാതെ 77 റൺസ് കൂട്ടിച്ചേർത്ത ഫെരേര-ദുബെ സഖ്യം മത്സരം അനായാസം രാജസ്ഥാന്‍റെ കൈപ്പിടിയിലൊതുക്കി. അർഷ്ദീപ് സിംഗിനെയും മാർക്കോ ജാൻസനെയും ലക്ഷ്യമിട്ട ഇരുവരും പേസർമാരെ നിർദാക്ഷിണ്യം പ്രഹരിച്ചു. ഇതോടെ സീസണിലെ പഞ്ചാബിന്‍റെ ആദ്യ തോൽവി ഉറപ്പായി.

നേരത്തെ 223 റൺസ് പിന്തുടർന്ന രാജസ്ഥാന് വൈഭവ് സൂര്യവംശി മിന്നും തുടക്കമാണ് നൽകിയത്. നേരിട്ട ആദ്യ ഓവറിൽ തന്നെ അർഷ്ദീപിനെതിരെ സിക്സറും ഫോറുകളുമായി താരം 15 റൺസ് അടിച്ചെടുത്തു. വെറും 16 പന്തിൽ 43 റൺസ് (3 ഫോർ, 5 സിക്സ്) നേടിയ സൂര്യവംശിയെ ഒടുവിൽ അർഷ്ദീപ് തന്നെ പുറത്താക്കി. ഈ ഇന്നിങ്സിലൂടെ ഒരു ഐപിഎൽ സീസണിൽ ഏറ്റവും വേഗത്തിൽ (167 പന്തിൽ) 400 റൺസ് തികയ്ക്കുന്ന താരം എന്ന റെക്കോർഡും സൂര്യവംശി സ്വന്തമാക്കി.

സൂര്യവംശിക്ക് പിന്നാലെ തകർത്തടിച്ച യശസ്വി ജയ്‌സ്വാൾ 26 പന്തിൽ അർധ സെഞ്ച്വറി പൂർത്തിയാക്കി. എന്നാൽ യുസ്‌വേന്ദ്ര ചഹൽ ജയ്‌സ്വാളിനെയും (51), റിയാൻ പരാഗിനെയും (29) പുറത്താക്കിയതോടെ മത്സരം പഞ്ചാബിന്‍റെ കൈകളിലേക്ക് നീങ്ങി. ഹർപ്രീത് ബ്രാർ മികച്ച രീതിയിൽ പന്തെറിഞ്ഞതും രാജസ്ഥാനെ സമ്മർദ്ദത്തിലാക്കി. പക്ഷേ അവസാന ഓവറുകളിൽ ഫെരേരയും ദുബെയും ആഞ്ഞടിച്ചതോടെ പഞ്ചാബ് കീഴടങ്ങുകയായിരുന്നു.

പഞ്ചാബിന്റെ പോരാട്ടം

ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത പഞ്ചാബ് കിങ്‌സ് നിശ്ചിത 20 ഓവറിൽ 222/4 എന്ന കൂറ്റൻ സ്കോറാണ് പടുത്തുയർത്തിയത്. പ്രഭ്‌സിമ്രാന്‍ സിംഗ് (59), കൂപ്പർ കൊണോളി (30), ശ്രേയസ് അയ്യർ (30) എന്നിവർ മികച്ച പ്രകടനം നടത്തി. അവസാന ഓവറുകളിൽ തകർത്തടിച്ച മാർക്കസ് സ്റ്റോയിനിസ് (22 പന്തിൽ 62*) ആണ് പഞ്ചാബ് സ്കോർ 220 കടത്തിയത്. രാജസ്ഥാനായി ജോഫ്ര ആർച്ചർ ഒരു വിക്കറ്റ് നേടി. ഈ വിജയത്തോടെ രാജസ്ഥാൻ റോയൽസ് 12 പോയിന്‍റുമായി മൂന്നാം സ്ഥാനത്തെത്തി. തോറ്റെങ്കിലും 13 പോയിന്‍റുള്ള പഞ്ചാബ് തന്നെയാണ് പട്ടികയിൽ ഒന്നാമത്.

Also Read: മനു ഭാക്കറിന്‍റെ നേട്ടം ചെറുതാക്കരുത്! വൈഭവിനെക്കുറിച്ചുള്ള ചോദ്യത്തിന് പിന്നാലെ പ്രതിഷേധം