ETV Bharat / sports

ദുബായില്‍ കുടുങ്ങിയത് തിരിച്ചടിയായി: പിവി സിന്ധു ഓൾ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പിൽ നിന്ന് പുറത്തേക്ക്!

ഓൾ ഇംഗ്ലണ്ട് ഓപ്പണിന് സിന്ധു എത്തിച്ചേരാൻ സാധ്യത കുറവെന്ന് റിപ്പോര്‍ട്ട്.

PV Sindhu
PV Sindhu (ANI)
author img

By ETV Bharat Sports Team

Published : March 2, 2026 at 7:30 PM IST

2 Min Read
Choose ETV Bharat

ഹെെദരാബാദ്: പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യത്തെത്തുടർന്ന് വ്യോമഗതാഗതം തടസ്സപ്പെട്ടതോടെ ഇന്ത്യൻ ബാഡ്‌മിന്‍റണ്‍ താരം പി.വി സിന്ധു ദുബായിൽ കുടുങ്ങി. ഇതോടെ ചൊവ്വാഴ്‌ച ബർമിങ്ഹാമിൽ ആരംഭിക്കുന്ന ഓൾ ഇംഗ്ലണ്ട് ഓപ്പൺ ചാമ്പ്യൻഷിപ്പിൽ സിന്ധുവിന് പങ്കെടുക്കാൻ കഴിയുമോ എന്ന കാര്യം തുലാസിലായി. നിലവിലെ സാഹചര്യത്തിൽ സിന്ധുവിന് കൃത്യസമയത്ത് ടൂർണമെന്‍റിനെത്താൻ സാധ്യത വളരെ കുറവാണെന്ന് ബാഡ്‌മിന്‍റണ്‍ അസോസിയേഷൻ ഓഫ് ഇന്ത്യ അറിയിച്ചു.

വിമാനങ്ങൾ റദ്ദാക്കി; ദുബായിൽ കുടുങ്ങിയത് 20,000 പേർ
ബർമിങ്ഹാമിലേക്കുള്ള യാത്രയ്ക്കിടെ ദുബായിൽ ട്രാൻസിറ്റിലായിരുന്ന സിന്ധുവിനും സംഘത്തിനും വിമാനങ്ങൾ റദ്ദാക്കിയതോടെ വിമാനത്തിൽ നിന്ന് പുറത്തിറങ്ങേണ്ടി വരികയായിരുന്നു. സിന്ധുവിനെ കൂടാതെ ഏകദേശം 20,000-ത്തോളം യാത്രക്കാരാണ് വിവിധ വിമാനത്താവളങ്ങളിലായി കുടുങ്ങിക്കിടക്കുന്നത്. എമിറേറ്റ്സ്, കെ.എൽ.എം, ലുഫ്താൻസ തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികളെല്ലാം സർവീസുകൾ നിർത്തിവെച്ചിരിക്കുകയാണ്.

"ഞങ്ങൾ സിന്ധുവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. എന്നാൽ കാര്യങ്ങൾ ഇപ്പോൾ ഞങ്ങളുടെ നിയന്ത്രണത്തിലല്ല. ഓൾ ഇംഗ്ലണ്ട് ഓപ്പൺ സിന്ധുവിന് നഷ്ടമാകാനാണ് സാധ്യത. യാത്ര തടസ്സപ്പെട്ട കളിക്കാർക്കായി മത്സരങ്ങൾ പുനഃക്രമീകരിക്കാമെന്ന് ബി.ഡബ്ല്യു.എഫ് അറിയിച്ചിട്ടുണ്ടെങ്കിലും നിലവിൽ മറ്റ് വഴികളൊന്നുമില്ല," ബി.എ.ഐ സെക്രട്ടറി സഞ്ജയ് മിശ്ര പറഞ്ഞു.

താരങ്ങളുടെ യാത്രയും പ്രതിസന്ധിയും
സിന്ധുവിനൊപ്പം പരിശീലകൻ ഇർവാൻസ്യയും സംഘവുമാണ് ദുബായിൽ കുടുങ്ങിയത്. അതേസമയം, മറ്റ് ഇന്ത്യൻ താരങ്ങളായ ലക്ഷ്യ സെൻ, സാത്വിക് സായ്‌രാജ്-ചിരാഗ് ഷെട്ടി സഖ്യം, മലയാളി താരം ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് എന്നിവർ വെള്ളിയാഴ്‌ച തന്നെ യാത്ര തിരിച്ചതിനാൽ ബർമിങ്ഹാമിൽ സുരക്ഷിതരായി എത്തിച്ചേർന്നിട്ടുണ്ട്. യുവതാരം ഉന്നതി ഹൂഡ സിംഗപ്പൂർ വഴി യാത്ര പുനഃക്രമീകരിച്ച് ബർമിങ്ഹാമിലേക്ക് പുറപ്പെട്ടു. പരിശീലകൻ വിമൽ കുമാർ ഡൽഹിയിൽ നിന്ന് പുറപ്പെടാനിരുന്ന യാത്ര റദ്ദാക്കി.

സുരക്ഷിതയെന്ന് സിന്ധു
താൻ സുരക്ഷിതയാണെന്നും എമിറേറ്റ്സ് അധികൃതർ എല്ലാ സൗകര്യങ്ങളും നൽകുന്നുണ്ടെന്നും സിന്ധു സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. എങ്കിലും വ്യോമാക്രമണങ്ങളും തിരിച്ചടികളും തുടരുന്ന സാഹചര്യത്തിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ വിമാന സർവീസുകൾ പുനരാരംഭിക്കാൻ സാധ്യതയില്ല. റോഡ് മാർഗം യാത്ര ചെയ്യാനുള്ള ശ്രമങ്ങളും സുരക്ഷാ കാരണങ്ങളാൽ ഉപേക്ഷിച്ചു.

തായ്‌ലൻഡ്, മലേഷ്യ ടീമുകൾ ഇതിനകം ബർമിങ്ഹാമിൽ എത്തിയെങ്കിലും ഇന്ത്യയിൽ നിന്നും തെക്കുകിഴക്കൻ ഏഷ്യയിൽ നിന്നുമുള്ള നിരവധി താരങ്ങളെ ഈ വ്യോമഗതാഗത പ്രതിസന്ധി സാരമായി ബാധിച്ചിട്ടുണ്ട്. വരും മണിക്കൂറുകളിൽ വിമാന സർവീസുകൾ പുനരാരംഭിച്ചാൽ മാത്രമേ താരത്തിന്‍റെ ഓൾ ഇംഗ്ലണ്ട് മോഹങ്ങൾ സഫലമാകൂ.

Also Read: സഞ്ജുവിന്‍റേത് എ പ്ലസ് പ്രകടനം; തോൽവി സമ്മതിച്ച് വിൻഡീസ് നായകൻ ഷായ് ഹോപ്പ്