ETV Bharat / sports

ഇമാം ഉൾ ഹഖ് പരിക്ക് അഭിനയിച്ചോ..! രണ്ട് വർഷം വരെ വിലക്ക് ലഭിച്ചേക്കും, റിസ്‌വാനും നിരീക്ഷണത്തിൽ

വ്യാജ പരിക്കെന്ന് സംശയം; പാക് ഓപ്പണർ ഇമാം ഉൾ ഹഖിന് രണ്ട് വർഷം വരെ വിലക്ക് ലഭിച്ചേക്കും!

ഇമാം ഉൾ ഹഖ്  PCB INVESTIGATES IMAM UL HAQ  PAKISTAN CRICKET TEAM  MOHAMMAD RIZWAN UNDER PCB SCRUTINY
PCB Initiates High-Level Inquiry Into Imam-ul-Haqs Lord's Test Injury (GETTY)
author img

By ETV Bharat Sports Team

Published : September 3, 2026 at 10:28 AM IST

2 Min Read
Choose ETV Bharat

ഹെെദരാബാദ്: ഇംഗ്ലണ്ടിനെതിരായ ലോർഡ്‌സ് ടെസ്റ്റിനിടെയുണ്ടായ പരിക്കിനെച്ചൊല്ലിയുള്ള വിവാദത്തിൽ പാകിസ്ഥാൻ ക്രിക്കറ്റ് താരം ഇമാം ഉൾ ഹഖിന് കനത്ത തിരിച്ചടി. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ താരത്തിന് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് രണ്ട് വർഷം വരെ വിലക്ക് നേരിടേണ്ടി വന്നേക്കുമെന്ന് പ്രമുഖ പാക് മാധ്യമമായ ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്‌തു. ഇമാമിന്‍റെ പരിക്കിന്‍റെ നിഗൂഢതകളെക്കുറിച്ച് അന്വേഷിക്കാൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഉന്നതതല അന്വേഷണ സമിതി രൂപീകരിക്കുകയാണ്.

ഇമാം ഉൾ ഹഖിന്റെ കരിയറിനെത്തന്നെ ബാധിക്കുന്ന ഈ വിവാദത്തിനൊപ്പം, മുഹമ്മദ് റിസ്‌വാനും അച്ചടക്ക ലംഘനത്തിന്‍റെ പേരിൽ ബോർഡിന്‍റെ കർശന നിരീക്ഷണത്തിലാണ്. അടുത്ത ദിവസങ്ങളിൽ റിസ്‌വാനെ പിസിബി ചോദ്യം ചെയ്തേക്കും. വരും മത്സരങ്ങളിൽ റിസ്‌വാനെ ടീമിലേക്ക് പരിഗണിക്കാൻ സാധ്യതയില്ലെന്നാണ് സൂചന.

ലോർഡ്‌സിലെ നാണക്കേട്

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്‍റെ ഒന്നാം ദിനം ഫീൽഡ് ചെയ്യുന്നതിനിടെയാണ് ഇമാമിന് കണങ്കാലിന് പരിക്കേറ്റത്. തുടർന്ന് പാകിസ്ഥാന്‍റെ രണ്ട് ഇന്നിംഗ്‌സുകളിലും താരം ബാറ്റ് ചെയ്യാൻ ഇറങ്ങിയില്ല. ഓപ്പണറുടെ അസാന്നിധ്യത്തിൽ തകർന്നടിഞ്ഞ പാകിസ്ഥാൻ ഒന്നാം ഇന്നിംഗ്‌സില്‍ 110 റൺസിനും, രണ്ടാം ഇന്നിംഗ്‌സില്‍ 194 റൺസിനും പുറത്തായി. 194 റൺസിന്‍റെ കനത്ത തോൽവിയോടെ പാകിസ്ഥാൻ മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര 2-0 ന് ഇംഗ്ലണ്ടിന് മുന്നിൽ അടിയറവ് വെച്ചു. ഇമാമിന്‍റെ പരിക്കിന്റെ സ്വഭാവത്തിലും മത്സരങ്ങളിൽ നിന്ന് വിട്ടുനിന്നതിലും സംശയം തോന്നിയതിനെ തുടർന്നാണ് പിസിബി പുതിയ അന്വേഷണത്തിന് മുതിർന്നത്.

മെഡിക്കൽ സംഘത്തെ പറ്റിച്ച മുൻകാല ചരിത്രം

ഇമാമിനെതിരെയുള്ള പുതിയ നീക്കം 2025 മാർച്ചിൽ നടന്ന ന്യൂസിലാൻഡ് പര്യടനത്തിലെ മറ്റൊരു വിവാദത്തിലേക്കും വിരൽ ചൂണ്ടുന്നു. അന്ന് ഇൻഡോർ നെറ്റ്സ് പരിശീലനത്തിനിടെ വലതുകാലിലെ പെരുവിരലിൽ പന്ത് കൊണ്ടതിനെ തുടർന്ന് ഇമാം വ്യാജ പരിക്കുണ്ടാക്കുകയോ ലക്ഷണം വലുതാക്കി കാണിക്കുകയോ ചെയ്‌തതായി മുൻപ് നടന്ന പിസിബി അന്വേഷണ സമിതി കണ്ടെത്തിയിരുന്നു. ഒന്നാം ഏകദിന മത്സരത്തിൽ നിന്ന് മനഃപൂർവ്വം മാറിനിൽക്കാൻ വേണ്ടിയാണ് താരം അന്ന് മെഡിക്കൽ സംഘത്തെ തെറ്റിദ്ധരിപ്പിച്ചതെന്നായിരുന്നു സമിതിയുടെ നിഗമനം.

ടീമിൽ വൻ അഴിച്ചുപണി; പുതിയ കോച്ചുമാർ എത്തും

ലോർഡ്‌സിലെ കനത്ത തോൽവിക്ക് പിന്നാലെ ടീമിൽ നിന്ന് ഒഴിവാക്കിയ ഏഴ് കളിക്കാരുടെ പട്ടികയിൽ ഇമാം ഉൾ ഹഖും മുഹമ്മദ് റിസ്‌വാനും ഉൾപ്പെട്ടിരുന്നു. സൽമാൻ അഘ, അലി ഉസ്‌മാന്‍, ആമിർ ജമാൽ, അവൈസ് സഫർ, ഖുറം ഷഹ്‌സാദ് എന്നിവരാണ് ഒഴിവാക്കപ്പെട്ട മറ്റ് താരങ്ങൾ. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന് മുന്നോടിയായി അഞ്ച് അന്താരാഷ്ട്ര പരിചയമില്ലാത്ത താരങ്ങളെ ഉൾപ്പെടുത്തി പാകിസ്ഥാൻ വൻ അഴിച്ചുപണിയാണ് ടീമിൽ നടത്തിയത്. ഇതോടൊപ്പം മൈക്ക് ഹെസ്സൻ, ആഷ്‌ലി നോഫ്കെ എന്നിവർ പുതിയ കോച്ചിംഗ് സ്റ്റാഫായി പാക് നിരയ്‌ക്കൊപ്പം ചേർന്നു. സെപ്റ്റംബർ 9 മുതൽ എഡ്‌ജ്ബാസ്റ്റണിലാണ് മൂന്നാം ടെസ്റ്റ് നടക്കുന്നത്. ആദ്യ രണ്ട് മത്സരങ്ങളും തോറ്റ പാകിസ്ഥാൻ പരമ്പര വൈറ്റ്‌വാഷിൽ നിന്ന് രക്ഷപ്പെടാനുള്ള കടുത്ത ശ്രമത്തിലാണ്.

Also Read: ശ്രീലങ്കയ്ക്ക് കനത്ത തിരിച്ചടി; കന്നി വനിതാ ചാമ്പ്യൻസ് ട്രോഫി ഇന്ത്യയില്‍, പാക്കിസ്ഥാൻ കളിക്കില്ല