വിരമിച്ച താരങ്ങളെയും വെറുതെ വിടാതെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്; പുതിയ വിവാദം ഇങ്ങനെ..!
അംഗീകാരമില്ലാത്ത വിദേശ ലീഗുകളിൽ കളിച്ചാൽ രണ്ട് വർഷം വിലക്ക്; മുൻ താരങ്ങൾക്ക് കർശനമായ അച്ചടക്ക നടപടി മുന്നറിയിപ്പുമായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്.

Published : August 5, 2026 at 5:19 PM IST
ഹൈദരാബാദ്: പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്‍റെ മുൻകൂർ അനുമതിയില്ലാതെ വിദേശങ്ങളിൽ നടക്കുന്ന അനൗദ്യോഗിക ക്രിക്കറ്റ് ടൂർണമെന്‍റുകളില്‍ പങ്കെടുക്കുന്ന മുൻ പാക് താരങ്ങൾക്കെതിരെ നടപടിയുമായി ക്രിക്കറ്റ് ബോർഡ് രംഗത്തെത്തി. സാംബിയയിൽ നടന്നുകൊണ്ടിരിക്കുന്ന ഏഷ്യൻ ലെജൻഡ്‌സ് ലീഗിൽ ബോർഡിന്‍റെ അനുമതിയില്ലാതെ പങ്കെടുത്ത താരങ്ങൾക്കെതിരെ നടപടിയെടുക്കുമെന്ന് പി.സി.ബി പത്രക്കുറിപ്പിലൂടെ അറിയിച്ചു. പല മുൻ താരങ്ങളും വിരമിച്ച ശേഷം ഇത്തരം സ്വകാര്യ ലീഗുകളെ ആശ്രയിക്കുന്ന പശ്ചാത്തലത്തിലാണ് ബോർഡിന്‍റെ ഈ പുതിയ തീരുമാനം പുറത്തുവന്നിരിക്കുന്നത്.
നടപടിക്ക് കാരണമായ സാംബിയൻ ടൂർണമെന്‍റ്
ഐസിസിയുടെ കർശനമായ ചട്ടപ്രകാരം ഒട്ടും അംഗീകാരമില്ലാത്ത ടൂർണമെന്‍റുകളുടെ വിഭാഗത്തിലാണ് ഈ ഏഷ്യൻ ലെജൻഡ്‌സ് ലീഗിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. മത്സരങ്ങൾ നടക്കുന്ന ആതിഥേയ രാജ്യത്തെ ഔദ്യോഗിക ഭരണവിഭാഗമായ സാംബിയ ക്രിക്കറ്റ് യൂണിയന്‍റെ അനുമതിയും ഈ ടൂർണമെന്‍റിനു ഇല്ലെന്ന് പിസിബി നിരീക്ഷിച്ചു. അതുകൊണ്ടുതന്നെ ഇത്തരം ടൂർണമെന്‍റുകളിൽ മുൻ പാക് താരങ്ങൾ പങ്കെടുക്കുന്നത് ഐസിസി ചട്ടങ്ങളുടെയും കളിക്കാരുടെ റിലീസ് ചട്ടങ്ങളുടെയും നേരിട്ടുള്ള ലംഘനമാണെന്ന് പി.സി.ബി ചൂണ്ടിക്കാണിക്കുന്നു.
പ്രഖ്യാപിച്ച കർശന ശിക്ഷാനടപടികൾ
പിസിബിയുടെ മുൻകൂർ അനുമതിയായ നോ ഒബ്‌ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) ഇല്ലാതെ ഇത്തരം ലീഗുകളിൽ പങ്കെടുക്കുന്ന താരങ്ങൾക്ക് കടുത്ത ശിക്ഷയാണ് ബോർഡ് പ്രഖ്യാപിച്ചിരിക്കുന്നത്. നിയമം ലംഘിക്കുന്ന താരങ്ങൾക്ക് അടുത്ത രണ്ട് വർഷത്തേക്ക് മറ്റ് അംഗീകൃത വിദേശ ലീഗുകളിൽ കളിക്കുന്നതിനായുള്ള ഔദ്യോഗിക എൻഒസി ബോർഡ് പൂർണ്ണമായും നിഷേധിക്കും. ഇതിന് പുറമെ അടുത്ത രണ്ട് വർഷത്തേക്ക് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിലോ അല്ലെങ്കിൽ പാകിസ്ഥാൻ സൂപ്പർ ലീഗിലോ (പിഎസ്എൽ) കളിക്കാരൻ, കോച്ച്, മെന്‍റര്‍, കൺസൾട്ടന്‍റ്, ഉപദേശകൻ തുടങ്ങിയ യാതൊരുവിധ ചുമതലകളും വഹിക്കാൻ ഈ താരങ്ങൾക്ക് യോഗ്യത ഉണ്ടായിരിക്കില്ലെന്നും പിസിബി വ്യക്തമാക്കി. ഇത് മുൻ താരങ്ങളുടെ കരിയറിനെ വലിയ രീതിയിൽ ബാധിക്കാൻ സാധ്യതയുണ്ട്.
A number of former Pakistan cricketers could face PCB bans for taking part in the Asian Legends League in Zambia - a tournament that the Zambia Cricket Union has said is "not sanctioned, approved or endorsed by ZCU" pic.twitter.com/n9QmBgRqBJ
— Cricinfo (@cricinfo) August 5, 2026
ഐസിസി ചട്ടങ്ങൾ പാലിക്കാൻ പിസിബി ബാധ്യസ്ഥർ
ഐസിസി നിയമപ്രകാരം ഏതൊരു വിദേശ ലീഗിലും പങ്കെടുക്കുന്നതിന് മുൻപ് താരങ്ങൾ അവരുടെ സ്വന്തം രാജ്യത്തെ ക്രിക്കറ്റ് ബോർഡിൽ നിന്നും നിർബന്ധമായും എൻഒസി വാങ്ങിയിരിക്കണമെന്ന് ഐസിസി വ്യക്തമാക്കിയിട്ടുണ്ട്. ചട്ടങ്ങൾ ലംഘിക്കുന്ന താരങ്ങൾക്കെതിരെ അതത് രാജ്യത്തെ ബോർഡുകൾ കൃത്യമായ അച്ചടക്ക നടപടിയെടുത്തില്ലെങ്കിൽ ആ ക്രിക്കറ്റ് ബോർഡുകൾക്കെതിരെ ഐസിസി നേരിട്ട് നടപടിയെടുക്കാൻ സാധ്യതയുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റിന്‍റെ സുതാര്യതയും ഭരണഘടനയും സംരക്ഷിക്കാൻ തങ്ങൾ പൂർണ്ണമായും ബാധ്യസ്ഥരാണെന്നും ഐസിസി നിയമങ്ങൾ നടപ്പിലാക്കുന്നതിൽ യാതൊരു വിട്ടുവീഴ്‌ചയും ഉണ്ടാകില്ലെന്നും പിസിബി പത്രക്കുറിപ്പിലൂടെ പറഞ്ഞു.
Also Read: രാജ്യം വിടാൻ കോമൺവെൽത്ത് ഗെയിംസ് മറയാക്കി; ഗ്ലാസ്‌ഗോയിൽ അഞ്ച് ബോക്‌സിങ് താരങ്ങൾ മുങ്ങി

